മലപ്പുറം- ജോസ് കെ.മാണിയുടെ ലൗ ജിഹാദ് പരാമർശം വർഗീയ ധ്രുവീകരണം ലക്ഷ്യം വെച്ച് മുഖ്യമന്ത്രിയുടെയും സി.പി.എമ്മിന്റെയും പിന്തുണയിൽ നടത്തുന്ന വിഷം ചീറ്റലാണെന്ന് വെൽഫെയർ പാർട്ടി ദേശീയ ജനറൽ സെക്രട്ടറി സുബ്രഹ്മണി അറുമുഖം. കൊണ്ടോട്ടി നിയോജക മണ്ഡലം വെൽഫെയർ പാർട്ടി സ്ഥാനാർത്ഥി റസാക്ക് പാലേരിയുടെ തെരഞ്ഞെടുപ്പ് പ്രചാരണാർഥം സംഘടിപ്പിച്ച റോഡ് ഷോ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. സവർണ സംവരണം നടപ്പിലാക്കിയ സർക്കാർ പൗരത്വഭേദഗതി നിയമത്തിൻെറയും പ്രയോക്താക്കളാണ്. കേന്ദ്ര സർക്കാറിന് അനുകൂലമായ നിയമനിർമാണങ്ങളും സമീപനങ്ങളുമാണ് കേരളത്തിലെ ഇടതുപക്ഷ സർക്കാറിൻേറതും. നാമമാത്രമായ സൗജന്യങ്ങളുടെ പേരിൽ വലിയ അനീതികളിലും അഴിമതികളിലുമാണ് കേന്ദ്ര,സംസ്ഥാന ഭരണകൂടങ്ങളുള്ളത്. സാമൂഹ്യനീതിയും സാമ്പത്തിക സംവരണം എന്ന സവർണ സംവരണവും പരസ്പരം ഒരുമിക്കുകയില്ല. കർഷക സമരത്തെയും പൗരത്വ സമരത്തെയും അടിച്ചമർത്തുന്ന മോഡി സർക്കാരിന് കുഴലൂത്തുനടത്തുന്നവരായി കേരളത്തിലെയടക്കം സംസ്ഥാന സർക്കാരുകൾ മാറിയെന്നും ഇതിനെതിരെ സാമൂഹ്യ നീതിയുടെ ബദൽ രാഷ്ട്രീയത്തിനാണ് ജനാധിപത്യത്തെ വീണ്ടെടുക്കാനാവുകയെന്നും അദ്ദേഹം പറഞ്ഞു. ഊർക്കടവ്, എടവണ്ണപാറ,
കൊണ്ടോട്ടി വഴി റോഡ് ഷോ പുളിക്കലിൽ സമാപിച്ചു. വെൽഫെയർ പാർട്ടി സംസ്ഥാന പ്രസിഡന്റ് ഹമീദ് വാണിയമ്പലം റോഡ് ഷോയിൽ മുഖ്യ പ്രഭാഷണം നിർവഹിച്ചു. ജനങ്ങളുടെ അടിസ്ഥാനപരമായ പ്രശ്‌നങ്ങൾ പരിഹരിക്കുന്നതിന് പകരം കോർപ്പറേറ്റുകളുടെയും വൻകിടക്കാരുടെയും താൽപര്യങ്ങൾ മാത്രം സംരക്ഷിക്കുന്ന സമീപനമാണ്
കേന്ദ്ര സംസ്ഥാന സർക്കാറുകൾ സ്വീകരിക്കുന്നത്. ഫാസിസ്റ്റ് ശക്തികൾക്കെതിരെ പ്രതിരോധം തീർക്കുന്നതിൽ മതേതര പാർട്ടികൾ എന്നവകാശപ്പെടുന്ന ഇടതുവലതു മുന്നണികളുടെ ആത്മാർത്ഥത
സംശയകരമാണെന്നും അഡ്ജസ്റ്റ്‌മെന്റ് രാഷ്ട്രീയമാണ് കേരളത്തിലെ മുഖ്യധാരാ മുന്നണികൾ ഫാസിസത്തിനെതിരെ നടത്തി കൊണ്ടിരിക്കുന്നതെന്നും
അദ്ദേഹം പറഞ്ഞു.വെൽഫെയർ പാർട്ടി മത്സരിക്കുന്ന മലപ്പുറം, വേങ്ങര, വണ്ടൂർ, പൊന്നാനി എന്നീ നിയോജക മണ്ഡലങ്ങളിൽ നടന്ന വിവിധ പൊതുയോഗങ്ങളിൽ പാർട്ടി ദേശീയ ജനറൽ സെക്രട്ടറി സുബ്രഹ്മണ്യ അർമുഖം,സംസ്ഥാന പ്രസിഡന്റ് ഹമീദ് വാണിയമ്പലം, സംസ്ഥാന ജനറൽ സെക്രട്ടറി കെ.എ. ഷഫീഖ്, വെൽഫെയർ പാർട്ടി സംസ്ഥാന കമ്മറ്റി അംഗം പ്രേമ ജി.പിഷാരടി,പെമ്പിളൈ ഒരുമ നേതാവും പുതുതായി വെൽഫെയർ പാർട്ടിയിൽ അംഗത്വം എടുത്ത ഗോമതി തുടങ്ങിയവർ സംബന്ധിച്ചു.