Sorry, you need to enable JavaScript to visit this website.

ചെറിയ ചില സന്ദേശങ്ങൾ

ഓരോ വ്യക്തിയിലും ചെറിയ ചെറിയ വിജയങ്ങൾ ആഗ്രഹിക്കുന്ന ഒരു മനസ്സുണ്ടാകുമെന്നത് പ്രശസ്തമായ സിനിമാ ഡയലോഗ് ആണെങ്കിലും പ്രാപഞ്ചിക സത്യം കൂടിയാണ്. എന്നാൽ വിജയങ്ങൾ മാത്രമാഗ്രഹിക്കുന്ന മനസ്സാണ് തെരഞ്ഞെടുപ്പ് രാഷ്ട്രീയത്തിൽ പങ്കെടുക്കുന്നവരുടേത്. പരാജയം അവരുടെ നിഘണ്ടുവിലില്ല, എല്ലാവരും വിജയിക്കാൻ മാത്രം മത്സരിക്കുന്നു. ഒരിക്കലും വിജയിക്കില്ലെന്നുറപ്പുള്ള സീറ്റുകൾ പോലും കരഞ്ഞും കാലുപിടിച്ചും സ്വന്തമാക്കുന്നു. അസാമാന്യമായ ഈ ആത്മവിശ്വാസമാണ്, തോൽക്കുമെന്നറിഞ്ഞാലും പൊരുതി നോക്കാനുള്ള ധൈര്യമാണ് രാഷ്ട്രീയക്കാരുടെ കൈമുതൽ.


കേരളം നിയമസഭാ തെരഞ്ഞെടുപ്പിന്റെ അവസാന ലാപ്പിലാണ്. മൂന്നാഴ്ചയോളം നീണ്ട കടുത്ത പ്രചാരണത്തിന്റേയും വാദകോലാഹലങ്ങളുടേയും ഒടുവിൽ സമ്മതിദാനം രേഖപ്പെടുത്താനായി വോട്ടർമാർ ബൂത്തുകളിലേക്ക് സഞ്ചരിക്കാൻ മണിക്കൂറുകൾ മാത്രം. ജയവും തോൽവിയും കൂട്ടിക്കിഴിച്ച്, പോരായ്മകൾ നികത്തി, ഫിനിഷിംഗ് പോയന്റിലേക്ക് ആദ്യം ഓടിക്കയറാനുള്ള തത്രപ്പാടാണിനി. ഈ തെരഞ്ഞെടുപ്പ് ഫലം ചിലപ്പോൾ കേരളത്തിന്റെ രാഷ്ട്രീയ ചരിത്രത്തിൽ പുതിയൊരു അധ്യായം കുറിച്ചേക്കാം. അല്ലെങ്കിൽ തീരുമാനമെടുക്കാനുള്ള മലയാളി മനസ്സിന്റെ കഴിവ് അടയാളപ്പെടുത്തിയേക്കാം. 


പക്ഷേ, ചില വോട്ടെടുപ്പ് ഫലങ്ങൾ യഥാർഥത്തിൽ സമൂഹത്തിന് നൽകേണ്ട സന്ദേശങ്ങൾ കൂടിയാവണം. എങ്കിൽ മാത്രമാണ് ജനാധിപത്യത്തിന്റെ കരുത്തും സൗന്ദര്യവും അനുഭവിച്ചറിയാനാകുക. ജയിക്കുന്നതും തോൽക്കുന്നതും ഏതു മുന്നണിയായാലും അതിനപ്പുറത്തേക്ക് പ്രസരിക്കുന്നതാണ് ഈ സന്ദേശം. കഴിഞ്ഞ ദിവസം ഒരു തെരഞ്ഞെടുപ്പ് പ്രചാരണ യോഗത്തിൽ കോൺഗ്രസ് നേതാവ് പ്രിയങ്ക ഗാന്ധി ശരിയായി പറഞ്ഞതുപോലെ, കേരളത്തിലെ തെരഞ്ഞെടുപ്പ് ഫലം ഇന്ത്യക്ക് നൽകുന്ന ഒരു സന്ദേശം കൂടിയായിരിക്കും. രാജ്യത്തെ കാർന്നു തിന്നുന്ന ഫാസിസ്റ്റ് രാഷ്ട്രീയത്തെ കേരളം എപ്രകാരം സ്വീകരിക്കുമെന്നത് ഈ തെരഞ്ഞെടുപ്പിലെ പ്രധാന ചോദ്യമാണ്. ഇതിന് മലയാളി നൽകുന്ന മറുപടി മതേതര ഇന്ത്യ കാത്തിരിക്കുകയാണ്. 


