Sorry, you need to enable JavaScript to visit this website.

Error message

Notice: Undefined variable: app_root in include_once() (line 861 of /var/www/html/sites/default/settings.php).

'ക്യാപ്റ്റനെ' പിന്തുണച്ച് എ.വിജയരാഘവൻ

കൊച്ചി - മുഖ്യമന്ത്രി പിണറായി വിജയനെ ക്യാപ്റ്റൻ എന്ന് വിളിക്കുന്നതിനെ സി.പി.എം സംസ്ഥാന സെക്രട്ടറിയുടെ ചുമതല വഹിക്കുന്ന എൽ.ഡി.എഫ് കൺവീനർ എ.വിജയരാഘവൻ പിന്തുണച്ചു. മികച്ച നേതൃപാടവമുള്ളയാളാണ് മുഖ്യമന്ത്രി. അദ്ദേഹത്തെ ജനങ്ങൾക്ക് ഇഷ്ടമാണ്. മുഖ്യമന്ത്രിയെന്ന നിലയിൽ അദ്ദേഹത്തെ ഇഷ്ടപ്പെടുന്നവരാണ് പേരുകൾ നൽകുന്നത്. അത് മുഖ്യമന്ത്രിക്കുളള അംഗീകാരമാണെന്നും വിജയരാഘവൻ പറഞ്ഞു. 
പരാജയഭീതി കൊണ്ടാണ് തെരഞ്ഞെടുപ്പു പ്രചാരണത്തിന്റെ അവസാന നാളുകളിൽ പ്രതിപക്ഷ നേതാവ് പ്രതിദിന വ്യാജ പ്രചാരണ പരിപാടി നടത്തുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ചെന്നിത്തലയുടെ പ്രതിദിന ആക്ഷേപ പരിപാടി കേരളത്തിലെ ജനങ്ങൾ അപ്പാടെ തള്ളിക്കളയുമെന്നും കഴിഞ്ഞ തവണത്തേതിനേക്കാൾ ഭൂരിപക്ഷത്തോടെ എൽ.ഡി.എഫിനെ വിജയിപ്പിക്കുമെന്നും വിജയരാഘവൻ പറഞ്ഞു. കോൺഗ്രസ് സഹായത്തോടെ കഴിഞ്ഞ തവണ നേമത്തുണ്ടാക്കിയ വിജയം, ബിജെപിക്ക് ഇത്തവണ ആവർത്തിക്കാനാകില്ല. പ്രതിപക്ഷ നേതാവിന് ആത്മവിശ്വാസം നഷ്ടമായതു കൊണ്ടാണ് തദ്ദേശ തെരഞ്ഞെടുപ്പിലെ എൽ.ഡി.എഫ് വിജയം വ്യാജ വോട്ടുകൊണ്ടാണെന്ന് ആരോപിക്കുന്നത്. 


മുഖ്യമന്ത്രി തെരഞ്ഞെടുപ്പു പ്രചാരണ വേളയിൽ ഭാവി കേരളത്തിന്റെ വികസന കാഴ്ചപ്പാടാണ് അവതരിപ്പിച്ചത്. കേരളത്തിൽ സമാധാനവും വികസനവും നടപ്പാക്കിയതും അടിസ്ഥാനസൗകര്യ വികസനകാര്യത്തിൽ ഒന്നാമതായതും ജനങ്ങൾ വിലയിരുത്തുന്നുണ്ട്. എൽഡിഎഫിനുമാത്രമേ ഈ ദിശയിൽ കേരളത്തെ നയിക്കാനാകൂ എന്ന് ജനങ്ങൾക്ക് ബോധ്യമായിട്ടുണ്ട്. വികസനത്തിനും മതനിരപേക്ഷതയ്ക്കും എൽഡിഎഫ് തുടരണമെന്നാണ് ജനങ്ങളുടെ നിലപാട്. സംഘപരിവാർ സഹായത്തോടെ എൽഡിഎഫ് തുടർഭരണം തടയാനുള്ള യുഡിഎഫ് ശ്രമവും വിജയിക്കില്ല. 
പൗരത്വ നിയമം നടപ്പാക്കില്ലെന്ന് എൽഡിഎഫ് സർക്കാർ പറയുമ്പോൾ, ഇതിനുള്ള അപേക്ഷാ ഫോറം പൂരിപ്പിച്ചു നൽകാമെന്നാണ് ലീഗ് സ്ഥാനാർഥി പറയുന്നത്. ഇതിനെ തള്ളിപ്പറയാൻ പോലും ലീഗും യു.ഡി.എഫ് നേതാക്കളും തയാറാകുന്നില്ല. കേരളത്തിലെ കോൺഗ്രസ് നേതാക്കൾ സംസ്ഥാന സർക്കാരിനെതിരെ ഉന്നയിക്കുന്ന ആക്ഷേപം ഭാഷ മാറ്റി ആവർത്തിക്കുന്നതല്ലാതെ ബിജെപിക്കെതിരെ ഒരക്ഷരം പോലും പറയാൻ പ്രചാരണത്തിനെത്തിയ രാഹുലിനോ പ്രിയങ്കയ്ക്കോ കഴിഞ്ഞില്ല. പ്രധാനമന്ത്രി കേരളത്തിൽ വന്നിട്ട് ഒരു വികസന കാര്യവും സംസാരിച്ചില്ല. എയിംസ് പോലെ കേന്ദ്ര പരിഗണനയിലുള്ള ഒരാവശ്യത്തെക്കുറിച്ചും പ്രധാനമന്ത്രി മിണ്ടിയില്ല -വിജയരാഘവൻ പറഞ്ഞു.

 

Latest News