മുംബൈ- ദംഗൽ നായിക സൈറ വസീമിനു നേരെ വിമാനത്തിൽ ലൈംഗികാതിക്രമം കാട്ടിയ യുവാവിനെ പോലീസ് അറസ്റ്റ് ചെയ്തു. 17കാരിയായ നടി തന്റെ ദുരനുഭവം സോഷ്യൽ മീഡിയയിലൂടെ വിവരിച്ച് മണിക്കൂറുകൾക്കുള്ളിലാണ് പോലീസ് നടപടി. മുംബൈയിലെ ഒരു വിനോദ കമ്പനിയിലെ ഉദ്യോഗസ്ഥനായ 39കാരൻ വികാസ് സച്‌ദേവ് ആണ് പ്രതി. ലൈംഗികാതിക്രമം തടയൽ നിയമ പ്രകാരം വിവിധ വകുപ്പുകൾ ചാർത്തി ഇയാൾക്കെതിരെ കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ട്.
ശനിയാഴ്ച രാത്രി വൈകിയുള്ള ദൽഹി-മുംബൈ എയർ വിസ്താര വിമാനത്തിൽ അമ്മയോടൊപ്പം ബിസിനസ് ക്ലാസിൽ യാത്ര ചെയ്യവെയാണ് നടിക്കെതിരെ അതിക്രമമുണ്ടായത്. ക്യാബിനിലെ മങ്ങിയ വെളിച്ചത്തിൽ തൊട്ടു പിറകിലെ സീറ്റിലിരുന്നയാൾ കാൽ കൊണ്ട് നിരന്തരം പുറത്തും പിൻകഴുത്തിലും തോണ്ടിയെന്ന് നടി പരാതിപ്പെട്ടിരുന്നു. തനിക്കുണ്ടായ ദുരനുഭവം ഇൻസ്റ്റഗ്രാമിലൂടെയാണ് നടി വെളിപ്പെടുത്തിയത്.
നടി കരഞ്ഞ് കൊണ്ടു തനിക്കുണ്ടായ ദുരനുഭവം വിവരിക്കുന്ന വീഡിയോ വൈറലായതോടെ ദേശീയ വനിതാ കമ്മീഷനും അന്വേഷണം ആവശ്യപ്പെട്ടിരുന്നു. വ്യോമയാന വകുപ്പ് എയർ വിസ്താരയോട് വിശദീകരണം തേടിയിട്ടുണ്ട്. സംഭവം അന്വേഷിക്കുമെന്ന് വിമാന കമ്പനിയും പ്രതികരിച്ചിരുന്നു. കേസിൽ പോലീസ് അന്വേഷണം തുടരുകയാണ്.