നേമം മണ്ഡലത്തിലെ മത്സരത്തെ ഈ സന്ദേശത്തിന്റെ പ്രതീകമായി കോൺഗ്രസിന്റെ കേന്ദ്ര നേതൃത്വം നിശ്ചയിച്ചതിന് ഒരുപാട് അർഥതലങ്ങളുണ്ടായിരുന്നു. എന്നാൽ അതിന്റെ പൂർണാർഥത്തിൽ സംസ്ഥാനത്തെ കോൺഗ്രസ് നേതാക്കൾ അത് ഉൾക്കൊണ്ടിട്ടുണ്ടോ എന്നത് സംശയമാണ്. നേമത്തെ കരുത്തനായി കോൺഗ്രസ് അവതരിപ്പിച്ച കെ. മുരളീധരൻ പരാജയം മണക്കുന്നതായി അദ്ദേഹത്തിന്റെ ഏറ്റവും ഒടുവിലെ പ്രസ്താവനകൾ സൂചിപ്പിക്കുന്നു. തെരഞ്ഞെടുപ്പിൽ സ്വന്തം പാർട്ടിക്കാരിൽനിന്നുള്ള അട്ടിമറി അദ്ദേഹം പ്രതീക്ഷിക്കുന്നുണ്ട്. ഉന്നത നേതാക്കൾ നേമത്തേക്ക് തിരിഞ്ഞുനോക്കുന്നില്ല എന്ന അദ്ദേഹത്തിന്റെ പരാതിയിൽ ന്യായമുണ്ട്. കഴിഞ്ഞ ലോക്‌സഭാ തെരഞ്ഞെടുപ്പിൽ ശശി തരൂർ അനുഭവിച്ച പ്രതിസന്ധി ഒരളവോളം മുരളിക്കും അനുഭവിക്കേണ്ടിവരുന്നു. തരൂരിന്റെ പ്രതിസന്ധിക്ക് മുരളിയും കാരണക്കാരനായി എന്നതായിരുന്നു വസ്തുത. വടകരയിൽ മുരളിക്കായുള്ള പ്രചാരണത്തിന് വട്ടിയൂർക്കാവിലെ കോൺഗ്രസ് പ്രവർത്തകർ ഭാണ്ഡം മുറുക്കി പോയപ്പോൾ, വെട്ടിലായത് ശശി തരൂരാണ്. അദ്ദേഹം പരാതിപ്പെട്ടതോടെയാണ് ഒടുവിൽ ആന്റണിയടക്കമുള്ള നേതാക്കൾ മണ്ഡലത്തിലിറങ്ങിയത്. 


മുരളി പരാജയപ്പെടുമോ എന്നതല്ല, കുമ്മനം  വിജയിക്കുമോ എന്നതാണ് നേമം ഈ തെരഞ്ഞെടുപ്പിലൂടെ നൽകാൻ പോകുന്ന സന്ദേശം. പ്രിയങ്ക പറഞ്ഞതു പോലെ, കേരളം എങ്ങനെ ചിന്തിക്കുന്ന എന്നതിന്റെ ഒരു ദിശാസൂചകമാവാമത്. നേമത്തെ നിലവിലെ എം.എൽ.എ ഒ. രാജഗോപാൽ ഒരു അഭിമുഖത്തിൽ പറഞ്ഞത് ബി.ജെ.പി വോട്ടുകൾ കൊണ്ട് മാത്രമല്ല താൻ വിജയിച്ചത് എന്നാണ്. ഇതേ ആനുകൂല്യം കുമ്മനത്തിനും കിട്ടുമോ എന്നതാണ് ചോദ്യം. പാർട്ടിക്ക് പുറത്ത് എവിടെനിന്നൊക്കെ അദ്ദേഹത്തിന് വോട്ടുകൾ സമാഹരിക്കാൻ കഴിയുന്നു എന്നത് പ്രധാനമാണ്.
ഈ തെരഞ്ഞെടുപ്പിൽ ബി.ജെ.പി കേരളത്തിൽ അധികാരം പിടിച്ചെടുക്കും എന്ന് ആരും കരുതുന്നില്ല. എന്നാൽ അവർ എത്ര സീറ്റുകളിൽ വിജയിക്കും, എത്ര ശതമാനം വോട്ട് നേടും എന്നത് പ്രധാനം തന്നെയാണ്. കേരളത്തിലെ വോട്ടർമാർ ബുദ്ധിപരമായി തങ്ങളുടെ സമ്മതിദാനാവകാശം വിനിയോഗിച്ചാൽ മാത്രമേ, രാജ്യത്തിന് അത് യഥാർഥ സന്ദേശമായി മാറുകയുള്ളൂ. ഹിംസാത്മക വർഗീയതയിലൂടെ ജനങ്ങൾക്കിടയിലെ ധ്രുവീകരണമാണ് ദേശീയ തെരഞ്ഞെടുപ്പുകളിൽ ആവർത്തന വിജയം നേടാൻ ബി.ജെ.പിക്ക് സഹായകമായത്. ഈ തന്ത്രം കേരളത്തിന്റെ മനസ്സ് എത്ര ശതമാനം ഉൾക്കൊള്ളുന്നു എന്നത് ഈ തെരഞ്ഞെടുപ്പ് നമ്മോട് വിളിച്ചു പറയും.


