നാദാപുരം- സി.പി.എം നാദാപുരം ഏരിയാ കമ്മിറ്റി അംഗത്തിന്റെ വീട്ടുമുറ്റത്ത് റീത്ത് വെച്ച നിലയിൽ. സി.എച്ച്.മോഹനന്റെ പുളിക്കൂലിലെ വീട്ട് മുറ്റത്താണ് റീത്ത് കണ്ടത്.
ഇന്നലെ അഞ്ചു മണിക്ക് ഇദ്ദേഹം പ്രഭാത നടത്തത്തിന് എഴുന്നേറ്റപ്പോഴാണ് റീത്ത് ശ്രദ്ധയിൽപെട്ടത്. പോലീസിനെ അറിയിച്ചതിനെ തുടർന്ന് ഡിവൈഎസ്പി പി.എ.ശിവദാസ്, സിഐ എൻ.കെ.സത്യനാഥ് എന്നിവരും സംഘവും സ്ഥലത്തെത്തി. മോഹനന്റെ മൊഴിയെടുത്ത പോലീസ് റീത്ത് നീക്കം ചെയ്തു. കേസെടുത്ത് അന്വേഷണം തുടങ്ങിയതായി പോലീസ് അറിയിച്ചു. പറയത്തക്ക പ്രശ്‌നങ്ങളൊന്നുമില്ലാത്ത ഇവിടെ ബോധപൂർവം കുഴപ്പം സൃഷ്ടിക്കുന്നതിനു വേണ്ടിയാണ് റീത്ത് വെച്ചതെന്നാണ് ആക്ഷേപം.