ബൂത്തുകളിൽ പോളിംഗ് ഓഫീസറുടെ തലയ്ക്ക് മുകളിൽ ക്യാമറനിരീക്ഷിക്കാൻ വെബ്വ്യൂയിങ്ങ് സംഘം
കാസർകോട്- കാസർകോട്ടെ 738 ബൂത്തുകളിൽ ലൈവ് വെബ്കാസ്റ്റിങ് ഏർപ്പെടുത്തുന്നതിന് മുന്നോടിയായി ഡി ഡി പി ഹാളിൽ ട്രയൽ റണ്ണും പോൾ മോണിറ്ററിങ് ട്രയലും നടന്നു. 87 ഉദ്യോഗസ്ഥരെയാണ് വെബ് വ്യൂയിങ്ങ് ചുമതലക്കായി നിയമിച്ചത്. 10 പേരെ പോൾ മോണിറ്ററിങ്ങിനും രണ്ട് പേരെ ഡെസിഗ്‌നേറ്റഡ് ഓഫീസർമാരായും നിയമിച്ചു. കാസർകോട് സിവിൽ സ്റ്റേഷൻ കോമ്പൗണ്ടിലെ കൺട്രോൾ റൂമിൽ ജില്ലാ കലക്ടർ, പൊലീസ് ഒബ്‌സർവർ, ജില്ലാ പൊലീസ് മേധാവി എന്നിവർ ജില്ലയിലെ ബൂത്തുകളിലെ സ്ഥിതിഗതികൾ തൽസമയം നിരീക്ഷിച്ച് നടപടികൾ സ്വീകരിക്കും.പോളിംഗ്ബൂത്തിൽപ്രിസൈഡിങ് ഓഫീസർ ഇരിക്കുന്നതിന് നേരെ മുകളിൽ ആണ് ക്യാമറ സ്ഥാപിക്കുക.
വോട്ട് രേഖപ്പെടുത്താൻ എത്തുന്ന ആളെ മാസ്‌ക് മാറ്റി ഫസ്റ്റ് പോളിങ് ഓഫീസർ തിരിച്ചറിയുന്നുണ്ടോയെന്ന് വെബ് വ്യൂയിങ്ങ് സംഘം പരിശോധിക്കും. ഇതിൽ അപാകം ഉണ്ടായാൽ ഫസ്റ്റ് പോളിങ് ഓഫീസറുമായി തത്സമയം ബന്ധപ്പെട്ട് നടപടി സ്വീകരിക്കും. ഫസ്റ്റ് പോളിങ് ഓഫീസർ വോട്ടറെ തിരിച്ചറിയുന്ന സമയം പോളിങ് ഏജന്റുമാർ അത് ശരിയാണോയെന്ന് പരിശോധിക്കണം. ആ സമയം എന്തെങ്കിലും എതിർ അഭിപ്രായം ഉണ്ടെന്ന് വെബ് വ്യൂയിങ്ങ് കണ്ടെത്തിയാൽ തത്സമയം ആ പോളിങ് ബൂത്തിലെ പ്രിസൈഡിങ് ഓഫീസറുമായി ബന്ധപ്പെടും. ബൂത്തുകളിൽ ഇരിക്കുന്ന പോളിങ് ഏജന്റുമാർക്ക് വോട്ടു ചെയ്യാനെത്തുന്ന വോട്ടറുമായി സംസാരിക്കാൻ അനുവാദമില്ല. അങ്ങനെ സംസാരിക്കുന്നതായി വെബ്വ്യൂയിങ്ങ് സംഘം കണ്ടെത്തിയാൽ അത് റിപ്പോർട്ട് ചെയ്യും.
ഒരു സമയം മൂന്നു പേർ മാത്രമേ ബൂത്തിൽ പാടുള്ളു. ഇതിൽ കൂടുതൽ ആളുകൾ ബൂത്തിലുണ്ടെന്ന് വെബ്വ്യൂയിങ്ങ് സംഘം കണ്ടെത്തിയാൽ റിപ്പോർട്ട് ചെയ്യും. പോളിങ് ഉദ്യോഗസ്ഥർ ഒരു കാരണവശാലും ബൂത്തിന് പുറത്തു പോകരുത്. അങ്ങനെ പോകുന്നത് വെബ് വ്യൂയിങ്ങ് സംഘം കണ്ടെത്തിയാൽ റിപ്പോർട്ട് ചെയ്യും. വെബ്കാസ്റ്റിങ് നടക്കുന്ന ബൂത്തുകളിൽ സാങ്കേതിക കാരണങ്ങളാലോ മറ്റോ കണക്ഷൻ വിച്ഛേദിക്കപ്പെട്ടാലും ഏതെങ്കിലും തരത്തിൽ അക്രമമോ സംഘർഷമോ ഉണ്ടായാലും ആ ബൂത്തുകളിലെ പോളിംഗ് നിർത്തിവെക്കും.