ആലപ്പുഴ- കേരളത്തിന്റെ കടൽസമ്പത്ത് അമേരിക്കൻ കമ്പനിക്ക് തീറെഴുതി, കോടികളുടെ അഴിമതി നടത്താൻ ശ്രമിച്ച എൽ .ഡി .എഫ് സർക്കാരിനെതിരായ ജനവികാരം ഈ തെരഞ്ഞെടുപ്പിൽ രാഷ്ട്രീയ സുനാമി പോലെ ആഞ്ഞടിക്കുമെന്ന് എ .ഐ .സി സി ജനറൽ സെക്രട്ടറി കെ സി വേണുഗോപാൽ എം.പി. കടലിന്റെ മക്കളുടെ സ്വപ്നങ്ങളെയും ജീവിത മാർഗത്തെയും ഒറ്റുകൊടുത്ത പിണറായി സർക്കാറിന്റെ കടൽക്കൊള്ള രാഷ്ട്രീയ കേരളം കണ്ട ഏറ്റവും വലിയ കുംഭകോണമാണ്. കടലിനോടും ജീവിതപ്രാരബ്ധങ്ങളോടും നിരന്തരം പോരാടി നഷ്ടത്തിന്റെ കണക്കു മാത്രം ബാക്കിവെക്കുന്ന പാവപ്പെട്ട ലക്ഷോപലക്ഷം മത്സ്യത്തൊഴിലാളികളുടെ ജീവിതോപാധി മുടക്കാൻ ശ്രമിച്ച പിണറായി സർക്കാറിന് മത്സ്യത്തൊഴിലാളി സമൂഹം ഒരിക്കലും മാപ്പു നൽകില്ലെന്ന് കെ. സി വേണുഗോപാൽ അഭിപ്രായപ്പെട്ടു. കേരളത്തിലെ മത്സ്യത്തൊഴിലാളികളോട് ഈ സർക്കാർ കാണിച്ച കൊടുംവഞ്ചന ഏപ്രിൽ ആറിന് കേരളത്തിന്റെ രാഷ്ട്രീയ ഭാവി നിശ്ചയിക്കുന്ന വേളയിൽ ഓരോ മത്സ്യത്തൊഴിലാളിയുടെയും മനസിലുണ്ടാവണം. പാവപ്പെട്ട മത്സ്യത്തൊഴിലാളികളെ വഞ്ചിച്ച് കേരളത്തിന്റെ മത്സ്യസമ്പത്ത് കൊള്ളയടിക്കാൻ ഒത്താശ ചെയ്തുകൊടുത്ത പിണറായി സർക്കാർ ഇക്കാര്യത്തിൽ നടത്തിയ ഒളിച്ചുകളികളെല്ലാം പൊളിയുകയായിരുന്നു. അമേരിക്ക ആസ്ഥാനമായി പ്രവർത്തിക്കുന്ന ഇ .എം .സി .സി ഇന്റർനാഷണൽ പ്രൈവറ്റ് ലിമിറ്റഡ് എന്ന ബഹുരാഷ്ട്ര കമ്പനിക്ക് കേരളത്തിന്റെ മത്സ്യസമ്പത്തും തീരദേശവും തീറെഴുതി നൽകി അവരുടെ ജീവിതോപാധി പോലും വിലപേശി വിൽപന നടത്താൻ തുനിഞ്ഞ സർക്കാർ ചരിത്രത്തിലെ ഏറ്റവും വലിയ ചതിയാണ് കാട്ടിയത്. രണ്ടു പ്രളയങ്ങൾ ഉണ്ടായപ്പോഴും തങ്ങളുടെ ജീവൻ പണയം വെച്ച് ആയിരക്കണക്കിനാളുകളെ രക്ഷിക്കാൻ മുന്നിട്ടിറങ്ങിയ കേരളത്തിന്റെ സ്വന്തം സൈന്യത്തോടാണ് പിണറായി സർക്കാർ ഈ വഞ്ചന കാട്ടിയത്. ആഴക്കടൽ മത്സ്യലഭ്യത കുറഞ്ഞത് മൂലം പട്ടിണിയിലും ദുരിതത്തിലുമാണ് കേരളത്തിലെ മത്സ്യത്തൊഴിലാളികൾ. അപ്പോഴാണ് കടലിന്റെ അടിത്തട്ട് വരെ അരിച്ചു വാരാൻ ശേഷിയുള്ള അത്യാധുനിക ട്രോളറുകളും കൂറ്റൻ കപ്പലുകളും ഉപയോഗിച്ചുള്ള മത്സ്യബന്ധനത്തിന് അനുമതി നൽകുന്ന ധാരണാപത്രത്തിന് ഇ എം സി സി കമ്പനിയുമായി സർക്കാർ ഒപ്പിട്ടത്. പ്രതിപക്ഷം ഇതുസംബന്ധമായ തെളിവുകൾ ഓരോന്നായി പുറത്തുകൊണ്ടു വന്നപ്പോൾ നിൽക്കക്കള്ളിയില്ലാതെ ഓരോ കളവും വിഴുങ്ങേണ്ടുന്ന ഗതികേടിലായിരുന്നു സർക്കാർ. ഈ കരാർ യാഥാർഥ്യമായിരുന്നെങ്കിൽ മത്സ്യത്തൊഴിലാളികൾക്ക് ജീവിക്കാൻ വകയില്ലാതെ മറ്റു തൊഴിലിടങ്ങൾ തേടേണ്ടി വരുമായിരുന്നു. ഈ കൊടുംവഞ്ചനക്ക് കേരളത്തിലെ മത്സ്യത്തൊഴിലാളി സമൂഹം മാപ്പു നൽകില്ലെന്ന് കെ .സി വേണുഗോപാൽ പ്രസ്താവിച്ചു.