കാസര്‍കോട്- മംഗളുരുവിനടുത്ത ഉള്ളാള്‍ കെ.സി റോഡില്‍ 13 കാരനെ കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ പ്രായപൂര്‍ത്തിയാകാത്ത കുട്ടിയെ പോലീസ് അറസ്റ്റ് ചെയ്തു. പബ്ജി ഗെയിമുമായി ബന്ധപ്പെട്ട് ഉണ്ടായ തര്‍ക്കങ്ങളാണ് കൊലപാതകത്തിന് കാരണമെന്ന് പോലീസ് അറിയിച്ചു.ശനിയാഴ്ച രാത്രി മുതല്‍ കാണാതായ കെ.സി റോഡ് കോട്ടെക്കാറിലെ മുഹമ്മദ് ഹനീഫിന്റെ മകന് അകീഫിന്റെ മൃതദേഹം ഞായറാഴ്ച രാവിലെ ആറ് മണിയോടെയാണ് വീട്ടില്‍ നിന്ന് മൂന്ന് കി.മീ. അകലെ കെ.സി നഗറിലെ ഫലാഹ് സ്കൂളിന്റെ പിറകില്‍ കണ്ടെത്തിയത്. വലിയ കല്ല് കൊണ്ട് തലയില്ഇടിച്ചു പരിക്കേല്‍പ്പിച്ച നിലയിലായിരുന്നു മൃതദേഹം.
പബ്ജി ഗെയിമില്‍ സ്ഥിരമായി വിജയിച്ചിരുന്ന ആളായിരുന്നു അകീഫ്.മൊബൈല്‍ ഷോപ്പിലേക്കുള്ള സന്ദര്‍ശനത്തിനിടെ അയല്‍വാസിയായ ആണ്‍കുട്ടിയെ കണ്ടു. തുടര്‍ന്ന് രണ്ട് പേരും ഓണ്‍ലൈനില്‍ പബ്ജി ഗെയിം കളിച്ചു. ഗെയിമില്‍ അകീഫ് ആണ്‍കുട്ടിയെ പരാജയപ്പെടുത്തി. ഇതില്‍ അത്ഭുതപ്പെട്ട കുട്ടി അകീഫിന് വേണ്ടി വേറെ ആരോ ആണ് ഗെയിം കളിക്കുന്നതെന്ന് സംശയം പ്രകടിപ്പിക്കുകയും ഒരേ സ്ഥലത്ത് നേര്‍ക്ക് നേര് ഇരുന്ന് കളിക്കാന്‍ അകീഫിനെ വെല്ലുവിളിക്കുകയും ചെയ്തു. അകീഫ് വെല്ലുവിളി സ്വീകരിച്ചു.അത് പ്രകാരം ശനിയാഴ്ച വൈകുന്നേരം ഒരിടത്ത് ഇരുന്ന് കളിക്കുകയും അകീഫ് തോല്‍ക്കുകയും ചെയ്തു. തുടര്‍ന്ന് ഇവര്‍ തമ്മില്‍ വാക്കേറ്റവും കയ്യാങ്കളിയുമായി. അകീഫ് ആണ്‍കുട്ടിയുടെ നേരെ കല്ലെറിഞ്ഞുവെന്നും ഇതില്‍ പ്രകോപിതനായ ആണ്‍കുട്ടി അകീഫിനെ വലിയ കല്ലുകൊണ്ട് ഇടിച്ചുവെന്നും പോലീസ് പറഞ്ഞു. സ്ഥലത്തുതന്നെ മരിച്ച അകീഫിനെ മതിലിനടുത്ത് വലിച്ച് കൊണ്ട് പോയി വാഴയിലയും തെങ്ങിന്റെ ഓലയും കൊണ്ട് മറച്ച് പ്രതി ഓടി രക്ഷപ്പെട്ടു.ഞായറാഴ്ച രാവിലെ മൃതദേഹം കണ്ട് നാട്ടുകാര്‍ പോലീസിനെ വിവരമറിയിക്കുകയായിരുന്നു. സംഭവത്തില്‍ ആണ്‍കുട്ടി തനിച്ചാണോ അതോ മറ്റാരെങ്കിലുമുണ്ടോ എന്നറിയാന്‍ പ്രദേശത്തുള്ള സി.സി.ടി.വി ദൃശ്യങ്ങളും പോലീസ് പരിശോധിക്കുകയാണ്.സ്ഥലം സന്ദര്‍ശിച്ച സിറ്റി പോലീസ് കമ്മീഷണര്‍ ശശികുമാര്‍, കുട്ടികള്‍ക്ക് മൊബൈല്‍ ഫോണുകള്‍ കൈമാറുമ്പോള്‍ വളരെ ജാഗ്രത പാലിക്കണമെന്ന് മാതാപിതാക്കളോട് ആവശ്യപ്പെട്ടു. പബ്ജി നിരോധിച്ചിട്ടുണ്ടെങ്കിലും ഇപ്പോഴും ഉപയോഗിക്കുന്നതായും അദ്ദേഹം പറഞ്ഞു.






