ഷൂ പോളിഷ് ചെയ്യിച്ചു; തെരഞ്ഞെടുപ്പ് നിരീക്ഷകന്‍ വിവാദത്തില്‍

ഇടുക്കി-ഉദ്യോഗസ്ഥരെ കൊണ്ട് ഷൂ പോളീഷ് ചെയ്യിച്ചുവെന്നതടക്കമുളള ആരോപണങ്ങളുയര്‍ന്ന തെരഞ്ഞെടുപ്പ് നിരീക്ഷകനെതിരെ ജില്ലാ കലക്ടര്‍ സംസ്ഥാന തെരഞ്ഞെടുപ്പ് ഓഫീസര്‍ക്ക് റിപ്പോര്‍ട്ട് നല്‍കി.

ദേവികുളം, ഉടുമ്പന്‍ചോല നിയോജക മണ്ഡലങ്ങളിലെ നിരീക്ഷകന്‍ നരേഷ് കുമാര്‍ ബന്‍സാലിനെതിരെയാണ് ജീവനക്കാര്‍ പരാതി നല്‍കിയിരുന്നത്. മാനസിക പീഡനവും സാമ്പത്തിക ചൂഷണവും ചൂണ്ടിക്കാണിച്ചാണ് സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മിഷനും ജില്ലാ കലക്ടര്‍ക്കും ദേവികുളം, ഉടുമ്പന്‍ചോല വരണാധികാരികള്‍ക്കും ഉദ്യോഗസ്ഥര്‍ പരാതി നല്‍കിയത്.

ഒരു മാസത്തോളമായി മൂന്നാറിലെ ഗസ്റ്റ് ഹൗസില്‍ താമസമാക്കിയ നിരീക്ഷകന്‍ നരേഷ് കുമാര്‍ ബന്‍സാളിനെതിരെ ഗുരുതര ആരോപണമാണ് കീഴ്ജീവനക്കാര്‍ ഉന്നയിക്കുന്നത്.
ജീവനക്കാരോട് തന്റെ ഷൂ പോളിഷ് ചെയ്യാന്‍ ആവശ്യപ്പെട്ടെന്നും അടിമപണി ചെയ്യിക്കുന്നുവെന്നും പരാതിയില്‍ പറയുന്നു.

വിഡിയോ സര്‍വൈലന്‍സ് ടീമിനു അനുവദിച്ച വാഹനം പിടിച്ചെടുത്തു നരേഷ് കുമാര്‍ ബന്‍സാലും കുടുംബവും മധുരയിലേക്കു പോയെന്നും ജീവനക്കാര്‍ കാല്‍നടയായി ജോലി പൂര്‍ത്തിയാക്കേണ്ടി വന്നെന്നും പരാതിയില്‍ വ്യക്തമാക്കി.


നിരീക്ഷകനും കുടുംബത്തിനും ജീവനക്കാരുടെ പണം കൊണ്ടു ഭക്ഷണം വാങ്ങി നല്‍കിയെന്നും സുഗന്ധ വ്യഞ്ജനങ്ങള്‍ മുതല്‍ ഇളനീരുവരെ വാങ്ങാന്‍ പണം നല്‍കേണ്ടിവന്നുവെന്നുമാണ് ആരോപണം. താമസം ഒരുക്കിയ ഗവ. ഗസ്റ്റ് ഹൗസില്‍ തൃപ്തനാകാതെ വന്‍കിട റിസോര്‍ട്ടിലേക്കു മാറ്റണമെന്നും നിരീക്ഷകന്‍ ജീവനക്കാരോട് ആവശ്യപ്പെട്ടു.  ദേവികുളം ആര്‍ഡിഒ ഓഫിസിലെ ഉന്നത ഉദ്യോഗസ്ഥനോട് മീറ്റിംഗിനിടെ ജെല്‍ പേന വാങ്ങി നല്‍കാന്‍ ആജ്ഞാപിച്ചു, കേരളത്തിന്റെ സംസ്‌കാരത്തെയും ഭാഷയെയും അധിക്ഷേപിച്ചു. രാഷ്ട്രീയ പക്ഷപാതം ലക്ഷ്യമിട്ടു കേരളം ഭരിക്കുന്ന രാഷ്ട്രീയ പാര്‍ട്ടിയെ താഴ്ത്തിക്കെട്ടി സംസാരിച്ചുവെന്നും പരാതിയില്‍ വ്യക്തമാക്കിയിട്ടുണ്ട്.

 

Latest News