Sorry, you need to enable JavaScript to visit this website.

സദ്ദാമിന് കൊലക്കയര്‍ വിധിച്ച ജഡ്ജി കൊറോണ ബാധിച്ച് മരിച്ചു

ബഗ്ദാദ്- മുന്‍ ഇറാഖ് പ്രസിഡന്റ് സദ്ദാം ഹുസൈനെ വിചാരണ ചെയ്ത് കൊലക്കയര്‍ വിധിച്ച ജഡ്ജി മുഹമ്മദ് ഉറൈബി അല്‍ഖലീഫ (52) കൊറോണ പിടിപെട്ട് മരിച്ചു. ഇറാഖ് സുപ്രീം ജുഡീഷ്യല്‍ കൗണ്‍സില്‍ ആണ് മരണ വിവരം പുറത്തുവിട്ടത്. ബഗ്ദാദിലെ ആശുപത്രിയില്‍ ഗുരുതരാവസ്ഥയില്‍ ചികിത്സയില്‍ കഴിയവെയാണ് ജഡ്ജി മുഹമ്മദ് അല്‍ഖലീഫ അന്ത്യശ്വാസം വലിച്ചത്.
1969 ല്‍ ബഗ്ദാദിലാണ് മുഹമ്മദ് ഉറൈബി അല്‍ഖലീഫയുടെ ജനനം. ബഗ്ദാദ് യൂനിവേഴ്‌സിറ്റി ലോ കോളേജില്‍ നിന്ന് 1992 ല്‍ ബിരുദം നേടിയ മുഹമ്മദ് അല്‍ഖലീഫയെ രണ്ടായിരമാണ്ടിലാണ് ജഡ്ജിയായി നിയമിച്ചത്. ഉത്തര ഇറാഖിലെ കുര്‍ദിസ്ഥാനില്‍ കുര്‍ദുകളെ കൂട്ടക്കൊല ചെയ്ത കേസില്‍ സദ്ദാം ഹുസൈനെയും സദ്ദാം ഭരണകൂടത്തിലെ മുതിര്‍ന്ന നേതാക്കളെയും വിചാരണ ചെയ്യുന്ന പ്രത്യേക കോടതിയില്‍ 2004 ഓഗസ്റ്റില്‍ നിയമിതനായതോടെയാണ് മുഹമ്മദ് അല്‍ഖലീഫ പ്രശസ്തനായത്. കുര്‍ദുകളെ കൂട്ടക്കുരുതി നടത്തിയെന്ന ആരോപണത്തില്‍ സദ്ദാം ഹുസൈനെ വിചാരണ ചെയ്ത ബെഞ്ചിന്റെ അധ്യക്ഷ പദവിയില്‍ പിന്നീട് നിയമിതനായി. സദ്ദാം ഹുസൈന്റെ പിതൃസഹോദര പുത്രന്‍ കെമിക്കല്‍ അലി എന്ന പേരില്‍ അറിയപ്പെടുന്ന അലി ഹസന്‍ അല്‍മജീദിനെയും മറ്റു അഞ്ചു പ്രതികളെയും മുഹമ്മദ് അല്‍ഖലീഫ അധ്യക്ഷനായ ബെഞ്ച് ആണ് വിചാരണ ചെയ്തത്. 1987-1988 കാലഘട്ടത്തില്‍ കുര്‍ദുകള്‍ക്കെതിരെ രക്തരൂക്ഷിത ആക്രമണം നടത്തിയ കേസിലാണ് ഇവരെ കോടതി വിചാരണ ചെയ്തത്. സദ്ദാമിന്റെ നേതൃത്വത്തില്‍ നടത്തിയ ആക്രണങ്ങളില്‍ 1,80,000 പേര്‍ കൊല്ലപ്പെട്ടതായി പബ്ലിക് പ്രോസിക്യൂഷന്‍ കോടതിയില്‍ വാദിച്ചു. ഇതില്‍ ഭൂരിഭാഗവും സാധാരണക്കാരായിരുന്നു. വിഷവാതക പ്രയോഗത്തിലൂടെയാണ് ഇവര്‍ കൊല്ലപ്പെട്ടത്. ഈ കേസില്‍ കുറ്റക്കാരനാണെന്ന് വിധിച്ചാണ് സദ്ദാം ഹുസൈന് കോടതി വധശിക്ഷ പ്രഖ്യാപിച്ചത്. 2006 ഡിസംബര്‍ 30 ന് ബലിപെരുന്നാള്‍ ദിവസം രാവിലെ സദ്ദാം ഹുസൈനെ തൂക്കിലേറ്റുകയും ചെയ്തു.

 

Latest News