നാല് രാജ്യങ്ങളില്‍നിന്ന് വരുന്നവർക്ക് കൂടി ബ്രിട്ടനില്‍ വിലക്ക്; പട്ടികയില്‍ 39 രാജ്യങ്ങളായി

ലണ്ടൻ- കോവിഡിന്‍റെ  പുതിയ വകഭേദങ്ങളെക്കുറിച്ചുള്ള ആശങ്കകൾക്കിടയില്‍ ബംഗ്ലാദേശ്, കെനിയ, പാകിസ്ഥാൻ, ഫിലിപ്പീൻസ് എന്നീ രാജ്യങ്ങളിൽ നിന്നുള്ള യാത്രക്കാരുടെ വരവ് കൂടി വിലക്കി ബ്രിട്ടീഷ് സർക്കാർ.

ഈ മാസം ഒമ്പതു മുതൽ പുതിയ നിയന്ത്രണങ്ങൾ പ്രാബല്യത്തിൽ വരുമ്പോൾ റെഡ് ലിസ്റ്റിലുള്ള രാജ്യങ്ങളുടെ എണ്ണം 39 ൽ എത്തുമെന്ന് ഗതാഗത വകുപ്പ് അറിയിച്ചു.

പട്ടികയിൽ ഉള്‍പ്പെടുന്ന രാജ്യങ്ങളിൽ യാത്രാ പുറപ്പെടുന്നതിനുമുമ്പ് 10 ദിവസം താമസിച്ചവർക്കും യാത്ര ചെയ്തവർക്കുമാണ് വിലക്ക്. 

ഏറ്റവും കൂടുതൽ വൈറസ് വകഭേദങ്ങൾ കണ്ടെത്തിയ ബ്രസീലും ദക്ഷിണാഫ്രിക്കയും പട്ടികയില്‍ ഉൾപ്പെടുന്നു,
വിമാന സർവീസുകൾ നിരോധിച്ചിട്ടില്ലാത്തതിനാൽ ബ്രിട്ടീഷ്, ഐറിഷ് പൗരന്മാർക്കും യുകെ താമസ വിസയുള്ളവർക്കും  പ്രവേശിക്കാം. ഇവർ സർക്കാർ അംഗീകാരമുള്ള ഹോട്ടലുകളില്‍ 10 ദിവസത്തെ ക്വാറന്‍റൈന്‍ സ്വന്തം ചെലവിൽ പൂർത്തിയാക്കണം. രണ്ട്, എട്ട് ദിവസങ്ങളിൽ കോവിഡ് ടെസ്റ്റ് നടത്തുകയും വേണം.


കോവിഡ് വ്യാപനം ലോക്ക്ഡൗൺ നിയന്ത്രണങ്ങൾ വീണ്ടും നടപ്പാക്കാൻ പല രാജ്യങ്ങളെയും പ്രേരിപ്പിച്ചിട്ടുണ്ടെങ്കിലും   യൂറോപ്യൻ രാജ്യങ്ങള്‍ ബ്രിട്ടീഷ് റെഡ് ലിസ്റ്റിൽ ഇല്ല.

Latest News