അവസാന ലാപിൽ അട്ടിമറി നടക്കുമോ തെക്കൻ കേരളത്തിൽ? അതൊരു വേള സംസ്ഥാനത്തിന്റെ രാഷ്ട്രീയ ചരിത്രത്തിൽ പുതിയ ഇന്നിംഗ്സ് എഴുതിച്ചേർക്കുമോ?
ഇരുമുന്നണികളും മാറിമാറി വിജയിക്കുന്നവയാണ് തിരുവനന്തപുരത്തെ മിക്ക മണ്ഡലങ്ങളും. സമീപകാലത്തെ പ്രധാന മാറ്റം ബിജെപിയുടെ വളർച്ച തന്നെയാണ്. ചരിത്രത്തിലാദ്യമായി 2016 ൽ നേമത്തിലൂടെ അവർ നിയമസഭയിലെത്തുകയും ചെയ്തു. ഇക്കുറി കൂടുതൽ മണ്ഡലങ്ങൾ ശക്തമായ പോരാട്ടം നടത്താനുള്ള ശ്രമത്തിലാണ് ബിജെപിയും എൻഡിഎയും. കെ മുരളീധരൻ രംഗത്തിറങ്ങിയതോടെ ഏറ്റവും ശ്രദ്ധേയമായ മണ്ഡലമായി നേമം മാറിയിരിക്കുന്നു. ബിജെപിയുടെ സമുന്നത നേതാവായ കുമ്മനത്തിന് ഒ രാജഗോപാലിന്റെ ചരിത്രം ആവർത്തിക്കാനാവുമോ എന്നതാണ് പ്രധാന ചോദ്യം. കഴിയില്ലെന്ന് ഒ രാജഗോപാൽ പോലും പരോക്ഷമായി പറഞ്ഞതു കേട്ടു. ഇപ്പോഴത്തെ സാഹചര്യത്തിൽ യുഡിഎഫുകാർ വോട്ടു മറിക്കില്ല എന്നതിനാൽ അതത്ര എളുപ്പമല്ല. ഇതിനിടയിൽ കഴിഞ്ഞ തവണത്തെ വോട്ട് നേടിയാൽ തന്നെ ജയിക്കാനാവുമെന്ന പ്രതീക്ഷയിലാണ് എൽഡിഎഫ് സ്ഥാനാർത്ഥിയും മുൻ എംഎൽഎയുമായ ശിവൻ കുട്ടി. എന്തായാലും സംസ്ഥാനത്തെ ഏറ്റവും ശക്തമായ മത്സരം നടക്കുന്ന മണ്ഡലമാണ് ഇന്ന് നേമം.
ശ്രദ്ധേയമായ മറ്റൊരു മണ്ഡലം വട്ടിയൂർകാവ് തന്നെ. 2011 ലും 16 ലും കെ മുരളീധരനായിരുന്നു വിജയം. 2016 ൽ എൽ.ഡി.എഫ് സ്ഥാനാർത്ഥി ടി എൻ സീമ മൂന്നാം സ്ഥാനത്തായി. മുരളീധരൻ വടകരയിൽ നിന്ന് ലോക്സഭയിലേക്ക് തെരഞ്ഞെടുക്കപ്പെട്ടതിനെ തുടർന്ന് നടന്ന മത്സരത്തിൽ എൽ ഡിഎഫ് മണ്ഡലം പിടിച്ചെടുത്തു. നഗരസഭ ഇക്കുറി പ്രശാന്തിനെ തന്നെ രംഗത്തിറക്കി സിപിഎം നയം വ്യക്തമാക്കി. യൂത്ത് കോൺഗ്രസ് സംസ്ഥാന സെക്രട്ടറി വീണ എസ് നായരാണ് യുഡിഎഫ് സ്ഥാനാർത്ഥി. ബിജെപി ജില്ലാ സെക്രട്ടറി വി വി രാജേഷിനെയാണ് എൻഡിഎ രംഗത്തിറക്കിയിരിക്കുന്നത്. കടുത്ത പോരാട്ടം തന്നെയാണ് വട്ടിയൂർക്കാവിൽ നടക്കുന്നത്. തിരുവനന്തപുരം മണ്ഡലത്തിലും പോരാട്ടം ശക്തമാണ്. യുഡിഎഫ് സ്ഥാനാർത്ഥി വി എസ് ശിവകുമാറിനെതിരെ എൽഡിഎഫിൽ മത്സരിക്കുന്നത് ജനാധിപത്യ കേരള കോൺഗ്രസിലെ ആന്റണി രാജുവാണ്. കഴിഞ്ഞ തവണ 11,000 ത്തോളം വോട്ടിനാണ് ശിവകുമാർ ആന്റണി രാജുവിനെ പരാജയപ്പെടുത്തിയത്. നടൻ കൃഷ്ണകുമാറാണ് എൻഡിഎ സ്ഥാനാർത്ഥി.
