പിണറായിയെയും  ഫാന്‍സ്  തിരിഞ്ഞു കൊത്തുന്നു

ധര്‍മടം-കണ്ണൂരിലെ സി.പി.എം നേതാക്കളില്‍ ജനപ്രീതിയില്‍ മുന്നില്‍ പി. ജയരാജനാണെന്നതില്‍ ആര്‍ക്കും സംശയമില്ല. പി.ജെ ഫാന്‍സ്, പി.ജെ ആര്‍മി, പി.ജെ ആല്‍ബം എന്നിവയെല്ലാം നമ്മള്‍ കണ്ടു. തലശേരി തട്ടകമാക്കിയ മൂന്ന് മുതിര്‍ന്ന നേതാക്കളില്‍ പ്രവര്‍ത്തകര്‍ക്ക് ഏറെ ഇഷ്ടം പി.ജെയാണ്. കൊലപാതകത്തിന്റെ ബ്രാന്‍ഡ്  അംബാസഡറെന്നെല്ലാം കുത്തക ബൂര്‍ഷ്വാ മാധ്യമങ്ങള്‍ പതിച്ചു നല്‍കിയ ടൈറ്റിലുകള്‍. ഇതൊന്നും ഇന്ത്യയില്‍ കമ്യൂണിസ്റ്റ് പാര്‍ട്ടിയുണ്ടായ പ്രദേശങ്ങളിലെ വിപ്ലവകാരികള്‍ക്ക് വിഷയമേ അല്ല. 
വിഎസ് ചിത്രത്തില്‍ നിന്ന് പോയതോടെ എല്ലാം പിണറായിയില്‍ ഒതുങ്ങുന്ന കാഴ്ചയാണ്. പാര്‍ട്ടിയും സര്‍ക്കാരുമെല്ലാം ഒരു വ്യക്തിയില്‍ കേന്ദ്രീകരിക്കുന്ന അവസ്ഥ. പ്രചാരണങ്ങളിലും പോസ്റ്ററുകളിലും എല്ലാം പിണറായിയുടെ ഫുള്‍ഫിഗര്‍, വ്യക്തിപൂജയുടെ അവസാന വാക്കായി പിണറായിയെ മാറ്റി സൈബര്‍ സഖാക്കളും രംഗം കൊഴുപ്പിച്ചു. ഫലം പാര്‍ട്ടിയ്ക്കും അതീതനായി പിണറായി മാറി. മുമ്പ് പേരിനെങ്കിലും കേന്ദ്ര നേതൃത്വത്തിന്റെ ഒരു പിടിയുണ്ടായിരുന്നു. എന്നാല്‍ ത്രിപുരയും നഷ്ടപ്പെട്ടതോടെ കേരളത്തെ പൂര്‍ണമായി ആശ്രയിക്കേണ്ട സ്ഥിതിയിലാണ് കേന്ദ്ര നേതൃത്വവും. കേരളത്തില്‍ അധികാരം നിലനിര്‍ത്തേണ്ടത് സിപിഎമ്മിന്റെ നിലനില്‍പ്പിന്റെ പ്രശ്‌നമായി മാറി. ഇത് പിണറായിക്കു കാര്യങ്ങള്‍ എളുപ്പമാക്കി. എതിര്‍ശബ്ദങ്ങളെ നിശബ്ദമാക്കിയും വെല്ലുവിളിക്കാന്‍ സാധ്യതയുള്ളവരെ ഒതുക്കിയുമാണ് പിണറായി തുടര്‍ഭരണത്തിനു ശ്രമിക്കുന്നത്. ഇവിടെ പാര്‍ട്ടി കാഴ്ചക്കാര്‍ മാത്രം. അഥവാ പിണറായിയായി പാര്‍ട്ടി.
എന്നാല്‍ വ്യക്തിപൂജയും ഫാന്‍സും, കാലത്തിന്റെ അനിവാര്യത പോലെ പിണറായിയെ തിരിഞ്ഞുകൊത്താന്‍ തുടങ്ങുന്നുണ്ട്. സ്വന്തമായി ഫാന്‍സുള്ള പി ജയരാജന്‍ തന്നെയാണ് പിണറായിയെ ചോദ്യം ചെയ്യാന്‍ തുടങ്ങിയിരിക്കുന്നത്. പിണറായിയെ ദേശാഭിമാനി ക്യാപ്റ്റന്‍ എന്ന് വാഴ്ത്തുമ്പോള്‍ 'പാര്‍ട്ടിയാണ് ക്യാപ്റ്റന്‍, വ്യക്തികളല്ല' എന്ന് തിരുത്തുകയാണ് ജയരാജന്‍.
