ബിരിയാണിയുണ്ടാക്കാന്‍ വിളിച്ചുവരുത്തി യുവതിയെ കൂട്ടബലാല്‍സംഗം ചെയ്തു

കൊച്ചി-പെരുമ്പാവൂരില്‍ ബിരിയാണി ഉണ്ടാക്കാനെന്ന വ്യാജേന വിളിച്ചുവരുത്തിയ യുവതിയെ ബലാത്സംഗത്തിനിരയാക്കിയ നാല് അന്തര്‍സംസ്ഥാന തൊഴിലാളികള്‍ അറസ്റ്റില്‍. പശ്ചിമബംഗാള്‍ സ്വദേശികളായ സലിം മണ്ഡല്‍ (30), മുക്‌ലന്‍ അന്‍സാരി (28), മോനി എന്നുവിളിക്കുന്ന മുനീറുല്‍ (20), ഷക്കീല്‍ മണ്ഡല്‍ (23) എന്നിവരാണ് അറസ്റ്റിലായത്.
മാര്‍ച്ച് 30നായിരുന്നു ക്രൂര സംഭവമുണ്ടായത്. ബംഗാള്‍ സ്വദേശിനിയായ 19 വയസുകാരിയാണ് പീഡനത്തിനിരയായത്. ഇവരുടെ ഭര്‍ത്താവ് പ്ലൈവുഡ് കമ്പനിയില്‍ ജോലിക്ക് പോയ സമയത്ത് സൗഹൃദം മുതലെടുത്ത് അടുത്തുള്ള മുക്‌ലന്‍ അന്‍സാരിയുടെ വീട്ടിലേക്ക് ബിരിയാണിയുണ്ടാക്കാനെന്ന വ്യാജേന വിളിച്ചുവരുത്തിയ ശേഷം പ്രതികള്‍ യുവതിയെ പീഡനത്തിന് ഇരയാക്കുകയായിരുന്നെന്ന് പൊലീസ് പറഞ്ഞു. സംഭവത്തിനുശേഷം കേരളം വിട്ടുപോകാനുള്ള ശ്രമത്തിനിടെ രണ്ടുദിവസത്തെ അന്വേഷണത്തിനൊടുവിലാണ് സാഹസികമായി ഇവരെ പിടികൂടിയത്.  കോടതിയില്‍ ഹാജരാക്കിയ പ്രതികളെ റിമാന്‍ഡ് ചെയ്തു. യുവതിയെ സാരമായ പരിക്കുകളോടെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്.
പെരുമ്പാവൂര്‍ ഡിവൈ.എസ്.പി ജയരാജിന്റെ നേതൃത്വത്തില്‍ സി.ഐ രാഹുല്‍ രവീന്ദ്രന്‍, അസി. രാജീവ്, സി.പി.ഒ ഷിജോ പോള്‍, സുബൈര്‍, ഷര്‍നാസ് തുടങ്ങിയവര്‍ ചേര്‍ന്നാണ് പ്രതികളെ പിടികൂടിയത്.

 

Latest News