ഓട്ടോയില്‍ കയറി പ്രസംഗവേദിയിലെത്തി, അണികള്‍ക്ക് ആവേശമായി രാഹുല്‍

തിരുവനന്തപുരം- കോഴിക്കോട് നിന്ന് ഹെലിക്കോപ്റ്ററില്‍ തിരുവനന്തപുരത്ത് എത്തിയ രാഹുല്‍ ഗാന്ധി ഹെലിപ്പാഡില്‍ നിന്ന് നേമത്തെ വേദിയിലേക്ക് വന്നത് ഓട്ടോറിക്ഷയില്‍. ഇത് പ്രവര്‍ത്തകരില്‍ ആവേശമുയര്‍ത്തി.
കോഴിക്കോട് റോഡ് ഷോക്ക് ശേഷമാണ് രാഹുല്‍ തിരുവനന്തപുരത്ത് എത്തിയത്. പരസ്യപ്രചാരണം അവസാനിക്കാന്‍ ഏതാനും മണിക്കൂറുകള്‍ മാത്രം ബാക്കി നില്‍ക്കെ അദ്ദേഹം നേമത്ത് പ്രസംഗിച്ചു. സ്ഥാനാര്‍ഥി മുരളീധരന്റെ കൈപിടിച്ചുയര്‍ത്തി ഇത് കേരളത്തിന്റെ സ്ഥാനാര്‍ഥിയാണെന്നും രാഹുല്‍ പറഞ്ഞു.
രാഹുല്‍ ഗാന്ധി കോഴിക്കോടും നേമം മണ്ഡലത്തിലുമാണ് റോഡ്‌ഷോയില്‍ പങ്കെടുത്തത്. കേന്ദ്ര  സര്‍ക്കാരിനെയും സംസ്ഥാന സര്‍ക്കാരിനെയും രൂക്ഷമായി വിമര്‍ശിച്ച രാഹുല്‍ ഗാന്ധി ആര്‍.എസ്.എസും ബി.ജെ.പിയും കേരളത്തെ വിഭജിക്കാന്‍ ശ്രമിക്കുകയാണെന്നും പറഞ്ഞു. കേരളത്തിന്റെ ഭാവി തീരുമാനിക്കപ്പെടുന്ന തിരഞ്ഞെടുപ്പാണ്. നേമത്ത് കെ. മുരളീധരന്‍ മികച്ച വിജയം നേടുമെന്നും രാഹുല്‍ പറഞ്ഞു.

വട്ടിയൂര്‍ക്കാവ്, കഴക്കൂട്ടം, തിരുവനന്തപുരം എന്നീ മണ്ഡലത്തിലെ സ്ഥാനാര്‍ഥികളും വേദിയിലുണ്ടായിരുന്നു.

 

Latest News