കമ്യൂണിസ്റ്റുകാര്‍ വ്യക്തിപൂജയില്‍ അഭിരമിക്കുന്നവരല്ലെന്നും കോടിയേരി പറഞ്ഞതു പോലെ, ഈ പാര്‍ട്ടിയില്‍ എല്ലാവരും സഖാക്കളാണെന്നും പി ജയരാജന്‍ വ്യക്തമാക്കുന്നു.
പി ജയരാജന്‍ പറയുന്നത് : കമ്യൂണിസ്റ്റുകാര്‍ക്ക് ജനങ്ങള്‍ക്കിടയില്‍ വര്‍ദ്ധിച്ചു വരുന്ന ജനപ്രിയതയില്‍ പലരും അസ്വസ്ഥരാണ്. ജനപക്ഷ രാഷ്ട്രീയവും ജനക്ഷേമ രാഷ്ട്രീയവും ഉയര്‍ത്തിപ്പിടിക്കുന്നവര്‍ ഇടതുപക്ഷമാണ്. ജനങ്ങളോട് ചേര്‍ന്നു നില്‍ക്കുമ്പോള്‍, അവര്‍ സ്‌നേഹഹസൂചകമായി പല തരത്തിലും ഇഷ്ടം പ്രകടിപ്പിക്കും. ചിലര്‍ പാട്ടെഴുതി ഇഷ്ടം പ്രകടിപ്പിക്കും, ചിലര്‍ ഫോട്ടോ വെച്ച് ഇഷ്ടം പ്രകടിപ്പിക്കും, ചിലര്‍ ടാറ്റു ചെയ്തു ഇഷ്ടം പ്രകടിപ്പിക്കും. എന്നാല്‍, കമ്യൂണിസ്റ്റുകാര്‍ വ്യക്തിപൂജയില്‍ അഭിരമിക്കുന്നവരല്ല. സഖാവ് കോടിയേരി മാധ്യമ പ്രവര്‍ത്തകരുടെ ചോദ്യത്തിന് മറുപടി പറഞ്ഞതു പോലെ, ഈ പാര്‍ട്ടിയില്‍ 'എല്ലാവരും സഖാക്ക'ളാണ്. പാര്‍ട്ടിയാണ് ക്യാപ്റ്റന്‍. വ്യക്തികളല്ല, പാര്‍ട്ടിയും ഇടതുപക്ഷവുമാണ് ജനങ്ങളുടെ ഉറപ്പ്'മുഖ്യമന്ത്രിയെ ക്യാപ്റ്റന്‍ എന്ന നിലയിലല്ല, സഖാവ് എന്ന നിലയിലാണ് പാര്‍ട്ടിയില്‍ വിളിക്കുന്നതും വിശേഷിപ്പിക്കുന്നതുമെന്ന് കോടിയേരി ബാലകൃഷ്ണന്‍ കഴിഞ്ഞ ദിവസം വ്യക്തമാക്കിയിരുന്നു. 
എന്നാല്‍ 2021 മാര്‍ച്ച് 11 ന് പാര്‍ട്ടി മുഖപത്രമായ ദേശാഭിമാനി ലേഖനത്തിന്റെ തലക്കെട്ട് തന്നെ ക്യാപ്റ്റന്‍ എന്നാണ്. പാര്‍ട്ടി മുഖപത്രമാണ് ക്യാപ്റ്റന്‍ എന്ന് വിശേഷിപ്പിച്ച് തുടങ്ങിയത്. ക്യാപ്റ്റന്‍, ക്യാപ്റ്റന്റെ പടയോട്ടം, കടലിരമ്പങ്ങളില്‍ കപ്പിത്താന്‍ എന്നിങ്ങനെ ഔദ്യോഗിക മുഖപത്രം മുഖ്യമന്ത്രിയുടെ നായക വിശേഷണ പ്രചാരണം തുടരുകയായിരുന്നു .


 

Latest News