അമേരിക്കയില്‍ ഇന്ത്യന്‍ എഞ്ചിനീയറെ വെടിവെച്ച് കൊന്നു, വിദ്വേഷ കൊലയെന്ന് റിപ്പോര്‍ട്ട്

ഗ്രേറ്റർ സെന്റ് ലൂയിസ്- അമേരിക്കയില്‍ ഇന്ത്യക്കാരനായ സോഫ്റ്റ് വെയർ എന്‍ജിനീയറെ വെടിവെച്ച് കൊലപ്പെടുത്തി. മിസോറിയിൽ നടന്ന കൊലപാതകം വിദ്വേഷ കുറ്റകൃത്യമെന്ന് സംശയിക്കുന്നു.  ഒരാളെ പോലീസ് കസ്റ്റിഡിയിലെടുത്തിട്ടുണ്ട്.

മധ്യപ്രദേശിലെ ഭോപ്പാൽ സ്വദേശിയായ 32 കാരന്‍ ഷെരീഫ് റഹ്മാൻ ഖാനാണ് കൊല്ലപ്പെട്ടത്. ബുധനാഴ്ച മിസോറിയിലെ സെന്റ് ലൂയിസിലെ യൂണിവേഴ്സിറ്റി സിറ്റി അപ്പാർട്ട്മെന്റിൽ വെടിയേറ്റ നിലയില്‍ കണ്ടെത്തിയെ ഖാനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും ചികിത്സക്കിടെ മരിച്ചു.  
തുടർന്ന് നടത്തിയ പോലീസ് അന്വേഷണത്തിൽ കൊലപാതകവുമായി ബന്ധപ്പെട്ട് കോൾ ജെ മില്ലർ എന്ന 23 കാരനെ അറസ്റ്റുചെയ്തു.
മരിച്ച ഇന്ത്യൻ എഞ്ചിനീയറുടെ ഒരു സുഹൃത്തുമായി മില്ലറിന് പ്രണയ ബന്ധം ഉണ്ടായിരുന്നുവെന്ന് പോലീസ് പറഞ്ഞു. ബുധനാഴ്ച ഖാന്റെ സുഹൃത്ത് താമസിച്ചിരുന്ന യൂണിവേഴ്സിറ്റി സിറ്റി അപ്പാർട്ട്മെന്റിൽ മില്ലർ എത്തിയപ്പോള്‍ ഖാനും അവിടെ ഉണ്ടായിരുന്നു. ഖാനും മില്ലറും തമ്മിൽ തർക്കമുണ്ടായെന്നും  ഖാൻ മില്ലറെ മർദിച്ചുവെന്നും തുടർന്നാണ് മില്ലർ വെടിവെച്ചതെന്നും ദൃക്സാക്ഷികളെ ഉദ്ധരിച്ചുള്ള റിപ്പോർട്ടില്‍ പറയുന്നു.  
അതേസമയം, വിദ്വേഷ കുറ്റകൃത്യമാണിതെന്നും റിപ്പോർട്ടുകളില്‍ പറയുന്നു.

 

Latest News