Sorry, you need to enable JavaScript to visit this website.

ഗബ്ബര്‍സിംഗ് കളിക്കാന്‍ കേരളത്തില്‍ അമിത്ഷായെ സി.പി.എമ്മും ഇടതുപക്ഷവും അനുവദിക്കില്ല-ബൃന്ദ കാരാട്ട്

കല്‍പറ്റ-കേരളത്തില്‍ തെരഞ്ഞെടുപ്പില്‍ ജയിക്കുന്നതിനു  കേന്ദ്ര ഏജന്‍സികളെ  ആഭ്യന്തരമന്ത്രി അമിത്ഷാ ദുരുപയോഗം ചെയ്യുകയാണെന്നു സി.പി.എം പോളിറ്റ് ബ്യൂറോ അംഗം ബൃന്ദ കാരാട്ട് പാര്‍ട്ടി വയനാട്  ജില്ലാ കമ്മിറ്റി ഓഫീസില്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.

വിവാദ സ്വര്‍ണക്കടത്തുകേസുമായി ബന്ധപ്പെട്ടു കേരള മുഖ്യമന്തിയോടു ഉന്നയിച്ച ചോദ്യങ്ങള്‍ക്കു അമിത്ഷാ മറുപടി അര്‍ഹിക്കുന്നില്ല. എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിനെ കേന്ദ്ര സര്‍ക്കാര്‍ രാഷ്ട്രീയനേട്ടത്തിനു ഉപകരണമാക്കി. കേന്ദ്ര സര്‍ക്കാരിന്റെ അരുതായ്മകള്‍ക്കെതിരെ രംഗത്തുവരുന്നവരെ നിശബ്ദരാക്കുന്നതിനു അമിത്ഷായും കൂട്ടരും കേന്ദ്ര ഏജന്‍സികളെ ആയുധമാക്കുകയും ജനാധിപത്യത്തെ വെല്ലുവിളിക്കുകയുമാണ്. പക്ഷേ, സി.പി.എമ്മിനെയും എല്‍.ഡി.എഫിനെയും നശിപ്പിക്കാനോ ദുര്‍ബലപ്പടുത്താനോ അമിത്ഷായ്ക്കു കഴിയില്ല. ഷോലെ സിനിമയിലെ വില്ലന്‍ ഗബ്ബര്‍സിംഗ് കളിക്കാന്‍ കേരളത്തില്‍ അമിത്ഷായെ സി.പി.എമ്മും ഇടതുപക്ഷവും അനുവദിക്കില്ല.


രാജ്യവ്യാപകമായി കൊമ്രേഡ്-കോണ്‍ഗ്രസ് രാഷ്ട്രീയമാണ് കാണാന്‍ കഴിയുന്നതെന്ന അമിത്ഷായുടെ പ്രസ്താവന പരിഹാസ്യമാണ്. കേരളത്തില്‍ യു.ഡി.എഫുമായാണ് ബി.ജെ.പിയുടെ രാഷ്ട്രീയ ചങ്ങാത്തം. രാജ്യത്തെവിടെയും ബി.ജെപിയെയും ആര്‍.എസ്.എസിനെയും എതിരിടുന്നതു സി.പി.എമ്മും ഇടതുപക്ഷവുമാണ്. വാഷിംഗ് മെഷീനുമായി രാജ്യം മുഴുവന്‍ കറങ്ങുന്ന മോഡിയും അമിത്ഷായും കോണ്‍ഗ്രസ് എം.പി-എം.എല്‍.എമാരെ ബി.ജെ.പി-ആര്‍.എസ്.എസുകാരാക്കുകയാണ്.

ഉപ്പുവെച്ച കലം പോലെയായി കോണ്‍ഗ്രസ്. എട്ടു സംസ്ഥാനങ്ങളില്‍ ജനം ബി.ജെ.പിക്കെതിരെ വോട്ടുചെയ്‌തെങ്കിലും അതു രാഷ്ട്രീയമായി പ്രയോജനപ്പെടുത്താന്‍ കോണ്‍ഗ്രസിനായില്ല. അമിത്ഷാ രാജ്യസഭാംഗമാക്കിയ സിനിമാനടനാണ് സുരേഷ് ഗോപി. നാമനിര്‍ദേശ പത്രിക തള്ളിപ്പോയ  മണ്ഡലങ്ങളില്‍ എന്‍.ഡി.എ വോട്ട് യു.ഡി.എഫിനു നല്‍കുമെന്നാണ് അദ്ദേഹം പറഞ്ഞത്.

