Sorry, you need to enable JavaScript to visit this website.

സൗദിയില്‍ കോവിഡ് കേസുകള്‍ കൂടുന്നു, കർശന താക്കീതുമായി ആഭ്യന്തര മന്ത്രാലയം

റിയാദ്- സൗദിയില്‍ കോവിഡ് കേസുകളും മരണങ്ങളും വീണ്ടും വർധിച്ച സാഹചര്യത്തില്‍ നടപടികള്‍ കർശനമാക്കി ആഭ്യന്തര മന്ത്രാലയം. കോവിഡ് വർധിക്കുന്ന സാഹചര്യത്തില്‍ യാതൊരു വിധ ദാക്ഷിണ്യവുമുണ്ടാകില്ലെന്ന് ആഭ്യന്തര മന്ത്രാലയം മുന്നറിയിപ്പ് നല്‍കി. ക്വാറന്‍റൈന്‍ പാലിക്കുന്നതടക്കമുള്ള  നിർദ്ദേശങ്ങളും ആരോഗ്യ മന്ത്രാലയം മുന്നോട്ടുവെക്കുന്ന  മുന്‍കരുതല്‍ നടപടികളും  പാലിക്കാത്തവർക്കെതിരെ ശക്തമായ നടപടികള്‍ സ്വീകരിക്കുമെന്ന്  ആഭ്യന്തര മന്ത്രാലയത്തിന്‍റെ സുരക്ഷാ വക്താവ് വാർത്താ സമ്മേളനത്തില്‍ പറഞ്ഞു.


കഴിഞ്ഞ മാസങ്ങളില്‍ കുറഞ്ഞുവന്ന കോവിഡ് ബാധ വീണ്ടും വർധിക്കുന്നതാണ് കാണുന്നത്.
കോവിഡ് നിയന്ത്രിക്കുന്നതിനായി ഏർപ്പെടുത്തിയ ചട്ടങ്ങളുടെ ലംഘനമാണ് രോഗബാധയും മരണങ്ങളും ഭയപ്പെടുത്തുന്ന വിധത്തില്‍ വർധിപ്പിക്കുന്നത്.


സ്ഥാപനങ്ങളും വ്യക്തികളും  മുൻകരുതലുകൾ പാലിക്കുന്നതില്‍ വീഴ്ച തുടരുകയാണ്.പൊതു സ്ഥലങ്ങളില്‍ സുരക്ഷാ ലംഘനങ്ങള്‍ തടയുന്നതിനും മുന്‍കരുതല്‍ ഉറപ്പാക്കുന്നതിനും നടപടികള്‍ തുടരുന്നുണ്ട്.  


  പൊതു സ്ഥലങ്ങൾ, പാർപ്പിട സമീപസ്ഥലങ്ങൾ, വിശ്രമ കേന്ദ്രങ്ങൾ  എന്നിവിടങ്ങളില്‍ മുൻകരുതൽ നടപടികൾ ലംഘിക്കുന്നവരെ സുരക്ഷാ അധികൃതർ അറസ്റ്റ് ചെയ്യുന്നുണ്ട്. ഇത് ശക്തമായി തുടരും.  
കിംവദന്തികളും തെറ്റായ വിവരങ്ങളും പ്രചരിപ്പിക്കുന്നവർക്ക്  തടവും പിഴയും ശിക്ഷ വിധിക്കും.
കഴിഞ്ഞ ഒരാഴ്ചയ്ക്കിടെ 27000 ലേറെ മുൻകരുതൽ ലംഘനങ്ങളാണ് പിടികൂടിയത്.
നിയമലംഘകർക്കെതിരെ ആവശ്യമായ നടപടികൾ സ്വീകരിച്ചിട്ടുണ്ട്.

കർശന നടപടികൾ നടപ്പാക്കാതിരിക്കാൻ. കൊറോണ വൈറസ് തടയുന്നതിനായി നിരവധി സുപ്രധാന കാര്യങ്ങൾ പാലിക്കാൻ ആരോഗ്യ മന്ത്രാലയം എല്ലാവരോടും ആവശ്യപ്പെടുന്നു:

 പ്രതിരോധ കുത്തിവെപ്പ് എടുക്കുക,   മാസ്ക് ധരിക്കുക,
ശാരീരിക അകലം പാലിക്കുക,     ഒത്തുചേരലുകള്‍ ഒഴിവാക്കുക ,    കൈകള്‍ അണുവിമുക്തമാക്കുന്നതിന് പതിവായി കഴുകുക തുടങ്ങിയ നിർദേശങ്ങള്‍ കർശനമായി പാലിക്കണമെന്നാണ് ആരോഗ്യ മന്ത്രാലയം ആവശ്യപ്പെടുന്നത്.

Latest News