ചിത്രങ്ങൾ മാറിമറിഞ്ഞു; കേരളത്തിൽ മത്സരം ഇഞ്ചോടിഞ്ച്, ആർക്കും ജയിക്കാം

കോഴിക്കോട്- ഏറെ നിർണായകമായ സംസ്ഥാന നിയമസഭ തെരഞ്ഞെടുപ്പിന്റെ പരസ്യപ്രചാരണം നാളെ അവസാനിക്കാനിരിക്കെ ഇരുമുന്നണികളും ഒപ്പത്തിനൊപ്പം. തുടക്കത്തിലുണ്ടായിരുന്ന ആലസ്യവും പടലപ്പിണക്കങ്ങളും മാറ്റി യു.ഡി.എഫ് വൻ കുതിപ്പോടെ മുന്നിലെത്തി. അതേസമയം, മുന്നേറ്റം നിലനിർത്താനായെന്നും ഭരണ തുടർച്ചയുണ്ടാകുമെന്നും  എൽ.ഡി.എഫ് ആവർത്തിക്കുന്നു. കേരളത്തിലെ നാൽപത് മണ്ഡലങ്ങളിൽ ഇരുമുന്നണികളും ഉറച്ച ജയപ്രതീക്ഷ പുലർത്തുന്നുണ്ട്. ബാക്കി ഭൂരിഭാഗം മണ്ഡലങ്ങളിലും കടുത്ത മത്സരമാണ് നടക്കുന്നത്. നേരത്തെ പുറത്തുവന്ന പ്രീ പോൾ സർവേകളിൽ എൽ.ഡി.എഫിനാണ് മുന്നേറ്റം പ്രവചിച്ചതെങ്കിലും ഫീൽഡിൽനിന്നുള്ള കാര്യങ്ങൾ ഇതിന് നേരെ വിപരീതമാണ്. മുഴുവൻ മണ്ഡലങ്ങളിലും ഇഞ്ചോടിഞ്ച് പോരാട്ടമാണ് നടക്കുന്നത്. തെരഞ്ഞെടുപ്പ് നടക്കുന്ന ദിവസത്തിലേക്ക് ബാക്കിയുള്ള ഓരോ നിമിഷവും നിർണായകമാണ് എന്ന നിലയ്ക്കാണ് കാര്യങ്ങൾ. പാഴാക്കാൻ നിമിഷം പോലുമില്ലെന്ന തരത്തിലാണ് പ്രചാരണം മുന്നോട്ടുനീങ്ങുന്നത്. 

കഴിഞ്ഞ നിയമസഭ തെരഞ്ഞെടുപ്പിൽനിന്ന് വ്യത്യസ്തമായി ആലപ്പുഴ, കൊല്ലം, തൃശൂർ, പാലക്കാട് ജില്ലകളിൽ കൂടുതൽ മുന്നേറ്റമുണ്ടാക്കാൻ കഴിയുമെന്നാണ് യു.ഡി.എഫ് കണക്കാക്കുന്നത്. കോഴിക്കോട് ജില്ലയിൽനിന്നും കൂടുതൽ സീറ്റുകൾ ലഭിക്കും. അതേസമയം, കോട്ടയം ജില്ലയിൽ തിരിച്ചടിയുണ്ടാകുമെന്നും വിലയിരുത്തുന്നു. 

കഴിഞ്ഞ തവണ നേടിയ സീറ്റുകളിൽ കാര്യമായ കുറവുണ്ടാകില്ലെന്നാണ് എൽ.ഡി.എഫ് കണക്കാക്കുന്നത്. ഭരണ നേട്ടങ്ങൾ മാത്രം മതി പിണറായി സർക്കാറിനെ വീണ്ടും അധികാരത്തിലെത്തിക്കാനെന്നും എൽ.ഡി.എഫ് വ്യക്തമാക്കുന്നു. ഇത്തവണ മുഴുവൻ കാര്യങ്ങളും പിണറായി വിജയൻ നേരിട്ടാണ് ഇടതുമുന്നണിക്ക് വേണ്ടി നടപ്പാക്കുന്നത്. തെരഞ്ഞെടുപ്പു യോഗങ്ങളിൽ കേരളത്തിൽനിന്നുള്ള നേതാക്കളിൽ ഏറ്റവും കൂടുതൽ ജനക്കൂട്ടം എത്തുന്നതും പിണറായിക്ക് വേണ്ടിയാണ്. ഇതിനെ മറികടക്കുന്ന ജനക്കൂട്ടം രാഹുലിനും പ്രിയങ്ക ഗാന്ധിക്കുമായിരുന്നു. കഴിഞ്ഞ ദിവസങ്ങളിൽ പ്രധാനമന്ത്രി നരേന്ദ്രമോഡിയുടെ തെരഞ്ഞെടുപ്പ് പ്രചാരണ യോഗങ്ങൾക്കും വൻ ജനക്കൂട്ടമുണ്ടായിരുന്നു. കഴിഞ്ഞ തവണ നേമത്ത് മാത്രമാണ് ബി.ജെ.പി സ്ഥാനാർത്ഥിക്ക് വിജയിക്കാനായത്. ഇത്തവണ ചില പ്രീ പോൾ സർവേകൾ എൻ.ഡി.എക്ക് കൂടുതൽ സീറ്റുകൾ പ്രവചിക്കുന്നുണ്ട്. 
തെരഞ്ഞെടുപ്പ് പ്രഖ്യാപനത്തിന്റെ തുടക്കത്തിലുണ്ടായിരുന്നതുപോലെയല്ല കാര്യങ്ങൾ. ജീവന്മരണ പോരാട്ടം നടത്തിയെങ്കിൽ മാത്രമേ ഭരണത്തുടർച്ചയും ഭരണപ്രവേശവും സാധ്യമാകൂ എന്ന തരത്തിലാണ് കാര്യങ്ങൾ.
 

Latest News