- സാന്നിധ്യമറിയിച്ച് ബേബി അമ്പാട്ട്
കോഴിക്കോട് - മലയോര ഗ്രാമങ്ങൾ ഉൾക്കൊള്ളുന്ന തിരുവമ്പാടി മണ്ഡലത്തിൽ യു.ഡി.എഫിന്റെയും എൽ.ഡി.എഫിന്റെയും സ്ഥാനാർഥികൾ ഇതാദ്യമായാണ് നിയമസഭയിലേക്ക് മത്സരിക്കുന്നത്. യു.ഡി.എഫ് സ്ഥാനാർഥി മുസ്‌ലിം ലീഗ് സംസ്ഥാന സെക്രട്ടറി സി.പി. ചെറിയ മുഹമ്മദ് അധ്യാപക ജോലിയിൽ നിന്ന് വിരമിച്ചത് കഴിഞ്ഞ വർഷമാണ്. എൽ.ഡി.എഫിലെ ലിന്റോവിന് വയസ്സ് 28 മാത്രം. കൂടരഞ്ഞി പഞ്ചായത്ത് പ്രസിഡന്റായി ചുമതലയേറ്റത് ഇക്കഴിഞ്ഞ ഡിസമ്പറിൽ. ബി.ജെ.പി സ്ഥാനാർഥി ബേബി അമ്പാട്ട് മുമ്പും സ്ഥാനാർഥിയായിട്ടുണ്ട്.
യു.ഡി.എഫിൽ തിരുവമ്പാടി എപ്പോഴും കീറാമുട്ടിയായി വരും. മൂന്നു പതിറ്റാണ്ടായി ഈ മണ്ഡലത്തിൽ യു.ഡി.എഫിനെ പ്രതിനിധീകരിക്കുന്നത് മുസ്‌ലിം ലീഗാണ്. ഇതിൽ മൂന്നു തവണ ലീഗ് ഇവിടെ തോറ്റു. 2006ൽ എം.സി. മായിൻ ഹാജിയാണ് മത്തായി ചാക്കോയോട് തോറ്റത്. പിന്നെ ഉപതെരഞ്ഞെടുപ്പിലും 2016ലും ജോർജ് എം.തോമസും ലീഗ് സ്ഥാനാർഥിയായ വി.എം. ഉമ്മർ മാസ്റ്ററെ പരാജയപ്പെടുത്തി. ഓരോ തെരഞ്ഞെടുപ്പിലും കോൺഗ്രസിൽ ഈ മണ്ഡലത്തിനു വേണ്ടി സമ്മർദമുണ്ടാകും. സിറ്റിംഗ് സീറ്റുകളിൽ മാറ്റമുണ്ടാവണമെങ്കിൽ ആ പാർട്ടി ആവശ്യപ്പെടണമെന്നതാണ് യു.ഡി.എഫിലെ കീഴ്‌വഴക്കമെന്നതിനാൽ ലീഗ് പിന്മാറിയില്ല. ഈ തവണയും അതാവർത്തിച്ചു. ലീഗിന്റെ നേതാക്കളായ പി.കെ. കുഞ്ഞാലിക്കുട്ടിയും ഡോ. എം.കെ.മുനീറും സഭാ നേതൃത്വത്തെ കണ്ട് സംസാരിച്ച ശേഷമാണ് ഇക്കുറി സ്ഥാനാർഥിയെ പ്രഖ്യാപിച്ചത്. യു.ഡി.എഫിന് മുന്നിലെ ഈ പ്രശ്‌നത്തെ മുന്നിൽ കണ്ടു തന്നെയാണ് സി.പി.എം സ്ഥാനാർഥികളെ ഇവിടേക്ക് നിയോഗിച്ചത്. മത്തായി ചാക്കോയും ജോർജ് എം.തോമസും ഇപ്പോൾ ലിന്റോ ജോസഫും ആ വഴിക്ക് തന്നെ. മലയോര ഗ്രാമമായ വിലങ്ങാട്ടുകാരനാണ് ബി.ജെ.പി.യുടെ സ്ഥാനാർഥി ബേബി അമ്പാട്ട്. ആദ്യ കാലത്തു തന്നെ ബി.ജെ.പിയുടെ ന്യൂനപക്ഷ മോർച്ചയിൽ ബേബിയുണ്ട്.
