Sorry, you need to enable JavaScript to visit this website.

Error message

Notice: Undefined variable: app_root in include_once() (line 861 of /var/www/html/sites/default/settings.php).

അവസാന ലാപ്പിലെ ആത്മവിശ്വാസം

ആശങ്കകൾ ഒഴിയുന്നില്ലെങ്കിലും ആത്മവിശ്വാസത്തിലാണ് മുന്നണി നേതൃത്വങ്ങൾ. ഉസൈൻ ബോൾട്ടിനേക്കാൾ വേഗത്തിൽ അവസാന ലാപ്പിൽ ഓടിക്കയറുകയെന്നത് മാത്രമേ ഇനി രക്ഷയുള്ളൂ. വിധിയെഴുത്തിനായി പോളിംഗ് സ്‌റ്റേഷനിലേക്ക് പോകാൻ കേരളത്തിലെ വോട്ടർമാർ തയാറെടുത്തു കഴിഞ്ഞു. ഇനിയുള്ള ചെറിയ പാളിച്ചകൾക്ക് പോലും വലിയ വില കൊടുക്കേണ്ടി വരുമെന്നുറപ്പ്. ഇതുവരെ നടത്തിയ പ്രകടനങ്ങളും പഴയ കണക്കുകളുടെ പോസ്റ്റ്‌മോർട്ടവും തന്നെയാണ് രാഷ്ട്രീയ പാർട്ടികളുടെ ഓഫീസുകളിലെ അന്തിച്ചർച്ചകളിലെ വിഷയം.
മാധ്യമങ്ങൾക്ക് മുമ്പിൽ അപാരമായ പോസിറ്റിവിറ്റി പ്രകടിപ്പിക്കുമ്പോഴും എൽ.ഡി.എഫിലും, യു.ഡി.എഫിലും, ബി.ജെ.പി നേതൃത്വം നൽകുന്ന ദേശീയ ജനാധിപത്യ സഖ്യത്തിലുമെല്ലാം ആശങ്കയുടെ കരിനിഴൽ വ്യക്തമാണ്. ഇതുവരെ എല്ലാം ഭംഗിയായി ചെയ്തു. പക്ഷേ എവിടെയെല്ലാമോ വോട്ട് ചോർച്ചയുണ്ടാകുമോ എന്ന ആശങ്ക മുന്നണികൾക്കുണ്ട്.


താരപ്രചാരകരില്ലാത്ത എൽ.ഡി.എഫിന് ഇത്തവണ ക്യാപ്റ്റനാണ് താരം. തെരഞ്ഞെടുപ്പ് വേദികളിൽ ക്യാപ്റ്റന്റെ റോൾ വളരെ ഭംഗിയായി തന്നെ പിണറായി വിജയൻ നിർവഹിക്കുകയും ചെയ്തു. സ്വന്തം ടീമിനെ ഒറ്റക്ക് വിജയിപ്പിക്കാനുള്ള ശേഷി തനിക്കുണ്ടെന്നും കേരളത്തിൽ താൻ തന്നെയാണ് ക്രൗഡ് പുള്ളറെന്നും അദ്ദേഹം തെളിയിച്ചു. തുടർ ഭരണം ലഭിക്കുമെന്ന ആത്മവിശ്വാസത്തിലേക്ക് എൽ.ഡി.എഫിനെ കൊണ്ടുചെന്നെത്തിച്ചത് പ്രധാനമായും രണ്ടു രാഷ്ട്രീയ തന്ത്രങ്ങളാണ്. 'ഉറപ്പാണ് എൽ.ഡി.എഫ്' എന്ന മുദ്രാവാക്യത്തിലൂടെ എൽ.ഡി.എഫ് വീണ്ടും അധികാരത്തിലെത്തുമെന്ന പ്രതീതി തുടക്കത്തിൽ തന്നെ സൃഷ്ടിച്ചെടുക്കാൻ സാധിച്ചുവെന്നതാണ് ഒന്നാമത്തേത്. 


