Sorry, you need to enable JavaScript to visit this website.

രാഹുല്‍ അമരത്തേക്ക്;  പ്രഖ്യാപനം ഇന്ന്

രാഹുല്‍ ഗാന്ധി ഗുജറാത്ത് തെരഞ്ഞെടുപ്പ് പ്രചാരണത്തില്‍.

ന്യുദല്‍ഹി- കോണ്‍ഗ്രസ് അധ്യക്ഷനായി രാഹുല്‍ ഗാന്ധിയെ തെരഞ്ഞെടുത്തതായുള്ള ഔദ്യോഗിക പ്രഖ്യാപനം ഇന്നുണ്ടാകും. അധ്യക്ഷ പദവിയിലേക്കുള്ള പത്രിക സമര്‍പ്പിക്കേണ്ട അവസാന ദിവസമാണ് ഇന്ന്. 
ഇതുവരെ രാഹുലിനെതിരെ ആരും മത്സര രംഗത്തില്ല. 1998-ല്‍ കോണ്‍ഗ്രസ് അധ്യക്ഷയായി തെരഞ്ഞെടുക്കപ്പെട്ട അമ്മ സോണിയാ ഗാന്ധിയില്‍നിന്നാണ് 19 വര്‍ഷത്തിനു ശേഷം രാഹുല്‍ പദവി ഏറ്റെടുക്കുന്നത്. 

തെരഞ്ഞെടുപ്പു പ്രാചാരണവുമായി ബന്ധപ്പെട്ട ഗുജറാത്തിലെ തിരക്കുകളിലാണ് രാഹുല്‍ ഇപ്പോള്‍. രാഹുലിന്റെ അഭാവത്തിലായിരിക്കും പ്രഖ്യാപനമുണ്ടാകുക. 16-നാണ് ഔദ്യോഗിക പ്രഖ്യാപനവും ചുമതലയേറ്റെടുക്കലും.

വലിയ രാഷ്ട്രീയ തിരിച്ചടികള്‍ നേരിട്ട കോണ്‍ഗ്രസിന്റെ അമരത്തേക്ക് 47-കാരനായ രാഹുല്‍ എത്തുന്നതോടെ പാര്‍ട്ടിയില്‍ ഒരു തലമുറ മാറ്റം തന്നെയാണ് സംഭവിക്കുന്നത്. 2013-ല്‍ കോണ്‍ഗ്രസ് ഉപാധ്യക്ഷനായി തെരഞ്ഞെടുക്കപ്പെട്ട രാഹുല്‍ നെഹ്റു കുടുംബത്തില്‍നിന്ന് പാര്‍ട്ടി അധ്യക്ഷ പദവിയിലെത്തുന്ന ആറാമത്തെയാളാകും. 

2014 ലോക്സഭാ തെരഞ്ഞെടുപ്പില്‍ വെറും 44 സീറ്റുകളിലേക്ക് ഒതുങ്ങിയ കോണ്‍ഗ്രസിനെ 2019-ല്‍ തിരിച്ചു കൊണ്ടു വരിക എന്നതായിരിക്കും അധ്യക്ഷപദവിയില്‍ രാഹുലിന്റെ ഏറ്റവും വലിയ വെല്ലുവിളി. 
ഗുജറാത്ത് പ്രചാരണ രംഗത്ത് കോണ്‍ഗ്രസ് ഉണ്ടാക്കിയ മുന്നേറ്റം ശുഭ സൂചകമായാണ് രാഷ്ട്രീയ നിരീക്ഷകര്‍ കാണുന്നത്.

 

Latest News