Sorry, you need to enable JavaScript to visit this website.

സ്വകാര്യമേഖലയിൽ ഗോസിയിൽ രജിസ്റ്റർ  ചെയ്ത ജീവനക്കാർ 85 ലക്ഷം കവിഞ്ഞു

റിയാദ് -  കഴിഞ്ഞ വർഷാവസാനത്തെ കണക്കുകൾ പ്രകാരം ജനറൽ ഓർഗനൈസേഷൻ ഫോർ സോഷ്യൽ ഇൻഷുറൻസിൽ (ഗോസി) രജിസ്റ്റർ ചെയ്ത സ്വകാര്യ മേഖലാ ജീവനക്കാർ 85 ലക്ഷം. 20.3 ലക്ഷം സ്വദേശികളും 64.8 ലക്ഷം വിദേശികളും. രാജ്യത്ത് സിവിൽ സർവീസ് നിയമം ബാധകമായ 12.7 ലക്ഷം ജീവനക്കാരുണ്ട്. ഇക്കൂട്ടത്തിൽ 12.3 ലക്ഷത്തോളം പേർ സൗദികളും 22,700 ഓളം പേർ വിദേശികളുമാണ്. ആരോഗ്യ മന്ത്രാലയത്തിലും മറ്റും ജോലി ചെയ്യുന്ന കരാർ ജീവനക്കാരായ വിദേശികൾ ഇവർക്കു പുറമെയാണ്. കഴിഞ്ഞ വർഷം നാലാം പാദത്തിൽ സൗദിയിൽ സ്വദേശികൾക്കിടയിലെ തൊഴിലില്ലായ്മ നിരക്ക് 12.6 ശതമാനമായി കുറഞ്ഞിട്ടുണ്ട്. മൂന്നാം പാദത്തിൽ തൊഴിലില്ലായ്മ നിരക്ക് 14.9 ശതമാനമായിരുന്നു. രാജ്യത്തെ മൊത്തം ജനസംഖ്യയിൽ തൊഴിലില്ലായ്മ നിരക്ക് മൂന്നാം പാദത്തിൽ 8.5 ശതമാനമായിരുന്നു. ഇത് നാലാം പാദത്തിൽ 7.4 ശതമാനമായി കുറഞ്ഞു. 
ആകെ ജനസംഖ്യയിൽ പുരുഷന്മാർക്കിടയിലെ തൊഴിലില്ലായ്മ നിരക്ക് 4.4 ശതമാനത്തിൽ നിന്ന് നാലു ശതമാനമായും വനിതകൾക്കിടയിലെ തൊഴിലില്ലായ്മ നിരക്ക് 24.6 ശതമാനത്തിൽ നിന്ന് 20.2 ശതമാനമായും കുറഞ്ഞു. സൗദി പുരുഷന്മാർക്കിടയിലെ തൊഴിലില്ലായ്മ നിരക്ക് നാലാം പാദത്തിൽ 7.1 ശതമാനമായി കുറഞ്ഞു. മൂന്നാം പാദത്തിൽ ഇത് 7.9 ശതമാനമായിരുന്നു. സ്വദേശി വനിതകൾക്കിടയിലെ തൊഴിലില്ലായ്മ നിരക്ക് 30.2 ശതമാനത്തിൽനിന്ന് 24.4 ശതമാനമായും നാലാം പാദത്തിൽ കുറഞ്ഞുവെന്നും ഗോസി വൃത്തങ്ങൾ വെളിപ്പെടുത്തി. 

 

Latest News