Sorry, you need to enable JavaScript to visit this website.

Error message

Notice: Undefined variable: app_root in include_once() (line 861 of /var/www/html/sites/default/settings.php).

കൊടുവള്ളി: പേടി വിട്ടൊഴിയാതെ മുനീർ, എല്ലാ വഴികളും നോക്കി റസാഖ്


കോഴിക്കോട് - ഒടുവിൽ പാർട്ടിയുടെ ശക്തി കേന്ദ്രത്തിലെ വിമത വാഴ്ച ഇല്ലാതാക്കാൻ മുനീർ വന്നു. നാടും നഗരവും മുനീർ നിറച്ചു. പ്രചാരണത്തിന് മുനീറിയൻ ടച്ച് വരുത്തി. പക്ഷേ പേടി വിട്ടൊഴിയുന്നില്ല. എതിരാളി കാരാട്ട് റസാഖാണ്. ശുദ്ധ രാവണൻ. തന്റെ വഴിയിലെ വിലങ്ങു തടികളെയും വിലങ്ങാകാവുന്നവരെയും പല തരത്തിൽ ഒഴിവാക്കിത്തന്നെയാണ് കൊടുവള്ളിയുടെ തലപ്പാവ് റസാഖ് അണിഞ്ഞത്. അത് തിരിച്ചറിയാൻ ലീഗ് നേതൃത്വത്തിന് കഴിഞ്ഞതു കൊണ്ടാണിപ്പോൾ മുനീറിനെ കൊണ്ടുവന്നത്. ചിത്രം നോക്കിയാൽ വ്യക്തം. മുഴുവൻ പഞ്ചായത്തിലും യു.ഡി.എഫ്, ബ്ലോക്കിൽ യു.ഡി.എഫ്, ജില്ലാ പഞ്ചായത്തിൽ യു.ഡി.എഫ്, ലോക്‌സഭയിൽ യു.ഡി.എഫ്, മുനിസിപ്പാലിറ്റിയിൽ യു.ഡി.എഫ്, ബാങ്കിൽ യു.ഡി.എഫ്. എന്നിട്ടും ഒരു ചാനൽ കോഴിക്കോട് ജില്ലയിലെ മുഴുവൻ മണ്ഡലങ്ങളും എൽ.ഡി.എഫിനെന്ന് വിധിയെഴുതിക്കളഞ്ഞു.


കൊടുവള്ളിയിൽ യു.ഡി.എഫ് സ്ഥാനാർഥിയായി മുനീർ അല്ലാത്ത ഒരു ലീഗുകാരനെ കിട്ടാൻ വല്ലാതെ മോഹിച്ചത് കാരാട്ട് റസാഖ് തന്നെയാവും. ഏറ്റവും ഒടുവിൽ ബോംബ് റസാഖ് പൊട്ടിക്കുകയും ചെയ്തു. താനുമായി മുസ്‌ലിം ലീഗ് സംസ്ഥാന നേതാക്കൾ ചർച്ച നടത്തിയെന്നും എന്നാൽ കൊടുവള്ളിയിലെ പ്രാദേശിക ലീഗ് നേതൃത്വം സമ്മതിക്കുന്നില്ലെന്നുമായിരുന്നു റസാഖിന്റെ തട്ട്. താൻ ഇടതു മുന്നണി വിടേണ്ട സാഹചര്യമില്ലെന്ന് കൂട്ടിച്ചേർക്കാൻ മറന്നിട്ടില്ല. 2016 ൽ കാരാട്ടിനോട് തോറ്റ എം.എ റസാഖ് ഇക്കുറിയും മത്സരിക്കാൻ താൽപര്യം അറിയിച്ചതുമാണ്. അന്ന് വി.എം. ഉമർ മാസ്റ്ററെ തിരുവമ്പാടിക്ക് അയക്കുകയും എം.എ. റസാഖിനെ സ്ഥാനാർഥിയാക്കുകയും ചെയ്ത ശേഷമാണ് കാരാട്ട് തന്റെ നാമനിർദേശ പത്രിക സമർപ്പിച്ചത്. 
1977 ൽ സി.പി.എമ്മിലെ കെ. മൂസക്കുട്ടിയെ തോൽപിച്ച് ഇ.അഹമ്മദ് തുടങ്ങി വെച്ചതാണ് കൊടുവള്ളിയിലെ മുസ്‌ലിം ലീഗിന്റെ പടയോട്ടം. കാലുവാരലുകൾക്കിടയിൽ കിതച്ചും കുതിച്ചും പോയ ലീഗിനെ ഒടുവിൽ ചന്തു തന്നെ ചതിച്ചു. കൊടുവള്ളി ഗ്രാമപഞ്ചായത്തിന്റെ പ്രസിഡന്റും ഭാര്യ പ്രസിഡന്റായപ്പോൾ വൈസ് പ്രസിഡന്റും മണ്ഡലം ലീഗ് പ്രസിഡന്റും ജില്ലാ സെക്രട്ടറിയും എല്ലാമായിരുന്ന അഡ്വ. പി.ടി.എ.റഹീം തന്നെ കൊടുവള്ളിയിൽ ലീഗിനെ മുട്ടുകുത്തിച്ചു. പിന്നീട് കാരാട്ട് റസാഖും. റസാഖും കൊടുവള്ളി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റായിരുന്നു, മണ്ഡലം ലീഗ് പ്രസിഡന്റും. 