മറ്റു നേതാക്കളെയെല്ലാം അപ്രസക്തരാക്കിക്കൊണ്ട് പിണറായി വിജയനെ മാത്രം ഒറ്റക്ക് മുന്നിൽ നിർത്തി അദ്ദേഹത്തെ ക്യാപ്റ്റനായി വാഴിച്ച് പ്രചാരണത്തിൽ മുന്നോട്ട് പോയിയെന്നതാണ് രണ്ടാമത്തെ കാര്യം. പിണറായിയാകട്ടെ, ടീമിന്റെ ക്യാപ്റ്റനും കോച്ചും മാനേജരുമൊക്കെയായി സ്വയം മാറുകയും ചെയ്തു. എൽ.ഡി.എഫിന്  തുടർഭരണം കിട്ടുകയാണെങ്കിൽ ഈ രണ്ടു കാരണങ്ങൾക്കും അതിലുള്ള പങ്ക് ചെറുതായിരിക്കില്ല. അഞ്ച് വർഷത്തെ ഭരണത്തിലെ മടുപ്പുമായി ജനങ്ങൾക്ക് മുന്നിൽ നിൽക്കുന്ന പിണറായി വിജയനെയല്ല പ്രചാരണത്തിൽ കേരളം കണ്ടത്. മറിച്ച് ഭരണം പിടിക്കാൻ ഒരുങ്ങിപ്പുറപ്പെട്ട പോരാളിയുടെ ഊർജമാണ് അദ്ദേഹത്തിന്റെ വാക്കുകളിലും ഭാവങ്ങളിലുമുണ്ടായിരുന്നത്. എൽ.ഡി.എഫിന്റെ ബ്രാന്റ് അംബാസഡറായി മാറുകയാണ് അദ്ദേഹം ചെയ്തത്.


കിറ്റ് വിതരണവും ക്ഷേമപെൻഷനും കോവിഡ് പ്രതിരോധവുമെല്ലാം പ്രചാരണത്തിൽ എൽ.ഡി.എഫിന്റെ തുറുപ്പ് ചീട്ടായി മാറി. ഈ മൂന്ന് കാര്യങ്ങളിലൂടെ തന്നെ തുടർഭരണത്തിലേക്കുള്ള വലിയൊരു വോട്ട് വിഹിതം എൽ.ഡിഎഫിന് ലഭിക്കുമെന്ന് നേതൃത്വം കണക്കുകൂട്ടുന്നു. എന്നാൽ അപ്പുറത്ത് സ്വർണക്കടത്ത് വിവാദവും പിൻവാതിൽ നിയമന വിവാദവും ശബരിമല വിശ്വാസ വിഷയവും ആഴക്കടൽ മത്സ്യബന്ധന വിവാദവുമെല്ലാം തുടർഭരണമെന്ന സ്വപ്‌നത്തെ പിന്നോട്ട് വലിക്കാൻ ശേഷിയുള്ളതാണ്. ഈ വിവാദങ്ങളെയൊക്കെ ചിട്ടയായ പ്രചാരണങ്ങളിലൂടെ  വലിയൊരു പരിധി വരെ മറികടക്കാൻ കഴിഞ്ഞിട്ടുണ്ടെന്ന ആത്മവിശ്വാസം കാട്ടുമ്പോഴും ആഴക്കടൽ വിവാദത്തെ എൽ.ഡി.എഫ്  ഇപ്പോഴും കടുത്ത ആശങ്കയോടെയാണ് കാണുന്നത്. കാരണം തീരദേശത്ത് ഇതിന്റെ അലയൊലികൾ ഇനിയും അവസാനിച്ചിട്ടില്ല. സംസ്ഥാനത്തെ നാൽപതിലേറെ മണ്ഡലങ്ങൾ തീരദേശവുമായി ബന്ധപ്പെട്ടതാണ്. കഴിഞ്ഞ തെരഞ്ഞെടുപ്പിൽ എൽ.ഡി.എഫിന് മികച്ച വിജയം നേടിക്കൊടുത്ത മണ്ഡലങ്ങളാണിത്. ആഴക്കടൽ വിവാദത്തിൽ വോട്ട് നഷ്ടപ്പെടാനുള്ള സാധ്യത അവസാന ലാപ്പിലെങ്കിലും പരിഹരിക്കാനുള്ള ശ്രമത്തിലാണ് എൽ.ഡി.എഫ് നേതൃത്വം.


ശബരിമല വിഷയത്തിൽ ഒരു പരിധി വരെ വിശ്വാസികളുടെ വോട്ട് നഷ്ടപ്പെടാനുള്ള സാധ്യത എൽ.ഡി.എഫ് മുന്നിൽ കാണുന്നുണ്ട്. എൻ.എസ്.എസ് നിലപാടും മറ്റും ഇതിൽ പ്രധാനമാണ്. എന്നാൽ പൗരത്വ നിയമത്തിനെതിരെ ശക്തമായ നിലപാടെടുത്തതിലൂടെ മുസ്‌ലിം ന്യൂനപക്ഷങ്ങളുടെ വോട്ട് അനുകൂലമാക്കി ഇതിനെ മറികടക്കാനാകുമെന്ന് മുന്നണി നേതൃത്വം കണക്കു കൂട്ടുന്നുണ്ട്. മാത്രമല്ല, വിശ്വാസ വിഷയത്തിലെ എതിർ വോട്ടുകൾ വലിയൊരു പരിധി വരെ ബി.ജെ.പിക്കും ബാക്കി യു.ഡി.എഫിനുമായി വിഭജിച്ച് പോകുമെന്നതിനാൽ വലിയ വെല്ലുവിളി ഒഴിവാകും. 
ക്രിസ്ത്യൻ സമുദായത്തിലെ ചില വിഭാഗങ്ങൾ ബി.ജെ.പിയുമായി അടുക്കുന്നുവെന്ന സൂചനകളാണ് മറ്റൊരു വെല്ലുവിളി. അതിന്റെ ആഘാതം കുറയ്ക്കാൻ ഘടക കക്ഷിയായ കേരള കോൺഗ്രസ് മാണി വിഭാഗത്തിലൂടെ കഴിയുമെന്നതാണ് എൽ.ഡി.എഫിന്റെ കണക്കുകൂട്ടൽ. കോൺഗ്രസിൽ നിന്ന് നിരവധി നേതാക്കളെ എൽ.ഡി.എഫിലേക്ക് എത്തിക്കാൻ കഴിഞ്ഞതും നേട്ടമാണ്.


