മുംബൈ-കോവിഡ് വ്യാപനം രൂക്ഷമായതോടെ മഹാരാഷ്ട്രയിൽ കർശന നിയന്ത്രണങ്ങൾ ഏർപ്പെടുത്തി. ശനി, ഞായർ ദിവസങ്ങളിൽ സംസ്ഥാനത്ത് പൂർണ്ണമായ ലോക്ക് ഡൗണും മറ്റ് ദിവസങ്ങളിൽ കർശന നിയന്ത്രണങ്ങളും ഏർപ്പെടുത്തി.
രാത്രി 8 മുതൽ രാവിലെ 7 മണി വരെ കർഫ്യൂ ഏർപ്പെടുത്തി. റസ്‌റ്റോറന്റുകളിലും ഹോട്ടലുകളിലും പാർസൽ സർവീസുകൾ മാത്രമെ അനുവദിക്കൂ. ഉദ്യോഗസ്ഥർ വർക്ക് ഫ്രം ഹോം ചെയ്യണമെന്നും സർക്കാർ ആവശ്യപ്പെട്ടു. വിശദമായ മാർഗരേഖ ഉടൻ പുറത്തിറക്കുമെന്ന് മന്ത്രി അസ്‌ലം ഷെയ്ഖ് അറിയിച്ചു. തിയേറ്ററുകളും വിദ്യാഭ്യാസ സ്ഥാപനങ്ങളും അടച്ചിടും. നിർമാണ പ്രവൃത്തികൾ നിയന്ത്രണങ്ങളോടെയും മുൻകരുതലുകളോടെയും തുടരാം. ആൾക്കൂട്ടങ്ങൾ അനുവദിക്കില്ല. നേരത്തെ മുൻ മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്‌നാവിസ്, മഹാരാഷ്ട്ര നവനിർമാൺ സേന നേതാവ് രാജ് താക്കറെ എന്നിവരുമായി മുഖ്യമന്ത്രി ഉദ്ധവ് താക്കറെ ഫോണിൽ ബന്ധപ്പെട്ടിരുന്നു. നേരത്തെ സംസ്ഥാനത്തെ സിനിമവ്യാവസായ രംഗത്തെ പ്രമുഖരുമായും വിവിധ സംഘടനാ നേതാക്കളുമായും മുഖ്യമന്ത്രി സംസാരിച്ചിരുന്നു.