തിരുവനന്തപുരം - രണ്ടാഴ്ചയിലധികം നീണ്ട അത്യന്തം വാശിയേറിയ പരസ്യപ്രചാരണത്തിന് ഇന്ന് സമാപനം. വൈകുന്നേരം ഏഴിനു ആളും ആരവവും ഒഴിയും. പിന്നെ ഒരു പകൽ നീളുന്ന നിശബ്ദ പ്രചാരണത്തിനൊടുവിൽ കേരളം പോളിംഗ് ബൂത്തിലേക്ക്.
തെരഞ്ഞെടുപ്പ് കമ്മീഷൻ കൊട്ടിക്കലാശം ഒഴിവാക്കി കർശന നിയന്ത്രണം പ്രഖ്യാപിച്ച സാഹചര്യത്തിൽ അവസാന ദിവസം ഗംഭീരമാക്കാനുള്ള വ്യത്യസ്തമായ പ്രചാരണ പരിപാടികൾ ആസൂത്രണം ചെയ്യുന്ന തിരക്കിലാണ് മുന്നണികൾ. ഇന്നലെ പലേടത്തും കൊട്ടിക്കലാശത്തിന് സമാനമായ പരിപാടികൾ അരങ്ങേറി. കോവിഡ് മാനദണ്ഡങ്ങൾ കർശനമായി പാലിക്കണമെന്നും നിയന്ത്രണങ്ങൾ ലംഘിച്ചാൽ നടപടിയെടുക്കുമെന്നും തെരഞ്ഞെടുപ്പ് കമ്മീഷൻ അറിയിച്ചു. പോളിംഗിനുള്ള ഒരുക്കങ്ങളെല്ലാം പൂർത്തിയായിട്ടുണ്ട്.
കൊട്ടിക്കലാശമില്ലാത്തതിനാലാണ് ഏഴ് മണി വരെ പരസ്യ പ്രചാരണത്തിന് സമയം അനുവദിച്ചത്. ഒരു മാസം നീണ്ട പ്രചാരണങ്ങൾക്കാണ് തിരശീല വീഴുന്നത്. തുടർന്നുള്ള മണിക്കൂറുകളിൽ നിശബ്ദപ്രചാരണത്തിന്റേയും വിജയമുറപ്പിക്കാനുള്ള അവസാനവട്ട കണക്കുകൂട്ടലിന്റേയും തിരക്കിലായിരിക്കും മുന്നണികൾ.
ഇരട്ടവോട്ട് തടയാൻ അതിർത്തികൾ അടച്ചുള്ള ക്രമീകരണം ഏർപ്പെടുത്തുമെന്ന് തെരഞ്ഞെടുപ്പ് കമ്മീഷൻ അറിയിച്ചിട്ടുണ്ട്. പോളിംഗിന് 72 മണിക്കൂറിന് മുമ്പ് തന്നെ ബൈക്ക് റാലികൾക്ക് നിരോധം ഏർപ്പെടുത്തിയിരുന്നു. വോട്ടർമാരെ സ്വാധീനിക്കുന്ന തരത്തിലുള്ള സൗജന്യ ഭക്ഷണ വിതരണം, സൗജന്യ പാർട്ടികൾ, പാരിതോഷികങ്ങളുടെ വിതരണം തുടങ്ങിയവ അനുവദിക്കില്ല. സ്ഥാനാർഥിക്കൊപ്പം പര്യടനം നടത്തുന്ന വാഹനങ്ങളിൽ നിയമവിരുദ്ധ പ്രവർത്തനങ്ങളോ ആയുധങ്ങളോ ഇല്ലെന്ന് ഉദ്യോഗസ്ഥർ ഉറപ്പുവരുത്തും. ഇതിനായി പ്രത്യേക സ്‌ക്വാഡുകളുടെ നിരീക്ഷണവും ഏർപ്പെടുത്തും.