എതിർ ഘടകങ്ങൾ ഒരുപാടുണ്ടാകുമ്പോഴും അതിനെയെല്ലാം ചെറുക്കാനുള്ള പോസിറ്റിവിറ്റി കാണിക്കാൻ കഴിയുകയെന്നതാണ് തെരഞ്ഞെടുപ്പിലെ ഏറ്റവും വലിയ തന്ത്രം. ഈ പോസിറ്റിവിറ്റി വലിയ തോതിൽ പ്രകടിപ്പിക്കുന്നുവെന്നതാണ് യു.ഡി.എഫിന്റെ നേട്ടം. തെരഞ്ഞെടുപ്പിൽ  പ്രശ്‌നങ്ങൾ അഭിമുഖീകരിക്കേണ്ടി വരുമ്പോൾ തകർച്ചയിലേക്ക് വീണു പോകുന്നതാണ് സാധാരണയായി യു.ഡി.എഫിന്റെ ബലഹീനത. എന്നാൽ ഇത്തവണത്തെ തെരഞ്ഞെടുപ്പിൽ ഈ ബലഹീനതയെ തരണം ചെയ്യാൻ കഴിഞ്ഞുവെന്നത് അവരുടെ ആത്മവിശ്വാസം വളരെയധികം ഉയർത്തിയിട്ടുണ്ട്. 
ഇത് വരെയുള്ള അഭിപ്രായ സർവേകൾ മുഴുവനും എൽ.ഡി.എഫിന് തുടർ ഭരണം പ്രവചിക്കുമ്പോഴും അതിനെ പൂർണമായും തള്ളിക്കളഞ്ഞു കൊണ്ട്  അടിത്തട്ടിൽ പ്രവർത്തകരെ സർവ സജ്ജരായി നിർത്താൻ യു.ഡി.എഫ് നേതൃത്വത്തിന് കഴിയുന്നുണ്ട്. സ്ഥാനാർത്ഥി നിർണയത്തിലെ തർക്കങ്ങളെല്ലാം പരിഹരിക്കാൻ കഴിഞ്ഞതും എൽ.ഡി.എഫ് സർക്കാരിനെതിരെ നിരവധി ആരോപണങ്ങൾ ഉയർത്തിക്കൊണ്ടുവരാൻ കഴിഞ്ഞതും ഭരണം പിടിക്കാമെന്ന വിശ്വാസത്തിലേക്ക് അവരെ എത്തിച്ചിട്ടുണ്ട്. എന്നാൽ കാര്യങ്ങൾ അത്ര എളുപ്പമല്ലെന്ന് യു.ഡി.എഫ് നേതൃത്വം തിരിച്ചറിയുന്നുണ്ട്.
കിറ്റും ക്ഷേമപെൻഷനുകളും എൽ.ഡി.എഫിന് വോട്ടുറപ്പിക്കുമെന്ന് യു.ഡി.എഫ് നേതൃത്വവും കരുതുന്നുണ്ട്. എന്നാൽ സർക്കാരിനെതിരെ ഉയർത്തിക്കൊണ്ടുവന്ന വിവാദങ്ങൾ തെരഞ്ഞെടുപ്പ് ദിനം വരെ സജീവമാക്കി നിർത്താൻ സാധിക്കുന്നതിലൂടെ ഇതിനെ മറികടക്കാനാകുമെന്ന് കണക്കുകൂട്ടുന്നു. ആഴക്കടൽ വിവാദത്തിൽ എൽ.ഡി.എഫിൽ വലിയൊരു വോട്ട് ചോർച്ച യു.ഡി.എഫ് പ്രതീക്ഷിക്കുന്നുണ്ട്. ശബരിമല പ്രശ്‌നത്തിൽ ചോരുന്ന എൽ.ഡി.എഫ് വോട്ടുകളുടെ ഗുണം ബി.ജെ.പിക്കൊപ്പം തന്നെ തങ്ങൾക്കും ലഭിക്കുമെന്ന കണക്കുകൂട്ടലും യു.ഡി.എഫിനുണ്ട്. മുസ്‌ലിം ന്യൂനപക്ഷ വിഭാഗങ്ങളിൽ വലിയൊരു ശതമാനം  ഇപ്പോഴും കോൺഗ്രസിൽ പ്രതീക്ഷയർപ്പിക്കുന്നുണ്ടെന്നാണ് യു.ഡി.എഫ് കരുതുന്നത്. പിണറായി വിജയന്റെ ക്യാപ്റ്റൻസിയെ വെല്ലാൻ അവസാന ലാപ്പിൽ രാഹുലിന്റെയും പ്രിയങ്കയുടെയും കാടിളക്കിയുള്ള പ്രചാരണത്തിന് കഴിയുമെന്ന വിശ്വാസവും യു.ഡി. എഫ് നേതാക്കൾക്കുണ്ട്. 


