ന്യൂ തേരി- ഉത്തരാഖണ്ഡിലെ തേരി ജില്ലയില്‍ കാട്ടിലേക്ക് വേട്ടയ്ക്കിറങ്ങിയ കൂട്ടൂകാരായ യുവാക്കളുടെ സംഘത്തില്‍ ഒരാളുടെ കയ്യിലെ തോക്കില്‍ നിന്നും അബദ്ധത്തില്‍ വെടിയുണ്ടയേറ്റ് മറ്റൊരാള്‍ മരിച്ചു. ഇതോടെ ആശങ്കയിലായ കൂടെയുണ്ടായിരുന്ന മൂന്ന് പേർ ആത്മഹത്യ ചെയ്തതായി അധികൃതര്‍ അറിയിച്ചു. തേരി ജില്ലയിലെ കുന്തി വനത്തിലാണ് സംഭവം. കൂടെയുള്ള കൂട്ടുകാരൻ കൊല്ലപ്പെട്ടതിൽ മനംനൊന്താകാം മൂന്ന് പേരും ജിവനൊടുക്കിയതെന്ന് എസ്.ഡി.എം പി.ആര്‍ ചൗഹാന്‍ പറഞ്ഞു.
ഏഴു പേരടങ്ങുന്ന സംഘമാണ് ശനിയാഴ്ച രാത്രി വേട്ടയ്ക്കായി വനത്തിലേക്കു പോയത്. കൂടെയുണ്ടായിരുന്ന സുഹൃത്തുക്കള്‍ വിവരമറിയിച്ചതിനെ തുടര്‍ന്നാണ് സംഭവം നാട്ടുകാര്‍ അറിയുന്നത്. സംഘത്തെ നയിച്ചിരുന്ന 22കാരന്‍ രാജീവ് ലോഡ് ചെയ്ത തോക്കുമായി നടക്കുന്നതിനിടെ തെന്നി വീഴുകയായിരുന്നു. വീഴ്ചയില്‍ തോളിലുണ്ടായിരുന്ന തോക്ക് പൊട്ടി തൊട്ടടുത്തുണ്ടായിരുന്ന സന്തോഷിന് വെടിയുണ്ടയേറ്റു. സന്തോഷ് കൊല്ലപ്പെട്ടതോടെ കൂടെയുള്ളവര്‍ ആശങ്കയിലായി. തോക്കുമായി രാജീവ് ഓടി രക്ഷപ്പെട്ടു. ഇതോടെ ഭയന്ന ശോഭന്‍, പങ്കജ്, അര്‍ജുന്‍ എന്നീ മൂന്നു പേരും കീടനാശിനി കഴിച്ച് ആത്മഹത്യ ചെയ്യുകയായിരുന്നു. ഇവര്‍ക്കൊപ്പമുണ്ടായിരുന്ന രാഹുല്‍, സുമിത് എന്നീ യുവാക്കളാണ് വനത്തിനു പുറത്തെത്തി സംഭവം നാട്ടുകാരെ അറിയിച്ചത്. നാട്ടുകാരുടെ സഹായത്തോടെ മൂന്ന് പേരേയും ആശുപത്രിയിലെത്തിച്ചെങ്കിലും രണ്ടും പേര്‍ നേരത്തെ മരിച്ചിരുന്നു. ശോഭന്‍ ചികിത്സയിലിരിക്കെയാണ് മരിച്ചത്. മരിച്ചവരെല്ലാം 18നും 22നുമിടയില്‍ പ്രായമുള്ളവരാണ്. സംഭവം വിശദമായി അന്വേഷിച്ചു വരികയാണെന്ന് തേരി ജില്ലാ മജിസ്‌ട്രേറ്റ് ഇവ ആശിഷ് ശ്രീവാസ്തവ അറിയിച്ചു.






