തലശ്ശേരി - യു.ഡി.എഫ് സ്ഥാനാർഥിയെ സാമൂഹ്യ മാധ്യമങ്ങളിലൂടെ അപമാനിച്ചതായി പരാതി. തലശ്ശേരി നിയോജക മണ്ഡലം യു.ഡി.എഫ് സ്ഥാനാർഥി എം.പി അരവിന്ദാക്ഷനെതിരെയാണ് ആരോപണം. ഗാന്ധിഘാതകരായ ആർ.എസ്.എസിന്റെ വോട്ട് വാങ്ങുന്നതിലും നല്ലത് ആത്മഹത്യയാണെന്നും തലശ്ശേരിയിലെ വർഗീയ ലഹളയിൽ ന്യൂനപക്ഷങ്ങളെ വേട്ടയാടിയ ആർ.എസ്.എസിന്റെ വോട്ട് ആവശ്യമില്ലെന്നും അരവിന്ദാക്ഷൻ പ്രസംഗിച്ചെന്നുമാണ് സാമൂഹ്യ മാധ്യമങ്ങളിലൂടെ പ്രചാരണം നടത്തുന്നത.്
നാമനിർദേശ പത്രികയുടെ സൂക്ഷ്മ പരിശോധനയിലും ഹൈക്കോടതിയിലും ബി.ജെ.പി പത്രിക തള്ളിക്കാൻ ശ്രമിച്ച അരവിന്ദാക്ഷന് വോട്ട് നൽകരുതെന്ന പോസ്റ്റാണ് സാമൂഹ്യ മാധ്യമങ്ങളിലൂടെ തിങ്കളാഴ്ച പ്രചരിച്ചത.് വർഗീയ ശക്തികൾക്ക് കുഴലൂത്ത് നടത്തുന്ന ആർ.എസ്.എസ് വോട്ട് പരസ്യമായി വേണ്ടെന്ന് പറയുന്ന അരവിന്ദാക്ഷനെ തറപറ്റിക്കണമെന്നുമാണ് പ്രചാരണം.
ഇതിനെതിരെ സ്ഥാനാർഥികൂടിയായ അരവിന്ദാക്ഷൻ രംഗത്ത് വരികയും ചെയ്തു. താൻ പ്രസംഗിച്ചതായി അവാസ്തവമായ കാര്യങ്ങൾ തെറ്റിദ്ധരിപ്പിക്കുന്ന രീതിയിൽ സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്നത് ശ്രദ്ധയിൽപ്പെട്ടെന്നും തലശ്ശേരിയുടെ മാറ്റത്തിനായി മണ്ഡലത്തിലെ മുഴുവൻ വോട്ടർമാരുടെയും വോട്ടുകൾ ആവശ്യമുണ്ടെന്നും നീച ശക്തികൾ തെറ്റിദ്ധരിപ്പിക്കുന്ന തരത്തിൽ നടത്തുന്ന പ്രചാരണം അതിന്റേതായ രീതിയിൽ തള്ളിക്കളയണമെന്നും വോട്ട് ചെയ്ത് വിജയിപ്പിക്കണമെന്നും അരവിന്ദാക്ഷൻ സോഷ്യൽ മീഡിയ വഴി മറുപടി നൽകി. പോസ്റ്റിന് പിന്നിൽ സി.പി.എം ആണെന്ന് യു.ഡി.എഫ് നേതാക്കൾ പറഞ്ഞു.