ഗുരുവായൂര്‍ മണ്ഡലത്തില്‍ ബി.ജെ.പിക്കാര്‍ മുസ്‌ലിംലീഗിനു വോട്ടുചെയ്യുമെന്നും വ്യക്തമാക്കി. ഇതുവഴി ബി.ജെപിക്കു യു.ഡി.എഫും മുസ്‌ലിം മതമൗലിക പ്രസ്ഥാനങ്ങളുമായുള്ള ബന്ധം അംഗീകരിക്കുകയാണ് സുരേഷ്‌ഗോപി ചെയ്തത്. ഇതേക്കുറിച്ചു പ്രതികരിക്കാന്‍ അമിത്ഷാ തയാറാകുന്നില്ല. അതിനുള്ള കാരണം അദ്ദേഹം വ്യക്തമാക്കണം.
പോകുന്നിടത്തെല്ലാം വര്‍ഗീയവിഷം വിതയ്ക്കുന്ന രാഷ്ട്രീയക്കാരനാണ് അമിത്ഷാ. ജനങ്ങള്‍ക്കിടയില്‍ വര്‍ഗീയതും  വിദ്വേഷവും  ജനിപ്പിക്കുന്നതാണ് അദ്ദേഹത്തിന്റെ പ്രസംഗങ്ങള്‍. യഥാര്‍ഥത്തില്‍ അമിത്ഷാ ഇന്ത്യയുടെ ആഭ്യന്തരമന്ത്രിയല്ല, വിദ്വേഷത്തിന്റെ മന്ത്രിയാണ്. സാമുദായിക ഐക്യം തകര്‍ക്കാനുള്ള പദ്ധതികളാണ് ദേശവ്യാപകമായി ബി.ജെ.പിയും ആര്‍.എസ്.എസും നടപ്പിലാക്കുന്നത്.
രണ്ട് പട്ടികവര്‍ഗ സംവരണ മണ്ഡലങ്ങളുള്ള ജില്ലയാണ് വയനാട്. എന്നാല്‍ കഴിഞ്ഞ ദിവസം മീനങ്ങാടിയിലെത്തിയ  അമിത്ഷാ  വയനാട്ടിലെ ആദിവാസി ജനവിഭാഗങ്ങളെക്കുറിച്ചു ഒരു വാക്കുപോലും പറഞ്ഞില്ല. കേന്ദ്ര വനാവകാശനിയമം മോദി സര്‍ക്കാര്‍ പൂര്‍ണമായും അട്ടിമറിച്ചു. പട്ടികവര്‍ഗക്കാര്‍ക്കു അവകാശമുള്ള വനഭൂമി വന്‍കിട ഖനന സ്ഥാപനങ്ങള്‍ക്കു കൈമാറി.  
നിയമസഭാ തെരഞ്ഞെടുപ്പില്‍ സംസ്ഥാനത്തു ഇടതു തരംഗം അലയടിക്കുകയാണ്. നിലതെറ്റി നില്‍ക്കുകയാണ് കോണ്‍ഗ്രസും സഖ്യ കക്ഷികളും. വോട്ടെടുപ്പിനു മുമ്പേ കനത്ത തോല്‍വി സമ്മതിച്ച യു.ഡി.എഫ് അവസാനത്തെ ആയുധമെന്ന നിലയില്‍ സര്‍ക്കാരിനും ഇടതുമുന്നണിക്കുമെതിരെ നുണകളുടെ കെട്ടഴിക്കുകയാണെന്നും ബൃന്ദ കാരാട്ട് പറഞ്ഞു.  സിപിഎം കേന്ദ്ര സമിതിയംഗം പി.കെ.ശ്രീമതി, സംസ്ഥാന സമിതിയംഗം സി.കെ.ശശീന്ദ്രന്‍ എം.എല്‍.എ, ജില്ലാ സെക്രട്ടറി പി.ഗഗാറിന്‍ എന്നിവരും പങ്കെടുത്തു.

Latest News