Sorry, you need to enable JavaScript to visit this website.

Error message

Notice: Undefined variable: app_root in include_once() (line 861 of /var/www/html/sites/default/settings.php).

കണ്ണൂരിൽ ഏഴു മണ്ഡലങ്ങളിലെ  മുഴുവൻ ബൂത്തിലും വെബ്ക്യാമറ 

കണ്ണൂർ- കണ്ണൂരിൽ ഏഴു മണ്ഡലങ്ങളിലെ മുഴുവൻ ബൂത്തിലും വെബ്ക്യാമറ. ജില്ലയിലെ ഏഴു നിയോജക മണ്ഡലങ്ങളിലെ മുഴുവൻ ബൂത്തുകളിലും വെബ്ക്യാമറ സ്ഥാപിക്കാൻ തെരഞ്ഞെടുപ്പ് കമ്മീഷനു ഹൈക്കോടതി നിർദേശം നൽകിയതായി രാജ്മോഹൻ ഉണ്ണിത്താൻ എം.പിയാണ് പയ്യന്നൂരിൽ വാർത്താ സമ്മേളനത്തിൽ അറിയിച്ചത്. 
പയ്യന്നൂർ, കല്യാശേരി, തളിപ്പറമ്പ്, ധർമടം, പേരാവൂർ, കണ്ണൂർ, തലശ്ശേരി എന്നീ മണ്ഡലങ്ങളിലെ ബൂത്തുകളിലാണു വെബ്ക്യാമറ സ്ഥാപിക്കാൻ നിർദേശം നൽകിയത്. കള്ളവോട്ട് തടയുന്നതിനു നടപടി ആവശ്യപ്പെട്ടു കല്യാശേരി ബ്ലോക്ക് കോൺഗ്രസ് പ്രസിഡന്റ് പി.പി. കരുണാകരൻ മാസ്റ്റർ ഹൈക്കോടതിയിൽ നൽകിയ റിട്ട് ഹരജിയിലാണു ഹൈക്കോടതി നർദേശം. 
പോളിംഗ് ബൂത്തിലേക്കു പ്രവേശിക്കുന്ന വോട്ടർമാർ മാസ്‌ക് നീക്കം ചെയ്യണമെന്നും വെബ് കാസ്റ്റിംഗിന്റെ ലിങ്ക് പരാതിക്കാരനു ലഭ്യമാക്കാനും കോടതി ഉത്തരവിൽ പറയുന്നു. തെരഞ്ഞെടുപ്പിനു ശേഷം പത്തു ദിവസത്തിനകം വെബ്ക്യാമറയുടെ ഹാർഡ് ഡിസ്‌കിന്റെ പകർപ്പും പരാതിക്കാരനു കൈമാറണം. പോളിംഗിൽ കൃത്രിമം നടന്നതായി തെളിഞ്ഞാൽ പോളിംഗ് ഉദ്യോഗസ്ഥർക്കെതിരേ നടപടിയെടുക്കണമെന്നും തെരഞ്ഞെടുപ്പ് കമ്മീഷനു നിർദേശം നൽകിയിട്ടുണ്ട്.


ഒരാൾക്ക് ഒരു വോട്ട് മാത്രമായാൽ ഉത്തര മലബാറിലെ പല മണ്ഡലങ്ങളിലും സി.പി.എമ്മിന് അടി പതറുമെന്ന് ഉണ്ണിത്താൻ പറഞ്ഞു. എൽ.ഡി.എഫിന്റെ കണ്ണുകൾ കള്ളവോട്ടിലാണ്. ബൂത്ത് പിടിച്ചെടുക്കലിലാണ് സി.പി.എമ്മിന്റെ ആത്മവിശ്വാസം. ടി.പി.ചന്ദ്രശേഖരൻ വധക്കേസ് പ്രതിയായിരുന്ന കുഞ്ഞനന്തൻ മരിച്ചിട്ട് ഒരു വർഷത്തിലേറെയായി. അദ്ദേഹത്തിന്റെ പേര് ഇപ്പോഴും വോട്ടർ പട്ടികയിലുണ്ട്. ഇരട്ട വോട്ടുള്ളത് ഏതു പാർട്ടി പ്രവർത്തകർക്കാണ് എന്നതല്ല വിഷയം. എല്ലാ ഇരട്ടവോട്ടുകളും റദ്ദാക്കണമെന്നാണു യു.ഡി.എഫിന്റെ ആവശ്യം. 
കോടികൾ ചെലവാക്കി എൽ.ഡി.എഫ് പരസ്യം നൽകി വോട്ടർമാരെ തെറ്റിദ്ധരിപ്പിക്കുകയാണ്. അഴിമതിയിൽ നിന്നാർജിച്ച പണമാണ് തെരഞ്ഞെടുപ്പിൽ ഒഴുക്കുന്നത്. പണത്തിന്റെ ഉറവിടം എവിടെ നിന്നാണെന്നു വ്യക്തമാക്കണമെന്നും ഉണ്ണിത്താൻ ആവശ്യപ്പെട്ടു.

 

Latest News