സകാക്ക - ബിനാമി ബിസിനസ് കേസില്‍ ഇന്ത്യക്കാരന്‍ അടക്കം നാലു പേരെ സകാക്ക ക്രിമിനല്‍ കോടതി ശിക്ഷിച്ചതായി സൗദി വാണിജ്യ മന്ത്രാലയം അറിയിച്ചു.
രാജ്യത്തെ നിയമങ്ങള്‍ ലംഘിച്ച് അല്‍ജൗഫ് പ്രവിശ്യയില്‍ പെട്ട ദോമത്തുല്‍ ജന്ദലില്‍ ഫര്‍ണിച്ചര്‍ വ്യാപാര സ്ഥാപനം നടത്തിയ ഇന്ത്യക്കാരന്‍ ഹസ്‌റത്ത് അലി അബ്ദുസ്സത്താര്‍, അഫ്ഗാനികളായ ഹയാത്ത് ഖാന്‍ നൂറുല്ല, ദൈഫുല്ല ഖാന്‍ മുഹമ്മദ്, ഇവര്‍ക്കു വേണ്ട ഒത്താശകള്‍ ചെയ്തുകൊടുത്ത സൗദി പൗരന്‍ നായിഫ് നശ്മി ബിന്‍ മുഹമ്മദ് അല്‍ശരീത്തി എന്നിവരെയാണ് കോടതി ശിക്ഷിച്ചത്.
നിയമ ലംഘകര്‍ക്ക് കോടതി 2,60,000 റിയാല്‍ പിഴ ചുമത്തി. സൗദി പൗരനെ ഒരു മാസം തടവിനും കോടതി ശിക്ഷിച്ചു. പ്രതികളായ അഫ്ഗാനികള്‍ക്ക് ആറു മാസം വീതം തടവും ഇന്ത്യക്കാരന് നാലു മാസം തടവുമാണ് കോടതി വിധിച്ചത്. സ്ഥാപനം അടച്ചുപൂട്ടാനും ലൈസന്‍സും കൊമേഴ്‌സ്യല്‍ രജിസ്‌ട്രേഷനും റദ്ദാക്കാനും കോടതി ഉത്തരവിട്ടു. ഇതേ മേഖലയില്‍ പുതിയ സ്ഥാപനം ആരംഭിക്കുന്നതില്‍ നിന്ന് സൗദി പൗരന് വിലക്കേര്‍പ്പെടുത്തിയിട്ടുമുണ്ട്.
നിയമാനുസൃത സക്കാത്തും ഫീസുകളും നികുതികളും നിയമ ലംഘകരില്‍ നിന്ന് ഈടാക്കാനും വിധിയുണ്ട്. ശിക്ഷ പൂര്‍ത്തിയാക്കിയ ശേഷം ഇന്ത്യക്കാരനെയും അഫ്ഗാനികളെയും നാടുകടത്താനും കോടതി ഉത്തരവിട്ടു. പുതിയ തൊഴില്‍ വിസയില്‍ വീണ്ടും രാജ്യത്ത് പ്രവേശിക്കുന്നതില്‍ നിന്ന് മൂവര്‍ക്കും ആജീവനാന്ത വിലക്കുമേര്‍പ്പെടുത്തി. സൗദി പൗരന്റെയും ഇന്ത്യക്കാരന്റെയും അഫ്ഗാനികളുടെയും പേരുവിവരങ്ങളും ഇവര്‍ നടത്തിയ നിയമ ലംഘനവും ഇതിനുള്ള ശിക്ഷയും നാലു പേരുടെയും ചെലവില്‍ പരസ്യം ചെയ്യാനും കോടതി ഉത്തരവിട്ടു.
ദോമത്തുല്‍ ജന്ദലില്‍ പ്രവര്‍ത്തിക്കുന്ന ഫര്‍ണിച്ചര്‍ സ്ഥാപനം ബിനാമി സ്ഥാപനമാണെന്ന് വാണിജ്യ മന്ത്രാലയത്തിന് സംശയം തോന്നുകയായിരുന്നു. വിശദ അന്വേഷണത്തില്‍ സൗദി പൗരന്റെ ഒത്താശയോടെ സ്ഥാപനം വിദേശികള്‍ സ്വന്തം നിലക്ക് നടത്തുകയാണെന്ന് വ്യക്തമായി. ഒരു വര്‍ഷത്തിനിടെ 17 ലക്ഷം റിയാലിന്റെ സാമ്പത്തിക ഇടപാടുകള്‍ വിദേശികള്‍ നടത്തിയതായും അന്വേഷണത്തില്‍ കണ്ടെത്തി. ഇതിന്റെ അടിസ്ഥാനത്തില്‍ പ്രാഥമികാന്വേഷണം പൂര്‍ത്തിയാക്കി നിയമ ലംഘകര്‍ക്കെതിരായ കേസ് വാണിജ്യ മന്ത്രാലയം പിന്നീട് പബ്ലിക് പ്രോസിക്യൂഷന് കൈമാറുകയായിരുന്നു.