ചെക്ക്‌പോസ്റ്റുകളിലും പരിശോധന കൂടുതൽ ശക്തമാക്കിയിട്ടുണ്ട്. തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട സുതാര്യവും സുഗമവുമായ തെരഞ്ഞെടുപ്പ് പ്രക്രിയ ഉറപ്പുവരുത്തുന്നതിന് അതത് നിയോജക മണ്ഡലങ്ങളിൽ വോട്ടർമാരല്ലാത്ത വ്യക്തികളുടെ സാന്നിധ്യം പ്രചാരണ സമയത്തിന് ശേഷം മണ്ഡലത്തിൽ അനുവദിക്കില്ല. തെരഞ്ഞെടുപ്പ് അവസാനിക്കുന്നതിന് മുമ്പുള്ള 48 മണിക്കൂർ മുതൽ തെരഞ്ഞെടുപ്പ് സമയം അവസാനിക്കുന്നതുവരെ ഉച്ചഭാഷിണികളോ അനൗണ്‌സ്‌മെന്റുകളോ പാടില്ല. ഗസ്റ്റ് ഹൗസുകളിൽ ഉൾപ്പടെ ആളുകൾ അനധികൃതമായി കൂട്ടം കൂടുന്നുണ്ടോയെന്ന് പ്രത്യേക സംഘം നിരീക്ഷിക്കും. ഇവിടെ സ്ഥാനാർഥികളോ രാഷ്ട്രീയ പാർട്ടി പ്രതിനിധികളോ വോട്ടർമാരെ സ്വാധീനിക്കുന്നില്ലെന്നും ഉറപ്പാക്കുമെന്നും തെരഞ്ഞെടുപ്പ് കമ്മീഷൻ അറിയിച്ചു.
തെരഞ്ഞെടുപ്പിന്റെ അവസാന മണിക്കൂറിൽ പല മണ്ഡലങ്ങളിലെയും ഫലങ്ങൾ പ്രവചനാതീതമായി മാറിയിട്ടുണ്ട്. ബി.ജെ.പി ഉയർത്തുന്ന വെല്ലുവിളി ഏത് തരത്തിൽ ആയിരിക്കും എന്നതിനെ ആശ്രയിച്ചായിരിക്കും ഓരോ മണ്ഡലങ്ങളിലെയും ജയപരാജയങ്ങൾ. ബി.ജെ.പി പരമാവധി വോട്ടുകൾ നേടാനുള്ള ശ്രമത്തിലാണ്. പ്രധാനമന്ത്രി അടക്കമുള്ളവരെ ഇറക്കി തെരഞ്ഞെടുപ്പ് പ്രചാരണം കൊഴുപ്പിക്കുകയും ചെയ്തു. ശബരിമല അടക്കമുള്ള പ്രശ്‌നങ്ങളാണ് ബി.ജെ.പി പ്രധാനമായും ചർച്ചയാക്കുന്നതെങ്കിൽ കഴിഞ്ഞ അഞ്ച് വർഷക്കാലത്തെ പ്രവർത്തനങ്ങളും കേന്ദ്ര സർക്കാരിനെതിരായ വിഷയങ്ങളുമാണ് എൽ.ഡി.എഫിന്റെ പ്രധാന ചർച്ചാ വിഷയം. സംസ്ഥാന-കേന്ദ്ര സർക്കാരുകൾക്ക് എതിരെയാണ് യു.ഡി.എഫിന്റെ പ്രധാന പ്രചാരണം.
വടക്കൻ കേരളത്തിൽ ഇന്നലെ രാഹുലും അമിത് ഷായും പ്രചാരണത്തിന് നേതൃത്വം നൽകി. രാഹുലിന്റെ തട്ടകമായ വയനാട്ടിലായിരുന്നു അമിത് ഷാ. സി.പി.എം-ബി.ജെ.പി ധാരണയെക്കുറിച്ച ആരോപണം ഉയർത്തിയാണ് രാഹുലിന്റെ പ്രസംഗങ്ങൾ. കോൺഗ്രസ് മുക്ത ഭാരതം എന്ന് പറയുന്ന ബി.ജെ.പി എന്തുകൊണ്ട് സി.പി.എം മുക്ത ഭാരതം എന്ന് പറയുന്നില്ല എന്ന് രാഹുൽ ചോദിച്ചു. ഇന്ന് അദ്ദേഹം തിരുവനന്തപുരത്തേക്ക് വരും.