ചില വിജയങ്ങൾ, ഈ തെരഞ്ഞെടുപ്പ് സമൂഹത്തിന് നൽകുന്ന സന്ദേശമായി മാറുമെന്ന് നേരത്തെ സൂചിപ്പിച്ചു. രണ്ട് മണ്ഡലങ്ങളിലെ രാഷ്ട്രീയ മനസ്സ് ഇക്കാര്യത്തിൽ ചൂണ്ടിക്കാണിക്കേണ്ടതുണ്ട്. അതിൽ പ്രധാനം വടകരയിലെ മത്സരമാണ്. അവിടെ ആർ.എം.പി നേതാവ് കെ.കെ. രമയാണ് യു.ഡി.എഫ് സ്ഥാനാർഥി. ടി.പി. ചന്ദ്രശേഖരൻ വധിക്കപ്പെട്ട് വർഷങ്ങൾ കഴിഞ്ഞെങ്കിലും അതുയർത്തിയ അനുരണനങ്ങൾ ഇനിയും അടങ്ങിയിട്ടില്ല. ഈ തെരഞ്ഞെടുപ്പിൽ വടകരയിലെ വോട്ടർമാർ എടുക്കുന്ന തീരുമാനം വലിയൊരു സന്ദേശം നൽകേണ്ടതുണ്ട്. ജനാധിപത്യത്തെ നിരർഥകമാക്കുന്ന, അക്രമത്തിന്റേയും കൈയൂക്കിന്റേയും രാഷ്ട്രീയത്തെ നിരസിക്കാനുള്ള ആത്മബലം വോട്ടർമാർക്കുണ്ടോ എന്ന പരീക്ഷണമാണ് വടകരയിൽ നടക്കുന്നത്. വികസനം, സ്വേഛാധിപത്യം, അഴിമതി, ഭരണ സുതാര്യത തുടങ്ങി ഈ തെരഞ്ഞെടുപ്പ് ചർച്ച ചെയ്യുന്ന എല്ലാ വിഷയങ്ങളും അപ്രസക്തമാക്കുന്ന സ്ഥാനാർഥിത്വമാണ് വടകരയിലേത്. രാഷ്ട്രീയ അന്ധവിശ്വാസങ്ങൾ സ്വതന്ത്ര തീരുമാനങ്ങളിൽനിന്ന് നമ്മെ തടയുന്ന, കക്ഷിരാഷ്ട്രീയത്തിന്റെ അതിപ്രസരമുള്ള തീരുമാനമാണോ, അതോ കേരള രാഷ്ട്രീയത്തിന് വടകര നൽകുന്ന സന്ദേശമാണോ അവിടെ പ്രതിഫലിക്കുക എന്നറിയാൻ കാത്തിരിക്കേണ്ടിവരും.


