സൗദി പ്രവാസിയുടെ അന്വേഷണത്തിനു മറുപടി; ഇന്‍ഷുറന്‍സ് പരിരക്ഷക്ക് ഇഖാമ കാലാവധി നിര്‍ബന്ധം

റിയാദ് - ആരോഗ്യ ഇന്‍ഷുറന്‍സ് പരിരക്ഷ പ്രകാരമുള്ള ആനുകൂല്യങ്ങള്‍ ലഭിക്കാന്‍ ഉപയോക്താക്കളുടെ ഇഖാമയിലും തിരിച്ചറിയല്‍ കാര്‍ഡുകളിലും കാലാവധിയുണ്ടായിരിക്കണമെന്ന് വ്യവസ്ഥയുണ്ടെന്ന് കൗണ്‍സില്‍ ഓഫ് കോ-ഓപ്പറേറ്റീവ് ഹെല്‍ത്ത് ഇന്‍ഷുറന്‍സ് വ്യക്തമാക്കി. ഇഖാമ കാലാവധി അവസാനിച്ചാല്‍ വിദേശികള്‍ക്ക് മെഡിക്കല്‍ ഇന്‍ഷുറന്‍സ് കാര്‍ഡ് ഉപയോഗിക്കാന്‍ സാധിക്കില്ല. ഇന്‍ഷുറന്‍സ് പരിരക്ഷ പ്രകാരമുള്ള ആനുകൂല്യങ്ങള്‍ ലഭിക്കാന്‍ സേവന ദാതാക്കള്‍ക്ക് വിവരങ്ങള്‍ രജിസ്റ്റര്‍ ചെയ്യാന്‍ സാധിക്കുന്നതിന്, ഉപയോക്താക്കള്‍ കാലാവധിയുള്ള ഇഖാമയോ തിരിച്ചറിയല്‍ കാര്‍ഡോ ഹാജരാക്കല്‍ നിര്‍ബന്ധമാണെന്ന് കൗണ്‍സില്‍ പറഞ്ഞു.
തന്റെ ഇഖാമ കാലാവധി അവസാനിച്ചിട്ടുണ്ടെന്ന് അറിയിച്ചും തനിക്ക് മെഡിക്കല്‍ ഇന്‍ഷുറന്‍സ് കാര്‍ഡ് ഉപയോഗിക്കാന്‍ സാധിക്കുമോയെന്ന് ആരാഞ്ഞും വിദേശികളില്‍ ഒരാള്‍ നടത്തിയ അന്വേഷണത്തിന് മറുപടിയായാണ് കൗണ്‍സില്‍ ഓഫ് കോ-ഓപ്പറേറ്റീവ് ഹെല്‍ത്ത് ഇന്‍ഷുറന്‍സ് ഇക്കാര്യം വ്യക്തമാക്കിയത്. തൊഴിലാലികള്‍ക്കും അവരുടെ ആശ്രിതരായ കുടുംബാഗങ്ങള്‍ക്കും മുടങ്ങാതെ ആരോഗ്യ ഇന്‍ഷുറന്‍സ് പരിരക്ഷ ഏര്‍പ്പെടുത്താന്‍ തൊഴിലുടമകള്‍ ബാധ്യസ്ഥമാണെന്നും കൗണ്‍സില്‍ വ്യക്തമാക്കി.

 

Latest News