മീറത്ത്- പതിനാലുകാരിയെ ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയ കേസില്‍ രക്ഷപ്പെടാന്‍ ശ്രമിച്ച 18 കാരനെ പോലീസ് വെടിവെച്ച് പിടിച്ചു. ഉത്തര്‍പ്രദേശിലെ മീറത്തിലാണ് സംഭവം.
ഒരേ ട്യൂഷന് ക്ലാസില്‍ പഠിക്കുന്ന പെണ്‍കുട്ടിയേയാണ് ലഖന്‍ എന്ന പ്രതി മൂന്ന് കൂട്ടുകാരോടൊപ്പം ബലാത്സംഗം ചെയ്തത്. പെണ്‍കുട്ടിക്ക് വിഷം നല്‍കിയിരുന്നുവെന്ന് മതാപാതിക്കള് പറയുമ്പോള്‍ പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ടില്‍ ഇക്കാര്യം വ്യക്തമായിട്ടില്ല.
വീട്ടിലെത്തിയ ഉടന്‍ തളര്‍ന്നുവീണ പെണ്‍കുട്ടി ലഖന്റെ പേരു മാത്രമാണ് പറഞ്ഞത്. മറ്റു മൂന്ന് പേരെ അറിയില്ലെന്നും പറഞ്ഞു.
പോലീസ് പിടികൂടി കോടതിയില്‍ ഹാജരാക്കി തിരിച്ചു കൊണ്ടുവരുന്നതിനിടെ പോലീസുകാരന്റെ തോക്ക് കൈക്കലാക്കി പ്രതി രക്ഷപ്പെടാന്‍ ശ്രമിക്കുകയായിരുന്നു. മീറത്ത് റോഡില്‍ വെച്ചായിരുന്നു സംഭവം.
പോലീസ് വാഹനത്തിന്റെ ജനലിലൂടെ പുറത്തിറങ്ങിയ പ്രതിക്ക് കൈയാമം ഉണ്ടായിരുന്നുവെങ്കിലും പോലീസിനുനേരെ നിറയൊഴിച്ചുവെന്നും പറയുന്നു. പോലീസ് കാലിനു വെടിവെച്ചാണ് പ്രതിയെ പിടികൂടിയത്.
ഒളിവില്‍ പോയ മറ്റു പ്രതികള്‍ക്ക് വേണ്ടി പോലീസ് അന്വേഷണം ഊര്‍ജിതമാക്കിയതായി മീറത്ത് എസ്.പി കേശവ് കുമാര്‍ പറഞ്ഞു. ലഖനും മറ്റുമെതിരെ പോക്സോ പ്രകാരം കേസേടുത്തു.






