കോവിഡ് കേസുകള്‍ ഉയരുന്നു; ഈ മോര്‍ച്ചറിയില്‍ മൃതദേഹങ്ങള്‍ കുമിഞ്ഞ് കൂടുന്നു

ദുര്‍ഗ്- കോവിഡ് രണ്ടാം തരംഗത്തില്‍ പുതിയ കേസുകള്‍ കൂടിവരുന്ന ഛത്തീസ്ഗഢിലെ ഒരു ജില്ലയില്‍ മൃതദേഹങ്ങള്‍ സൂക്ഷിക്കാന്‍ പോലും സ്ഥലമില്ലാത്ത രീതിയില്‍ മരണ സംഖ്യ ഉയരുന്നു. ദുര്‍ഗ് ജില്ലയുടെ ആസ്ഥാന പട്ടണത്തിലാണ് ഈ ദുരവസ്ഥ. സംസ്ഥാനത്ത് കോവിഡ് ഏറ്റവും രൂക്ഷമായി ബാധിച്ചത് ദുര്‍ഗിനെയാണ്. ഒരാഴ്ചയ്ക്കിടെ ഇവിടെ കോവിഡ് മൂലം മരിച്ചത് 38 പേരാണ്. ഇക്കാലയളവില്‍ ആറായിരത്തിലേറെ പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. പുതിയ കേസുകളും മരണങ്ങളും കൂടിയതോടെ ഡോക്ടര്‍മാരാണ് ഏറെ പ്രതിസന്ധിയിലായിരിക്കുന്നത്. 500 ബെഡുകളുള്ള ഇവിടുത്തെ സര്‍ക്കാര്‍ ആശുപത്രിയുടെ കാര്യമാണ് ഏറെ കഷ്ടം. ആശുപത്രി നിറഞ്ഞു കവിഞ്ഞിരിക്കുകയാണ്. മോര്‍ച്ചറിയില്‍ ഏഴു ഫ്രീസറുകള്‍ മാത്രമാണുള്ളത്. എന്നാല്‍ ഇവിടെ സൂക്ഷിച്ചിരിക്കുന്നത് 27 മൃതദേഹങ്ങളും! എത്രയും വേഗം ഇവ ബന്ധുക്കള്‍ക്ക് വിട്ടുനല്‍കാന്‍ ഏറെ പ്രയാസപ്പെടുകയാണെന്ന് ഡോക്ടര്‍മാര്‍ പറയുന്നു. 

കോവിഡ് സൃഷ്ടിച്ച ഈ പ്രതിസന്ധി മറികടക്കാന്‍ ഒരു ബദല്‍ മാര്‍ഗവും കണ്ടെത്തിയിട്ടില്ല. മൃതദേഹങ്ങള്‍ കുമിഞ്ഞു കൂടുന്നതായി വിവരം ലഭിച്ചിട്ടുണ്ട്. ഇക്കാര്യം അന്വേഷിക്കുകയാണ്- ദുര്‍ഗിലെ ചീഫ് മെഡിക്കല്‍ സുപ്രണ്ട് ഡോ. പി ആര്‍ ബാല്‍കിശോര്‍ പറഞ്ഞു. 

ദിവസവും നാലഞ്ചു പേര്‍ ഇവിടെ കോവിഡ് ബാധിച്ച് മരിക്കുന്നു. പല രോഗികളും ആരോഗ്യ നില വഷളായ നിലയിലാണ് ആശുപത്രിയിലെത്തിക്കുന്നത്. ഓക്‌സിജന്‍ നില വളരെ കുറഞ്ഞ ശേഷമാണ് എത്തിക്കുന്നത്. ഇതാണ് മരണ സഖ്യം കൂടാന്‍ കാരണമെന്ന് അദദേഹം പറയുന്നു. 

ശ്മശാനങ്ങളിലെ കാഴ്ചകളും വ്യത്യസ്തമല്ല. ദിവസവും നിരവധി മൃതദേഹങ്ങളാണ് സംസ്‌ക്കരിക്കുന്നത്. പിപിഇ കിറ്റുകള്‍ അണിഞ്ഞ ബന്ധുക്കളും അന്ത്യകര്‍മങ്ങള്‍ നടത്തുന്നത് കോവിഡ് പടര്‍ന്നു പിടിച്ച ആദ്യ ദിനങ്ങളിലെ ദുരവസ്ഥ ഓര്‍മ്മിപ്പിക്കുന്നതാണ്. 

രണ്ടാഴ്ചയ്ക്കിടെ ഛത്തീസ്ഗഢിലെ കോവിഡ് കേസുകല്‍ 369 ശമാതനമാണ് വര്‍ധിച്ചത്. മാര്‍ച്ച് 20ന് ഏഴായിരത്തോളം കേസുകള്‍ മാത്രമുണ്ടായിരുന്നത് ഏപ്രില്‍ രണ്ടിന് 28,987 ആയി കുതിച്ചുയര്‍ന്നിരിക്കുന്നു. സ്ഥിതി വീണ്ടും വഷളാകുമെന്നാണ് കരുതപ്പെടുന്നത്. സര്‍ക്കാര്‍ വീണ്ടും ലോക്ഡൗണ്‍ പ്രഖ്യാപിച്ചിട്ടുണ്ട്. ചൊവ്വാഴ്ച മുതലാണ് നിയന്ത്രണങ്ങള്‍ കടുപ്പിക്കുന്നത്.

Latest News