വരത്തരെ ഓടിക്കുകയെന്നതായിരുന്നു ഒരു കാലത്ത് കൊടുവള്ളിയിലെ ലീഗ് നേതാക്കളുടെ മുമ്പിലെ പ്രധാന പരിപാടി. പി.വി. മുഹമ്മദ് മുതൽ സി. മമ്മൂട്ടി വരെ തോൽക്കാതെ രക്ഷപ്പെട്ടു. ഒടുവിൽ വിമത പട്ടം കെട്ടി വിജയിച്ചവരുടെ കൂട്ടത്തിലാണ് പി.ടി.എ.റഹീമും കാരാട്ട് റസാഖും. വിമത ബാധ ഒഴിപ്പിക്കാൻ പുറത്തു നിന്ന് ആളെ വരുത്തേണ്ട അവസ്ഥയിലെത്തി. 
1977 ലാണ് കണ്ണൂർ ജില്ലക്കാരനായ ലീഗ് നേതാവ് ഇ.അഹമ്മദ് എത്തുന്നത്. 1980 ൽ കൊയിലാണ്ടിക്കാരനായ പി.വി.മുഹമ്മദ് വന്നു. 1982ലും പി.വിക്ക് തന്നെ ജയം. 1987ൽ കോഴിക്കോട് നഗരക്കാരനായ പി.എം. അബൂബക്കർ പറന്നിറങ്ങി. 1991ൽ വീണ്ടും കൊടുവള്ളിയിലെത്തിയ പി.വിക്ക് പണി കൊടുത്തു. പക്ഷേ 398 വോട്ടിന് അദ്ദേഹം രക്ഷപ്പെട്ടു. 1996ൽ അയൽക്കാരനായ താമരശ്ശേരിക്കാരൻ സി.മോയിൻകുട്ടിയുടെ ഊഴം. രക്ഷപ്പെട്ടത് വെറും 94 വോട്ടിന്. 2001ൽ വന്നത് വയനാട്ടുകാരനായ സി.മമ്മൂട്ടി. 16,877 വോട്ടിന് സി.മമ്മൂട്ടി ജയിച്ചെങ്കിലും കാലുവാരാൻ ശ്രമം നടന്നതായി ആക്ഷേപം. പുറത്താക്കി തിരിച്ചെടുക്കാൻ സംസ്ഥാന നേതൃത്വവും തിരിച്ചുവരാൻ റഹീമും തയാറായിട്ടും അത് സംഭവിക്കാതെ പോയത് പ്രാദേശിക നേതാക്കളുടെ ദുര കൊണ്ടു തന്നെ. 2006ൽ റഹീം ഇടതു പിന്തുണയോടെ 7506 വോട്ടിന് ജയിച്ചു. 