നിയമസഭാ തെരഞ്ഞെടുപ്പിലെ പോളിംഗ് വേളയിൽ കള്ളവോട്ട് തടയാൻ ഇടുക്കി ജില്ലയിലെ അതിർത്തി ചെക്പോസ്റ്റുകൾ അടച്ച് കേന്ദ്രസേനയെ വിന്യസിക്കുമെന്ന് തെരഞ്ഞെടുപ്പ് കമ്മീഷൻ ഹൈക്കോടതിയെ അറിയിച്ചു. ഇടുക്കി ജില്ലയിലെ യു.ഡി.എഫ് സ്ഥാനാർഥികൾ നൽകിയ ഹരജിയിലാണ് കമ്മീഷൻ നിലപാടറിയിച്ചത്. ഇരട്ടവോട്ടുകളുള്ള അരൂരിലെ 39 ബൂത്തുകളിൽ വീഡിയോഗ്രഫി ഏർപ്പെടുത്തുന്നത് പരിഗണിക്കാൻ തെരഞ്ഞെടുപ്പ് കമ്മീഷന് ഹൈക്കോടതി നിർദേശം നൽകി. ഇരട്ട വോട്ടുകൾ തടയാൻ നടപടിയെടുക്കണമെന്ന് ആവശ്യപ്പെട്ട് അരൂർ, ദേവികുളം, പീരുമേട്, ഉടുമ്പഞ്ചോല മണ്ഡലങ്ങളിലെ സ്ഥാനാർഥികളാണ് ഹൈക്കോടതിയെ സമീപിച്ചത്. അരൂരിലെ 39 ബൂത്തുകളിലായി മൂവായിരത്തിൽ അധികം ഇരട്ടവോട്ടുണ്ടെന്നും ഈ ബൂത്തുകളിൽ സ്വന്തം ചെലവിൽ വീഡിയോഗ്രഫി ഏർപ്പെടുത്താൻ അനുവദിക്കണമെന്നുമായിരുന്നു യു.ഡി.എഫ് സ്ഥാനാർഥി ഷാനിമോൾ ഉസ്മാന്റെ ആവശ്യം.
എന്നാൽ, സ്ഥാനാർഥികളുടെ ആവശ്യപ്രകാരം വീഡിയോ ചിത്രീകരണത്തിന് അനുമതി നൽകാനാകില്ലെന്ന നിലപാട് തെരഞ്ഞെടുപ്പ് കമ്മീഷൻ കോടതിയെ അറിയിച്ചു. അരൂരിലെ 46 ശതമാനം ബൂത്തുകളിൽ ഇപ്പോൾ തന്നെ വെബ്കാസ്റ്റിങ് ഉണ്ടെന്നും കമ്മീഷൻ വ്യക്തമാക്കി. എന്നാൽ, സ്ഥാനാർഥി ചൂണ്ടിക്കാട്ടിയ ബൂത്തുകളിൽ കൂടി വീഡിയോഗ്രഫി പരിഗണിക്കണമെന്ന് കോടതി കമ്മീഷന് നിർദേശം നൽകുകയായിരുന്നു.
കേരളത്തിലും തമിഴ്നാട്ടിലും വോട്ടുള്ള ചിലർ തമിഴ്നാട്ടിൽ വോട്ട് ചെയ്തശേഷം അതിർത്തി കടന്നെത്തുമെന്നും ഇത് തടയാൻ ചെക്പോസ്റ്റുകളിൽ വാഹനപരിശോധന കർശനമാക്കണമെന്നുമായിരുന്നു പീരുമേട്, ദേവികുളം, ഉടുമ്പൻചോല മണ്ഡലങ്ങളിലെ യു.ഡി.എഫ് സ്ഥാനാർഥികളുടെ ആവശ്യം. കേരള-തമിഴ്നാട് ചീഫ് സെക്രട്ടറിമാർ ചർച്ച ചെയ്ത് ചെക്പോസ്റ്റുകൾ ഈ മാസം അഞ്ച്, ആറ് തീയതികളിൽ അടച്ചിടാൻ നേരത്തെ തീരുമാനിച്ചിട്ടുണ്ട്. കൂടാതെ അതിർത്തികളിൽ കേന്ദ്രസേനയെ വിന്യസിക്കുന്നുണ്ടെന്നും തെരഞ്ഞെടുപ്പ് കമ്മീഷൻ ഹൈക്കോടതിയെ അറിയിച്ചു. തെരഞ്ഞെടുപ്പു നടപടികളിൽ കോടതി ഇടപെടുന്നത് ഉചിതമല്ലെന്ന് കമ്മീഷൻ അഭിപ്രായപ്പെട്ടു. കമ്മീഷന്റെ വിശദീകരണത്തിന്റെ അടിസ്ഥാനത്തിൽ ഹരജികൾ ഹൈക്കോടതി തീർപ്പാക്കുകയായിരുന്നു.