കാരശ്ശേരി, കോടഞ്ചേരി, കൊടിയത്തൂർ, കൂടരഞ്ഞി, പുതുപ്പാടി, തിരുവമ്പാടി പഞ്ചായത്തുകളും മുക്കം മുനിസിപ്പാലിറ്റിയും അടങ്ങിയതാണ് മണ്ഡലം. ഇതിൽ കൂടരഞ്ഞി ഒഴികെ പഞ്ചായത്തുകളിൽ വിജയിച്ചത് യു.ഡി.എഫാണ്. മുക്കം മുനിസിപ്പാലിറ്റിയിൽ വിമതരുടെ പിന്തുണയോടെ ഇടത് അധികാരത്തിൽ വന്നു. രാഹുൽ ഗാന്ധി പ്രതിനിധാനം ചെയ്യുന്ന വയനാട് ലോക്‌സഭാ മണ്ഡലത്തിൽ പെട്ടതാണ് തിരുവമ്പാടി. 54,471 വോട്ടിന്റെ ഭൂരിപക്ഷമാണ് രാഹുലിന് മണ്ഡലം നൽകിയത്. ഇടതു സ്ഥാനാർഥിക്ക് ആകെ കിട്ടിയത് 36,681 വോട്ടാണ്. മണ്ഡലത്തിലെ താമസക്കാരാണ് ഇടതു-വലതു മുന്നണി സ്ഥാനാർഥികൾ. ലിന്റോ കൂടരഞ്ഞിക്കാരനെങ്കിൽ ചെറിയ മുഹമ്മദ് കൊടിയത്തൂരുകാരനാണ്. എം.എ., ബി.എഡ് ബിരുദം. മുക്കം ആനയാംകുന്ന് സ്‌കൂളിലെ അധ്യാപകനായിരുന്ന സി.പി. കേരള സ്‌കൂൾ ടീച്ചേഴ്‌സ് യൂണിയന്റെ പ്രസിഡന്റായി ദീർഘകാലം പ്രവർത്തിച്ചു. കൊടിയത്തൂരിലെ ട്രെയിനിംഗ് കോളേജടക്കം സ്ഥാപനങ്ങളുടെ നടത്തിപ്പുകാരനാണ്. ലിന്റോ എം.കോം ബിരുദധാരിയാണ്.
ഇ.ടി.മുഹമ്മദ് ബഷീറൂം പി.കെ.അബ്ദുറബ്ബും വിദ്യാഭ്യാസ വകുപ്പ് മന്ത്രിമാരായിരുന്ന കാലത്ത് പ്രൈവറ്റ് സെക്രട്ടറിയായി സേവനം ചെയ്ത സി.പിക്ക് ക്രിസ്ത്യൻ വിദ്യാഭ്യാസ സംവിധാനങ്ങളുടെ നടത്തിപ്പുകാരുമായുണ്ടായ ബന്ധങ്ങൾ തെരഞ്ഞെടുപ്പിൽ വോട്ടാക്കാമെന്ന പ്രതീക്ഷയാണ് യു.ഡി.എഫിനുള്ളത്. യുവ നേതാവ് എന്ന നിലയിൽ തിരുവമ്പാടി മണ്ഡലത്തിൽ ലിന്റോ ശ്രദ്ധേയനാണ്. യു.ഡി.എഫിന് സ്വാധീനമുള്ള കൂടരഞ്ഞി പഞ്ചായത്തിൽ ഇക്കുറി വിജയം നേടിയത് ലിന്റോയുടെ കൂടി പരിശ്രമ ഫലമാണ്. കേരള കോൺഗ്രസ് മാണി വിഭാഗം ഈ മണ്ഡലം ആവശ്യപ്പെട്ടിട്ടും സി.പി.എം നൽകാതിരുന്നത് ഇവിടത്തെ വിജയ പ്രതീക്ഷ കൊണ്ടാണ്. ലീഗിലും കോൺഗ്രസിലും ഗ്രൂപ്പു വഴക്ക് സ്ഥിരം പരിപാടിയാക്കിയ മണ്ഡലം കൂടിയാണിത്. ലീഗിൽ തന്നെ മണ്ഡലം പ്രസിഡന്റ് കാസിം ഇവിടെ സ്ഥാനാർഥിയാകാൻ ശ്രമിക്കുകയും ചെയ്തിരുന്നു.
വെൽഫെയർ പാർട്ടിക്ക് സാമാന്യം വോട്ടുള്ള മണ്ഡലമാണിത്. മുക്കം മുനിസിപ്പാലിറ്റിയിലും കൊടിയത്തൂർ ഗ്രാമപഞ്ചായത്തിലും വെൽഫെയറിന് അംഗങ്ങളുണ്ട്. ഇവർക്ക് ഇക്കുറി ഇവിടെ സ്ഥാനാർഥിയില്ലെന്നത് യു.ഡി.എഫിന് സഹായകമാകും. എസ്.ഡി.പി.ഐക്കും സ്ഥാനാർഥിയില്ല. കെ.പി.ചെറിയ മുഹമ്മദ്, ലിന്റോ ജോസഫ് എന്നീ അപരന്മാർക്കൊപ്പം പ്രൊഫ.ജോർജ് മാത്യു, ലെനിൻ ലാൽ, സണ്ണി ജോസഫ് എന്നിവരെയും ബാലറ്റിൽ കാണാം.