പ്രസക്തമായ മറ്റൊരു മത്സരം നടക്കുന്നത് ഏറ്റുമാനൂരിലാണ്. സീറ്റ് കിട്ടാത്തതിന്റെ പരിഭവത്തിലാണ് മഹിളാ കോൺഗ്രസ് അധ്യക്ഷ ലതികാ സുഭാഷ് അവിടെ സ്വതന്ത്രയായി മത്സരിക്കുന്നത് എന്ന് അംഗീകരിച്ചാൽ പോലും അവരുടെ സ്ഥാനാർഥിത്വം ഉയർത്തുന്ന ചില സജീവ പ്രശ്‌നങ്ങളുണ്ട്. അതിനെ അഭിമുഖീകരിക്കാൻ ഏറ്റുമാനൂരിലെ വോട്ടർമാർ തയാറാകുമോ എന്നതാണ് ഈ തെരഞ്ഞെടുപ്പ് നൽകാൻ പോകുന്ന മറ്റൊരു സന്ദേശം. എല്ലാ പുരോഗമന നാട്യങ്ങൾക്കുമപ്പുറം യാഥാസ്ഥിതിക മൂല്യങ്ങളിൽ കെട്ടുപിണഞ്ഞു കിടക്കുന്ന ജീവിത കാഴ്ചപ്പാടുകളാണ് മലയാളിയെ ഇന്നും നയിക്കുന്നത്. പൊതുരംഗത്തെ വനിതകളെ പൂർണമായി അംഗീകരിക്കാൻ മടിക്കുന്നവരാണ് ഇപ്പോഴും നാം. എല്ലാ പാർട്ടികളും ഈ യാഥാർഥ്യത്തെ ഏറിയും കുറഞ്ഞും മനസ്സിലാക്കുന്നതുകൊണ്ടാണ് നിയമത്തിന്റെ പിൻബലമില്ലാത്ത വനിതാ സംവരണം നടപ്പാകാതെ പോകുന്നത്. വനിതാ നേതാക്കൾ പാർട്ടിയിൽ ഉയർന്നുവരാത്തത്. ശക്തരായ പുരുഷന്മാരുടെ തണലിൽ വളർന്നുവന്ന വനിതാ നേതാക്കൾ മാത്രമേ നമുക്കുണ്ടായിട്ടുള്ളൂ. കോൺഗ്രസിലെ വനിതകളിൽനിന്ന് ഒരു ഉമ്മൻ ചാണ്ടിയോ രമേശ് ചെന്നിത്തലയോ ഉണ്ടാകാത്തതു പോലെ സി.പി.എമ്മിലെ വനിതകളിൽനിന്ന് ഒരു യെച്ചൂരിയോ പിണറായിയോ ഉണ്ടാകാൻ പ്രയാസമാണ്. ഈ യാഥാർഥ്യത്തിന്റെ നടുവിലാണ് ലതികാ സുഭാഷ് സ്ഥാനാർഥിത്വം പ്രഖ്യാപിച്ചത്.


പ്രധാനപ്പെട്ട ഒരു പോഷക സംഘടനയുടെ അധ്യക്ഷയായിരുന്നിട്ട് കൂടി ലതികാ സുഭാഷിന്റെ രാജിക്ക് കോൺഗ്രസിനുള്ളിൽ യാതൊരു ചലനമുണ്ടാക്കാനായില്ലെന്നത് നമ്മുടെ സാമൂഹിക യാഥാർഥ്യങ്ങൾക്ക് അടിവരയിടുന്നു. ഈ അവസ്ഥാവിശേഷത്തോട് ഏറ്റുമാനൂരിലെ വോട്ടർമാർ, ഏറ്റവും കുറഞ്ഞത് സ്ത്രീ വോട്ടർമാരെങ്കിലും എപ്രകാരം പ്രതികരിക്കുമെന്നത് ഈ തെരഞ്ഞെടുപ്പിലെ പ്രധാനപ്പെട്ട ഒരു സന്ദേശമായിരിക്കും. വനിതാ പ്രാതിനിധ്യക്കുറിച്ചും സമൂഹ പുനർനിർമാണത്തിലെ വനിതകളുടെ പങ്കാളിത്തത്തെക്കുറിച്ചുമുള്ള നമ്മുടെ യഥാർഥ നിലപാടുകളാവും ഏറ്റുമാനൂരിൽ പ്രതിഫലിക്കുക.
ചെറിയ ചെറിയ ചില വിജയങ്ങളും ചില തോൽവികളും നമുക്ക് നൽകുന്ന പാഠവും ഉൾക്കാഴ്ചയും വളരെ വലുതായിരിക്കും. എല്ലാ കോലാഹലങ്ങൾക്കുമപ്പുറം യഥാർഥ തെരഞ്ഞെടുപ്പ് വിജയം സാർഥകമായ ഈ സന്ദേശങ്ങളുടെ പ്രസരണമായിരിക്കും.

 

 

Latest News