ജിദ്ദ - ധ്രുവീകരണ രാഷ്ട്രീയത്തിനെതിരെ ജനകീയ ബദൽ എന്ന മുദ്രവാക്യമുയർത്തി മത്സരിക്കുന്ന എസ്.ഡി.പി.ഐ സ്ഥാനാർത്ഥി കെ. ബാബുമണിയുടെ തെരഞ്ഞെടുപ്പ് പ്രചാരണാർത്ഥം ഇന്ത്യൻ സോഷ്യൽ ഫോറം സൗദി നിലമ്പൂർ നിയോജക മണ്ഡലം കമ്മറ്റി ഓൺലൈൻ കൺവെൻഷൻ സംഘടിപ്പിച്ചു. ഭരണത്തിലിരിക്കുന്നവരും മറ്റു മുഖ്യധാരക്കാരും സംഘപരിവാറിന്റെ പ്രീതിയും വോട്ടും നേടാനായി മുൻകാലങ്ങളിൽ നടത്തിവന്ന കുതന്ത്രങ്ങൾ മറനീക്കി പുറത്തുവരുന്നതിലൂടെ ജനവഞ്ചകരുടെ പൊയ്മുഖമാണ് വെളിവാകുന്നതെന്ന് കൺവെൻഷൻ ഉദ്ഘാടനം ചെയ്ത ഇന്ത്യൻ സോഷ്യൽ ഫോറം കേരള സ്റ്റേറ്റ് പ്രസിഡന്റ് ഹനീഫ കടുങ്ങല്ലൂർ പറഞ്ഞു. അതേസമയം ന്യൂനപക്ഷങ്ങളെ തങ്ങളുടെ വരുതിയിൽ നിർത്തി വോട്ടിന് വേണ്ടിയുള്ള കറവപ്പശുക്കളാക്കുന്ന തന്ത്രം ജനം തിരിച്ചറിയണമെന്നും അദ്ദേഹം പറഞ്ഞു. സംഘപരിവാർ നേതാക്കളും സ്ഥാനാർത്ഥികളും വോട്ടിനു വേണ്ടി കടുത്ത വംശീയതയും വർഗീയതയും പരസ്യമായി പ്രചരിപ്പിക്കുന്നത് വ്യക്തമായ അറിവുണ്ടായിട്ടും നടപടിയെടുക്കാത്ത സർക്കാർ നയം അപലപനീയമാണ്.
പൊതു വിഷയങ്ങളിൽ കാപട്യം പുലർത്തുന്ന ഇരു മുന്നണികൾക്കും തെരഞ്ഞെടുപ്പിൽ തിരിച്ചടി നൽകി എസ്.ഡി.പി.ഐ സ്ഥാനാർത്ഥികളുടെ വിജയത്തിന് വേണ്ടി പ്രവാസി സുഹൃത്തുക്കളുടെ പൂർണ സഹകരണമുണ്ടാവണമെന്നും ഹനീഫ കടുങ്ങല്ലൂർ അഭ്യർത്ഥിച്ചു. സ്ഥാനാർത്ഥി കെ. ബാബുമണി സംസാരിച്ചു. നിലമ്പൂർ മണ്ഡലത്തിന്റെ യഥാർത്ഥ പ്രശ്‌നങ്ങൾ ഉയർത്തിക്കാട്ടി തിരഞ്ഞെടുപ്പിനെ നേരിടാൻ ഇരു മുന്നണികളും തയാറല്ലെന്ന് ബാബുമണി ആരോപിച്ചു. ടൗണിലെ ഗതാഗതക്കുരുക്കും മലയോര മേഖലയിലെ വന്യമൃഗ ശല്യവും, പ്രളയ പുനരധിവാസത്തിലെ വീഴ്ചയും രണ്ടു മുന്നണികളും മനഃപൂർവം മറച്ചുവെക്കുകയാണെന്നും ജനങ്ങളുടെ സ്വപ്‌നമായ നിലമ്പൂരിന്റെ സമഗ്രവികസനത്തിനായി ഒന്നിച്ചു നിന്ന് പ്രയത്‌നിക്കുമെന്നും അദ്ദേഹം പറഞ്ഞു.
ജംഷീദ് കാരപ്പുറം (ജിസാൻ) അധ്യക്ഷത വഹിച്ചു. ഹംസ കരുളായി (ജിദ്ദ) സ്വാഗതവും ഷംസുദ്ദീൻ പൂക്കോട്ടുംപാടം (ദമാം) നന്ദിയും പറഞ്ഞു.