Sorry, you need to enable JavaScript to visit this website.

ഇന്റലിജന്‍സ് പാളി, ജവാന്‍മാരെ വളഞ്ഞിട്ട് വെടിവച്ചത് 400 മാവോയിസ്റ്റുകള്‍

റായ്പൂര്‍- ഛത്തീസ്ഗഢില്‍ അപ്രതീക്ഷിത മാവോയിസ്റ്റ് ആക്രമണത്തില്‍ 22 ജവാന്‍മാര്‍ കൊല്ലപ്പെട്ട സംഭവം വന്‍ ഇന്റലിജന്‍സ് വീഴ്ചയെന്ന് റിപോര്‍ട്ട്. പിടികിട്ടാപുള്ളികളായ മാവോയിസ്റ്റ് നേതാക്കളുടെ രഹസ്യ നീക്കത്തെ സംബന്ധിച്ച് ഇന്റലിജന്‍സിന് ലഭിച്ചു കൊണ്ടിരുന്ന രഹസ്യ വിവരം തെറ്റായിരുന്നുവെന്നും ഇത് മാവോയിസ്റ്റുകള്‍ ഒരുക്കിയ കെണിയായിരുന്നുവെന്നും സംശയിക്കപ്പെടുന്നു. മൂന്ന് ഭാഗത്തു നിന്നും പതുങ്ങിയെത്തിയ നാനൂറോളം മാവോയിസ്റ്റുകളാണ് സിആര്‍പിഎഫ് ജവാന്‍മാര്‍ക്കെതിരെ വലിയ കടന്നാക്രമണം നടത്തിയത്. നിരോധിത മാവോവാദി സംഘടനയായ പീപ്പ്ള്‍സ് ലിബറേഷന്‍ ഗറില്ല ആര്‍മിയുടെ ഒന്നാം ബറ്റാലിയന്‍ കമാന്‍ഡര്‍ മാധ്വി ഹിദ്മയും മറ്റൊരു നേതാവ് സുജാതയും ജഗര്‍ഗുണ്ഡ-ജോനഗുഡ മേഖലയില്‍ ഉണ്ടെന്നായിരുന്നു രഹസ്യ വിവരം. എന്നാല്‍ ഇതൊരു കെണിയും തെറ്റായ രഹസ്യവിവരമായിരുന്നുവെന്നുമാണ് ഔദ്യോഗിക വൃത്തങ്ങള്‍ ഇപ്പോള്‍ പറയുന്നത്. ഔദ്യോഗികമായി ഇക്കാര്യം സ്ഥിരീകരിച്ചിട്ടില്ല. 

ഈ രണ്ടു മാവോ നേതാക്കളേയും പിടികൂടാനായി ആറു ക്യാമ്പുകളില്‍ നിന്ന് രണ്ടായിരം അര്‍ധസൈനികരെ വിന്യസിച്ചിരുന്നു. ഈ സംഘത്തിലുള്‍പ്പെട്ട, വനയുദ്ധത്തില്‍ പ്രത്യേക പരിശീലനം ലഭിച്ച സിആര്‍പിഎഫിന്റെ കോബ്ര യൂണറ്റിലേയും ഡിസ്ട്രിക്ട് റിസര്‍വ് ഗാര്‍ഡിലേയും ജവാന്‍മാരാണ് ഒളി ആക്രമണത്തിനിരയായത്.

ഇന്റലിജന്‍സ് വിവര പ്രകാരം മേഖലയിലെത്തിയ അര്‍ദ്ധസൈനികരെ മാവോവാദികള്‍ യു ട്രാപ്പിട്ട് വളയുകയും തുരുതുരാ വെടിവയ്ക്കുകയുമായിരുന്നു. ജവാന്‍മാര്‍ സര്‍വ്വശക്തിയുമെടുത്ത് തിരിച്ചും വെടിവച്ചതോടെ കനത്ത പോര് നടന്നു. എന്നാല്‍ പൊടുന്നനെയുള്ള ഒളിയാക്രമണത്തില്‍ ജവാന്‍മാര്‍ പതറിയെന്നും റിപോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു. ജവാന്‍മാരുടെ ആയുധങ്ങള്‍ മാവോയിസ്റ്റുകള്‍ കൊള്ളയടിക്കുകയും ചെയ്തു. കൈവശമുള്ള വെടിക്കോപ്പുകള്‍ തീരുന്നതുവരെ ജവാന്‍മാര്‍ കാട്ടില്‍ ഒളിഞ്ഞിരുന്ന് തിരിച്ചും ആക്രമണം നടത്തി.

സര്‍ക്കാര്‍ 40 ലക്ഷം രൂപ തലയ്ക്ക് വിലയിട്ട പിടികിട്ടാപുള്ളി മാവോ നേതാവാണ് മാധ്വി ഹിദ്മ. 30കളിലാണ് ഇദ്ദേഹത്തിന്റെ പ്രായം. ഇത്തരം പല ഒളിയാക്രമണങ്ങളുടേയും ബുദ്ധികേന്ദ്രം ഹിദ്മയാണെന്ന് കരുതപ്പെടുന്നു. മാര്‍ച് 11ന് സുക്മയില്‍ 25 സിആര്‍പിഎഫ് ജവാന്‍മാരുടെ മരണത്തിനിടയാക്കിയ ആക്രമണവും 2013ല്‍ ജീരം വാലിയില്‍ 32 പേരുടെ മരണത്തിനിടയാക്കിയ ഒളിയാക്രമണത്തിനു പിന്നിലും ഹിദ്മയ്ക്ക് പങ്കുണ്ടെന്ന് സംശയിക്കപ്പെടുന്നു.

Latest News