മൂന്നു തവണ കോൺഗ്രസിലെ വർക്കല കഹാർ കൈവശം വെച്ച വർക്കല 2016 ൽ അഡ്വ വി ജോയിയിലൂടെയാണ് എൽഡിഎഫ് തിരിച്ചുപിടിച്ചത്. 2000 ത്തിനു മുകളിലായിരുന്നു ഭൂരിപക്ഷം. ഇക്കുറി ബി ആർ എം ഷഫീറാണ് യുഡിഎഫ് സ്ഥാനാർഥി. ആറ്റിങ്ങലിൽ ഇടതുമുന്നണി ഒ എസ് അംബികയേയും യുഡിഎഫ് അഡ്വ എ ശ്രീധരനേയും എൻഡിഎ പി സുധീറിനേയും രംഗത്തിറക്കിയിരിക്കുന്നു. കഴിഞ്ഞ തവണ എൽഡിഎഫിലെ അഡ്വ ബി സത്യൻ വൻ ഭൂരിപക്ഷം നേടിയിരുന്നു. 44 വർഷമായി സിപിഎം കൈവശം വെച്ചിരിക്കുന്ന മണ്ഡലമാണ് വാമനപുരം. അഞ്ചു തവണ കോലിയക്കോട് കൃഷ്ണൻ നായരാണ് ജയിച്ചത്. കഴിഞ്ഞ തവണ ജയിച്ച ഡി.കെ. മുരളി തന്നെയാണ് ഇക്കുറി എൽഡിഎഫ് സ്ഥാനാർത്ഥി. ആനാട് ജയനാണ് യുഡിഎഫ് സ്ഥാനാർത്ഥി. 2016 ൽ സിറ്റിംഗ് എംഎൽഎയായിരുന്ന ജമീല പ്രകാശിനെ പരാജയപ്പെടുത്തി കോവളം മണ്ഡലം പിടിച്ചെടുത്ത എം വിൻസന്റ് തന്നെയാണ് ഇക്കുറി കോൺഗ്രസ് സ്ഥാനാർത്ഥി. ജെഡിഎസിലെ സീനിയർ നേതാവ് നീലലോഹിതദാസൻ നാടാരെയാണ് എൽഡിഎഫ് ഇറക്കിയിരിക്കുന്നത്. നാടാർ വിഭാഗത്തിന് ആധിപത്യമുള്ള മണ്ഡലം കൂടിയാണിത്. 10 വർഷമായി എംഎൽഎയായ സിപിഐ നേതാവ് വി ശശിക്കെതിരെ ചിറയൻകീഴിൽ ബി എസ് അനൂപാണ് യുഡിഎഫ് സ്ഥാനാർത്ഥി. കോർപറേഷൻ കൗൺസിലർ ആശാനാഥാണ് ബിജെപി സ്ഥാനാർത്ഥി. 2016 ൽ സിപിഐയിലെ സി ദിവാകരൻ 3621 വോട്ടുകൾക്ക് പാലോട് രവിയെ പരാജയപ്പെടുത്തിയ നെടുമങ്ങാട് ബിജെപിയിലെ വി വി രാജേഷ് 35,139 വോട്ടുകൾ നേടിയിരുന്നു. ഇക്കുറി സിപിഐക്കായി ജില്ലാ സെക്രട്ടറി അഡ്വ ജി ആർ അനിലും കോൺഗ്രസിനായി കെ പി സി സി സെക്രട്ടറി പി എസ് പ്രശാന്തും ബിജെപിക്കായി സംസ്ഥാന ട്രഷറർ ജെ ആർ പത്മകുമാറും മത്സരിക്കുന്നു. 1991 മുതൽ ജി കാർത്തികേയനും അദ്ദേഹത്തിന്റെ മരണ ശേഷം മകൻ കെ എസ് ശബരിനാഥനും വിജയിക്കുന്ന അരുവിക്കരയിൽ ജി സ്റ്റീഫനെ ഇറക്കിയാണ് സിപിഎം പോരാടുന്നത്. തമിഴ്നാട്ടുകാർ നിരവധി താമസിക്കുന്ന പാറശാലയിൽ ഇരുമുന്നണികളും മാറിമാറി ജയിക്കുന്ന ചരിത്രമാണുള്ളത്. 