Sorry, you need to enable JavaScript to visit this website.

ചില്‍ഡ്രന്‍സ് ഹോം അന്തേവാസികളുടെ ഈസ്റ്റര്‍ ആഘോഷം അവിസ്മരണീയമാക്കി രാഹുല്‍ഗാന്ധി

കല്‍പ്പറ്റ- രാഹുല്‍ഗാന്ധി എംപിയുടെ സാന്നിധ്യം മുട്ടില്‍ എടപ്പെട്ടി ജീവന്‍ജ്യോതി ചില്‍ഡ്രസ് ഹോം അന്തേവാസികളുടെ ഈസ്റ്റര്‍ ആഘോഷം അവിസ്മരണീയമാക്കി. തെരഞ്ഞെടുപ്പു പ്രചാരണത്തിരക്കിനിടയിലും ഒരു മണിക്കൂറോളം ജീവന്‍ജ്യോതിയില്‍ ചെലവഴിച്ച രാഹുല്‍ അന്തേവാസികളുടെ കലാപരിപാടികള്‍ ആസ്വദിച്ചും അവര്‍ക്കൊപ്പം ഭക്ഷണം കഴിച്ചുമാണ് മടങ്ങിയത്.

ബാലനീതി നിയമപ്രകാരം രജിസ്റ്റര്‍ ചെയ്തു പ്രവര്‍ത്തിക്കുന്ന സ്ഥാപനമാണ് ജീവന്‍ജ്യോതി. ആരാധനാമഠം സന്ന്യാസിനീസമൂഹം നടത്തുന്ന സ്ഥാപനത്തില്‍  പ്രത്യേക സംരക്ഷണം ആവശ്യമുള്ള 18 വയസില്‍ താഴെയുള്ള 33 പെണ്‍കുട്ടികളാണ് ഉള്ളത്. ഈസ്റ്റര്‍ ആഘോഷത്തിനും അതിഥിയെ സ്വീകരിക്കുന്നതിനും  ജീവന്‍ജ്യോതിയില്‍ ഒരുക്കം നേരത്തേ തുടങ്ങിയിരുന്നു.

വെള്ളമുണ്ടയിലെ തെരഞ്ഞെടുപ്പ് പ്രചാരണയോഗത്തിനുശേഷം ഉച്ചയക്കു 12.15ഓടെയാണ് രാഹുല്‍ഗാന്ധി ജീവന്‍ജ്യോതിയില്‍ എത്തിയത്. എഐസിസി ജനറല്‍ സെക്രട്ടറി കെ.സി. വേണുഗോപാല്‍ എംപി,  ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സംഷാദ് മരയ്ക്കാര്‍, കെപിസിസി വൈസ് പ്രസിഡന്റും യുഡിഎഫ് കല്‍പ്പറ്റ മണ്ഡലം സ്ഥാനാര്‍ഥിയുമായ ടി. സിദ്ദിഖ്, യുഡിഎഫ് ജില്ലാ കണ്‍വീനര്‍ എന്‍.ഡി. അപ്പച്ചന്‍, കല്‍പ്പറ്റ നിയോജകമണ്ഡലം ചെയര്‍മാന്‍ റസാഖ് കല്‍പ്പറ്റ, മില്‍മ മുന്‍ ചെയര്‍മാന്‍ പി.ടി. ഗോപാലക്കുറുപ്പ്  തുടങ്ങിയവര്‍ കൂടെ ഉണ്ടായിരുന്നു. എടപ്പെട്ടി സെന്റ് സെബാസ്റ്റ്യന്‍സ് പള്ളി വികാരി റവ.ഡോ.തോമസ് ജോസഫ് തേരകം, ജീവന്‍ ജ്യോതി ഡയറക്ടര്‍ സിസ്റ്റര്‍ കൃപ എസ്എബിഎസ്, ഫാ.ജയിംസ് ചക്കിട്ടക്കുടി, സിസ്റ്റര്‍ ഗ്രേസി എസ്എബിഎസ് തുടങ്ങിയവരുടെ നേതൃത്വത്തില്‍ രാഹുലിനെയും സംഘത്തെയും സ്വീകരിച്ചു. ഈസ്റ്റര്‍ ആശംസകള്‍ അറിയിച്ച രാഹുല്‍ഗാന്ധിക്കു മുന്നില്‍ കുട്ടികള്‍ നൃത്തവും നാടപാട്ടും അവതരിപ്പിച്ചു. ജീവന്‍ജ്യോതിയിലെ സാഹചര്യങ്ങളും സ്ഥാപന നടത്തിപ്പിലെ പ്രശ്‌നങ്ങളും ഡയറക്ടറോടു രാഹുല്‍ ചോദിച്ചറിഞ്ഞു.

 

ഇതിനിടെ സഹോദരി പ്രിയങ്കഗാന്ധിക്കു വീഡിയോ കാള്‍ ചെയ്ത രാഹുല്‍ കുട്ടികളില്‍ ഇംഗ്ലീഷ് വശമുള്ള എട്ടാം ക്ലാസുകാരി എയ്ഞ്ചലിനു സംസാരിക്കാനും അവസരമൊരുക്കി. ഈസ്റ്റര്‍ പ്രമാണിച്ചു ജീവന്‍ജ്യോതിയില്‍ വിഭവസമൃദ്ധമായ സദ്യ ഒരുക്കിയെങ്കിലും രാഹുല്‍ ചപ്പാത്തിയും പച്ചക്കറികളുമാണ് കഴിച്ചത്. ജീവന്‍ജ്യോതിയില്‍നിന്നിറങ്ങിയ രാഹുല്‍ സമീപത്തെ സെന്റ് സെബാസ്റ്റ്യന്‍സ് പള്ളിയില്‍ പ്രാര്‍ഥിച്ചശേഷം ഓട്ടോറിക്ഷയിലാണ് ഹെലികോപ്ടര്‍ നിര്‍ത്തിയിട്ടിരുന്ന എസ്.കെ.എം.ജെ ഹൈസ്‌കൂള്‍ ഗ്രൗണ്ടിലെത്തിയത്.
 

Latest News