Sorry, you need to enable JavaScript to visit this website.

ഒറ്റ ദിവസം ഒരു ലക്ഷത്തിലേറെ കേസുകള്‍; ഇന്ത്യയില്‍ കോവിഡ് പുതിയ ഉയരത്തില്‍

ന്യൂദല്‍ഹി- ഇന്ത്യയില്‍ ആദ്യമായി ഒറ്റ ദിവസത്തെ പുതിയ കോവിഡ് കേസുകള്‍ ഒരു ലക്ഷം കടന്നു. കൊറോണ വൈറസ് വ്യാപനം തുടങ്ങിയതിനു ശേഷം ആദ്യമായി 1.01 ലക്ഷം ഒരു ദിവസം മാത്രം റിപോര്‍ട്ട് ചെയ്തു. ഇതില്‍ പകുതിയിലേറെയും മഹാരാഷ്ട്രയിലാണ്. ഇതുവരെ റിപോര്‍ട്ട് ചെയ്യപ്പെട്ട ഒറ്റ ദിവസത്തെ ഏറ്റവും ഉയര്‍ന്ന നിരക്ക് 97,849 ആയിരുന്നു. കഴിഞ്ഞ വര്‍ഷം സെപ്തംബര്‍ 16നായിരുന്നു ഇത്. 24 മണിക്കൂറിനിടെ 57,000ലേറെ പുതിയ കേസുകള്‍ റിപോര്‍ട്ട് ചെയ്തതോടെ മഹാരാഷ്ട്രയില്‍ നിയന്ത്രണങ്ങള്‍ ശക്തിപ്പെടുത്തി. വാരാന്ത്യ ലോക്ഡൗണും നൈറ്റ് കര്‍ഫ്യൂവും ഏര്‍പ്പെടുത്തി. മഹാരാഷ്ട്ര കൂടാതെ പഞ്ചാബ്, ഛത്തീസ്ഗഢ് എന്നീ സംസ്ഥാനങ്ങളിലാണ് സാഹചര്യം രൂക്ഷമായി തുടരുന്നത്. കോവിഡ് രണ്ടാം തരംഗം ശക്തിപ്രാപിച്ചതോടെ പ്രധാനമന്ത്രി നരേന്ദ്ര മോഡി സാഹചര്യം വിലയിരുത്താന്‍ പ്രത്യേക യോഗം വിളിച്ചു ചേര്‍ത്ത ദിവസം തന്നെയാണ് ഒരു ലക്ഷം കേസുകള്‍ പിന്നിട്ടത്. കഴിഞ്ഞ ദിവസത്തെ കോവിഡ് മരണം 490 ആണ്.

ഞായറാഴ്ച 57,074 കേസുകള്‍ റിപോര്‍ട്ട് ചെയ്ത മഹാരാഷ്ട്രയില്‍ മുംബൈയിലും പുനെയിലുമാണ് ഏറെ കേസുകളും. പൂനെയില്‍ 12,472 പേര്‍ക്കും മുംബൈയില്‍ 11,206 പേര്‍ക്കും കഴിഞ്ഞ ദിവസം കോവിഡ് പോസിറ്റീവായി. 

ഛത്തീസ്ഗഢില്‍ തുടര്‍ച്ചയായ രണ്ടാം ദിവസം പുതിയ കേസുകള്‍ അയ്യായിരം കടന്നു. പഞ്ചാബില്‍ മുവ്വായിരും കേസുകളും റിപോര്‍ട്ട് ചെയ്തു. ദല്‍ഹി, ഉത്തര്‍ പ്രദേശ്, കര്‍ണാടക സംസ്ഥാനങ്ങളില്‍ ദിവസേന നാലായിരം എന്ന തോതിലാണ് പുതിയ കേസുകള്‍. 

ഇതോടെ ഇന്ത്യയില്‍ കോവിഡ് ബാധിച്ചവരുടെ ആകെ എണ്ണം 1.25 കോടിയായി. ഇപ്പോള്‍ ഏഴു ലക്ഷം പേരാണ് കോവിഡ് ബാധിതരായി ചികിത്സയിലുള്ളത്. ഇവരില്‍ 4.3 ലക്ഷം പേരും മഹാരാഷ്ട്രയിലാണ്. 

Latest News