കൊടുവള്ളി മുനിസിപ്പാലിറ്റി, കിഴക്കോത്ത്, മടവൂർ, നരിക്കുനി, ഓമശ്ശേരി, താമരശ്ശേരി, കട്ടിപ്പാറ പഞ്ചായത്തുകളാണ് ഈ മണ്ഡലത്തിലുള്ളത്. 2015ൽ നരിക്കുനിയും കട്ടിപ്പാറയും ഇടതു മുന്നണിയുടെ ഭരണത്തിലായിരുന്നെങ്കിൽ ഇവ കൂടി 2020ൽ യു.ഡി.എഫ് തിരിച്ചുപിടിച്ചു. മണ്ഡലത്തിലെ ജില്ലാ പഞ്ചായത്തു ഡിവിഷനുകളായ മടവൂർ, നരിക്കുനി, കട്ടിപ്പാറ, ഓമശ്ശേരി യു.ഡി.എഫിനാണ്. കൊടുവള്ളി ബ്ലോക്ക് പഞ്ചായത്തും യു.ഡി.എഫ് നിലനിർത്തി. 2008ന് മുമ്പ് കാക്കൂർ, കക്കോടി, ഉണ്ണികുളം, ചേളനൂർ ഗ്രാമപഞ്ചായത്തുകൾ കൊടുവള്ളിയിലായിരുന്നു. ഇതിൽ കാക്കൂരും കക്കോടിയും ഇടത് സ്വാധീന മേഖലകളാണ്. ഇതിന് പകരം ഓമശ്ശേരി, താമരശ്ശേരി എന്നീ യു.ഡി.എഫ് പഞ്ചായത്തുകൾ മണ്ഡലത്തിലേക്ക് വന്നു. 
ലോക്‌സഭയിലേക്ക് 2019ൽ യു.ഡി.എഫിലെ എം.കെ.രാഘവന് 35,908 വോട്ടിന്റെ ഭൂരിപക്ഷം ലഭിച്ചു. 2014ൽ 16,599 വോട്ടിന്റെ ലീഡും യു.ഡി.എഫിന് നൽകി. 2009ൽ 12,844 വോട്ടായിരുന്നു ലീഡ്.


സി.എച്ച് മുഹമ്മദ് കോയയെ സ്‌നേഹിച്ച തലമുറ മുനീറിനെ ഇപ്പോഴും നെഞ്ചോട് ചേർക്കുന്നു. പിന്നെ മുനീറിയൻ പ്രചാരണ രീതികളും. കോഴിക്കോട് സൗത്തിനെ വലത്തോട്ട് നിർത്താൻ മുനീറിന്റെ പ്രചാരണ തന്ത്രങ്ങൾക്ക് കഴിഞ്ഞിട്ടുണ്ട്. അതിലൊന്നായിരുന്നു ശശി തരൂരിനെ മുന്നിൽ നിർത്തിയ പരിപാടി കൊടുവള്ളിയിൽ നടത്തിയത്. 
ബി.ജെ.പിക്ക് വലിയ സ്വാധീനമില്ലാത്ത കൊടുവള്ളിയിൽ ടി. ബാലസോമനാണ് സ്ഥാനാർഥി. ബാലുശ്ശേരിക്കാരനായ സോമന് വേണ്ടി ബി.ജെ.പി മികച്ച പ്രചാരണം നടത്തുന്നു. 
എം.ബി.ബി.എസ് ബിരുദധാരിയായ എം.കെ.മുനീറിന്റെ മുഖ്യ എതിരാളി കാരാട്ടിന് പൊടിപ്പുണ്ടെങ്കിലും സർട്ടിഫിക്കറ്റിൽ എട്ടാം തരം എന്നേയുള്ളൂ. മുനീറിനും ഭാര്യക്കും കോടികളുടെ ആസ്തി ഉണ്ട്. വാഹനം ഉണ്ട്. ബാങ്ക് വായ്പയുമുണ്ട്. റസാഖിന് വാഹനമില്ല. ആസ്തിയില്ല. വല്ലതും ഉണ്ടെങ്കിൽ അത് ഭാര്യയുടെ പേരിൽ. മുനീറിന്റെ പേരിൽ പല വിധ കേസുകളും ഉണ്ട്. മുനീർ പാട്ടും പാടുന്നുണ്ട്. പാട്ടു പാടാൻ മുനീറിന് വലിയ പാടില്ല. പാട്ടു പാടി ജയിക്കാൻ തന്നെയാണ് മുനീർ. മുനീറിനെ മുനീറിന്റെ പാട്ടിന് വിടുമോ കൊടുവള്ളിക്കാർ എന്നറിയാനാണ് പെടാപ്പാട്.

Latest News