2016 ൽ വിജയിച്ച സി കെ ഹരീന്ദ്രനെ തന്നെ എൽഡിഎഫ് രംഗത്തിറക്കുമ്പോൾ അൻസജിത റസ്സലാണ് യുഡിഎഫ് സ്ഥാനാർത്ഥി. 25 വർഷമായി അദ്ദേഹം ജില്ലാ പഞ്ചായത്ത് അംഗമാണ്. കാട്ടാക്കടയിൽ എൽഡിഎഫിനായി സിറ്റിംഗ് എംഎൽഎ ഐ ബി സതീഷും യുഡിഎഫിനായി മലയിൻകീഴ് വേണുഗോപാലും എൻഡിഎക്കായി സീനിയർ നേതാവ് പി കെ കൃഷ്ണദാസും മത്സരിക്കുന്നു. നെയ്യാറ്റിൻകരയിൽ മുൻ എംഎൽഎ ആർ സെൽവരാജ് യുഡിഎഫിനായും കെ ആൻസൽ എൽഡിഎഫിനായും ചെങ്കൽ എസ് രാജശേഖരൻ എൻഡിഎക്കായും മത്സരിക്കുന്നു. കഴിഞ്ഞ തവണ 9000 ത്തോളം വോട്ടിന് ആൻസലിനായിരുന്നു വിജയം.
മാറിമാറി വരുന്ന രാഷ്ട്രീയ മനസ്സുിന് ഉടമകളാണ് പൊതുവിൽ കൊല്ലംകാരും. കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പിൽ 11 സീറ്റുകളും എൽഡിഎഫ് തൂത്തുവാരുകയായിരുന്നു. 50.7 ശതമാനമായിരുന്നു വോട്ട് വിഹിതം. യുഡിഎഫിന്റേത് 33.8 ശതമാനവും. തദ്ദേശ തെരഞ്ഞെടുപ്പിലും എൽഡിഎഫ് വൻ വിജയം നേടിയെങ്കിലും വോട്ട് വിഹിതം 43 ശതമാനമായിരുന്നു. യുഡിഎഫിന്റേത് 34.2 ഉം. എൻഡിഎ 19.6 ശതമാനം വോട്ട് നേടി. ആഴക്കടൽ മത്സ്യബന്ധന വിവാദത്തിന്റെ പശ്ചാത്തലത്തിൽ മന്ത്രി മേഴ്സിക്കുട്ടിയമ്മ മത്സരിക്കുന്ന കുണ്ടറയിലാണ് ഏറ്റവും ശക്തമായ മത്സരം നടക്കുന്നത്. 2006 ലും 2016 ലും എം എ ബേബി വിജയിച്ച ഇവിടെ 2016 ൽ രാജ്മോഹൻ ഉണ്ണിത്താനെ 30,000 ത്തോളം വോട്ടിനാണ് മേഴ്സിക്കുട്ടിയമ്മ പരാജയപ്പെടുത്തിയത്. ഇത്തവണയും അനായാസ വിജയം തന്നെയാണ് അവർ പ്രതീക്ഷിച്ചിരിക്കുന്നത്. എന്നാൽ മത്സ്യബന്ധന വിഷയത്തിൽ കൂടുതൽ കൂടുതൽ വിവരങ്ങളാണ് പുറത്തു വരുന്നത്. ഫിഷറീസ് മന്ത്രിക്കു മാത്രമല്ല, മുഖ്യമന്ത്രിക്കു പോലും കാര്യങ്ങൾ അറിയാമായിരുന്നു എന്നു വ്യക്തമാക്കുന്ന രേഖകൾ േപാലും അവസാനം പുറത്തുവന്നു. ഏറെ ചർച്ചകൾക്കും കാത്തിരിപ്പിനും ശേഷം കോൺഗ്രസിലെ യുവനേതാവ് പി സി വിഷ്ണുനാഥാണ് യുഡിഎഫ് സ്ഥാനാർത്ഥി. അസ്വാരസ്യങ്ങളുണ്ടെങ്കിലും ശക്തമായ രീതിയിൽ തന്നെ യുഡിഎഫ് രംഗത്തുണ്ട്. നിലവിലെ രാഷ്ട്രീയ സാഹചര്യത്തിൽ ഇരുകൂട്ടർക്കും വളരെ പ്രധാനമാണ് കുണ്ടറ ഫലം എന്നുറപ്പ്.