തവനൂർ- മലപ്പുറം ജില്ലയിൽ നിയമസഭ തെരഞ്ഞെടുപ്പിൽ വാശിയേറിയ മത്സരം നടക്കുന്ന തവനൂരിൽ ഫിറോസ് കുന്നുംപറമ്പിലിന്റെ പ്രചാരണ വാഹനത്തിന് നേരെ ആക്രമണം. മണ്ഡലത്തിലെ കൂട്ടായിയിലാണ് ആക്രമണമുണ്ടായത്. വാഹനത്തിന്റെ ചില്ല് തകർത്തു. ജീപ്പിന്റെ കാർ കത്തി ഉപയോഗിച്ച് മുറിക്കാൻ ശ്രമിച്ചതായും ഫിറോസ് കുന്നുംപറമ്പിൽ ആരോപിച്ചു. മംഗലം പഞ്ചായത്തിലെ പള്ളിക്കുളം എന്ന സ്ഥലത്തുവെച്ചാണ് അക്രമണമുണ്ടായത്. തോൽവി ഭയന്ന് സി.പി.എം വ്യാപകമായി അക്രമണം അഴിച്ചുവിടുകയാണെന്നും ഫിറോസ് ആരോപിച്ചു. വാഹനത്തിന്റെ ഡ്രൈവർക്ക് പരിക്കേറ്റു. കുടുംബയോഗത്തിന് വരുന്നതിനിടെയാണ് വാഹനത്തിന് നേരെ അക്രമണമുണ്ടായത്. ഇതിന് പുറമെ, ബോർഡും ബാനറും നശിപ്പിക്കുന്നതായും ഫിറോസ് വ്യക്തമാക്കി. മാന്യമായ തെരഞ്ഞെടുപ്പ് പ്രവർത്തനമാണ് നടത്തുന്നത്. നാട് മുടിപ്പിക്കാനാണ് സി.പി.എം ശ്രമിക്കുന്നത്. ആക്രമണം അഴിച്ചുവിടുന്നത് ശരിയല്ലെന്നും തോൽവി ഭയക്കുമ്പോൾ അക്രമം അഴിച്ചുവിടരുത്. ജനങ്ങളുടെ മുന്നിൽ വികസനം പറയാൻ ജലീലിന് കഴിയുന്നില്ലെന്നും ഫിറോസ് വ്യക്തമാക്കി.