പാര്‍ട്ടി തന്നെയാണ് വലുത്, ജയരാജന്‍ പറഞ്ഞതില്‍ ഒരു കുഴപ്പവുമില്ല- പിണറായി

തിരുവനന്തപുരം- പി. ജയരാജന്റെ ഫെയ്‌സ്ബുക്ക് പോസ്റ്റില്‍ ഒരു കുഴപ്പവുമില്ലെന്നും പിന്നാലെ കൂടേണ്ടെന്നും മുഖ്യമന്ത്രി പിണറായി വിജയന്‍. പാര്‍ട്ടിതന്നെയാണ് സുപ്രീം. പി. ജയരാജന്‍ പറഞ്ഞ കാര്യങ്ങളെല്ലാം വസ്തുതയാണ്. അതിലെന്താണ് തെറ്റെന്നും മുഖ്യമന്ത്രി ചോദിച്ചു. വാര്‍ത്താ സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.


മുഖ്യമന്ത്രിക്കു കിട്ടുന്ന ജനപിന്തുണയില്‍ ആരും അസ്വസ്ഥരാകേണ്ടെന്നും അദ്ദേഹം പറഞ്ഞു.   എവിടെയെങ്കിലും പോകുമ്പോള്‍ കുഞ്ഞുങ്ങള്‍ പോലും സ്‌നേഹം പ്രകടിപ്പിക്കുകയാണ്. ആളുകളുടെ സ്‌നേഹപ്രകടനം എല്‍ഡിഎഫിനോടുള്ള  അഭിനിവേശമാണ്. ഇതെല്ലാം കണ്ട് കമ്യൂണിസ്റ്റുകാര്‍ക്ക് ഒന്നും തോന്നാന്‍ പാടില്ലെന്നും അദ്ദേഹം പറഞ്ഞു. കമ്യൂണിസ്റ്റുകാര്‍ വ്യക്തിപൂജയില്‍ അഭിരമിക്കുന്നവരല്ല.


സ്‌നേഹപ്രകടനങ്ങളും ആവേശപ്രകടനങ്ങളും കാണുമ്പോള്‍ ഇതെല്ലാം എന്റെ കേമത്തരമാണെന്ന തോന്നി തലയ്ക്ക് വല്ലാതെ കനം കൂടിയാല്‍ അതൊരു പ്രശ്‌നമായി മാറും. കമ്യൂണിസ്റ്റുകാര്‍ക്ക് സാധാരണ അത് ഉണ്ടാകാറില്ല. തോന്നിയാല്‍ പാര്‍ട്ടി തിരുത്തും. എന്റെ കാര്യത്തില്‍ അത്തരം ധാരാളം ആവേശപ്രകടനങ്ങള്‍ കണ്ടിട്ടുണ്ട്. അതുകൊണ്ടൊന്നും എന്റെ രീതിയില്‍ വ്യത്യാസം വരില്ല. ഒരു കമ്യൂണിസ്റ്റുകാരന്‍ കാത്തു സൂക്ഷിക്കേണ്ട ജാഗ്രത പാലിച്ച് മുന്നോട്ടുപോകും- പിണറായി പറഞ്ഞു.
കേരളത്തിലെ മാധ്യമങ്ങളില്‍ പലതിനെയും വിലക്കെടുത്തിരിക്കയാണ്. നേരത്തെ വിലക്കെടുത്തിട്ടുണ്ട്. അതുകൊണ്ടാണ് നിങ്ങള്‍ക്കെല്ലാവര്‍ക്കും ജയരാജന്റെ ഫേസ്ബുക്ക് കുറിപ്പ് ഭയങ്കര വാര്‍ത്തയാക്കണമെന്ന് തോന്നുന്നത്. ജയരാജന്‍ പാര്‍ട്ടിക്കെതിരെ യാതൊന്നും പറഞ്ഞില്ല. പക്ഷേ, അതിനെ വക്രീകരിച്ച് അവതരിപ്പിക്കുകയാണ് മാധ്യമങ്ങള്‍ ചെയ്തത്. ഇത് സിന്‍ഡിക്കേറ്റല്ല, ഇത് വിലക്കെടുക്കലാണ് -പി. ജയരാജന്റെ ഫേസ്ബുക്ക് കുറിപ്പ് വായിച്ച് മുഖ്യമന്ത്രി പറഞ്ഞു.

 

Latest News