സ്വർണക്കടത്ത് വിവാദവും പിൻവാതിൽ നിയമന വിവാദങ്ങളും സംബന്ധിച്ച പ്രതിപക്ഷ ആരോപണങ്ങളെയെല്ലാം നേരിടാൻ ഒരു പരിധിവരെ സർക്കാരിന് കഴിഞ്ഞെങ്കിലും വോട്ടർമാരുടെ മനസ്സിനെ ഇതെല്ലാം നല്ല രീതിയിൽ സ്വാധീനിച്ചിട്ടുണ്ടെന്നും ഇതിന്റെ പേരിലുള്ള നെഗറ്റീവ് വോട്ടുകൾ യു.ഡി.എഫിലേക്കെത്തുമെന്നും നേതൃത്വം കണക്കുകൂട്ടുന്നുണ്ട്. ചെറിയ സീറ്റിന്റെ ഭൂരിപക്ഷത്തിനെങ്കിലും അധികാരം പിടിക്കാമെന്നാണ് യു.ഡി.എഫിന്റെ വിലയിരുത്തൽ. 


ബി.ജെ.പി മുന്നണിയെ സംബന്ധിച്ചിടത്തോളം അധികാരമല്ല അവർക്ക് വിഷയം. കേരളത്തിൽ ആര് ഭരിക്കണമെന്ന് തങ്ങൾ തീരുമാനിക്കുന്ന രീതിയിലേക്ക് ഇത്തവണ കാര്യങ്ങൾ എത്തിക്കാനാണ് അവരുടെ ശ്രമം. ഇതിന് വേണ്ടി ഒരു കാലത്തുമില്ലാത്ത രീതിയിൽ ആളും അർത്ഥവും നൽകി പ്രചാരണം കൊഴുപ്പിക്കാൻ അവർക്ക് കഴിഞ്ഞിട്ടുണ്ട്. ബി.ജെ.പി ഇത്തവണ വോട്ട് വിഹിതം വർധിപ്പിക്കുമെന്ന കാര്യത്തിൽ ഇടത് - വലത് മുന്നണികൾക്ക് സംശയമില്ല. അതാർക്കാണ് ദോഷമാകുക എന്നാലോചിച്ചാണ് അവരുടെ നെഞ്ചിടിപ്പ്. 
ശബരിമല വിശ്വാസ പ്രശ്‌നവും ക്രിസ്ത്യൻ - മുസ്‌ലിം അകൽച്ചയും പരമാവധി കത്തിച്ച് വോട്ട് പെട്ടിയിലാക്കാനുള്ള നീക്കങ്ങൾ ബി.ജെ.പി നടത്തിക്കഴിഞ്ഞു. പ്രധാനമന്ത്രി അടക്കമുള്ള താരപ്രചാരകരെ വലിയ രീതിയിൽ ഇതിനായി ഉപയോഗിക്കാനും അവർക്ക് സാധിച്ചു. മുസ്‌ലിം സമുദായത്തിന്റെ അപ്രമാദിത്തത്തെ ചെറുക്കാൻ ക്രിസ്ത്യൻ-ഹിന്ദുത്വ ശക്തികൾ ഒന്നിക്കണമെന്ന ഏറ്റവും അപകടകരമായ സന്ദേശം ബി.ജെ.പി ഉയർത്തിയെന്ന പ്രത്യേകതയും ഈ തെരഞ്ഞെടുപ്പിനുണ്ട്. വർഗീയതക്ക് നല്ല വളക്കൂറുള്ള മണ്ണാക്കി കേരളത്തെ മാറ്റി അതിന്റെ വിളവെടുപ്പ് ഉത്സവത്തിനാണ് തെരഞ്ഞെടുപ്പിൽ ബി.ജെ.പി കാത്തിരിക്കുന്നത്. 

Latest News