കായംകുളം- കായംകുളത്തെ യു.ഡി.എഫ് സ്ഥാനാര്‍ഥി അരിത ബാബുവിനെ എല്‍സമ്മയെന്നാണ് നാട്ടുകാര്‍ വിളിക്കുന്നത്. പാലുവിറ്റും പത്രം വിതരണം ചെയ്തും ജീവിക്കുന്ന എല്‍സമ്മ എന്ന ആണ്‍കുട്ടി എന്ന സിനിമയിലെ കഥാപാത്രത്തോട് അരിതക്ക് സാമ്യങ്ങളേറെ. ക്ഷീരകര്‍ഷകയെന്ന് വിളിച്ചാല്‍ അത് അഭിമാനമായി കരുതുന്ന പെണ്‍കുട്ടിയാണ് അരിത്. എം.എല്‍.എയായാലും ഈ തൊഴില്‍ ഉപേക്ഷിക്കില്ലെന്ന് സ്ഥാനാര്‍ഥി തറപ്പിച്ചു പറയുന്നു.
കൃഷ്ണപുരം ഡിവിഷനില്‍നിന്ന് ആലപ്പുഴ ജില്ലാ പഞ്ചായത്ത് അംഗമായി തിരഞ്ഞെടുക്കുമ്പോള്‍ അരിതയ്ക്ക് പ്രായം 21. കേരളത്തിലെ ഏറ്റവും പ്രായംകുറഞ്ഞ ജില്ലാ പഞ്ചായത്തംഗമായിരുന്നു അരിത അന്ന്. രണ്ടാം വട്ടവും സാധ്യതാ പട്ടികയില്‍ ഉണ്ടായിരുന്നെങ്കിലും പാര്‍ട്ടി പറഞ്ഞതിനാല്‍ മാറി നില്‍ക്കേണ്ടി വന്നു അരിതക്ക്. എന്നാല്‍, തൊട്ടു പിന്നാലെ കായംകുളത്ത് നിയമസഭാ സ്ഥാനാര്‍ഥിത്വം നല്‍കി അരിതയെ പാര്‍ട്ടി ഞെട്ടിച്ചു. ഇത്തവണ കായംകുളത്തുനിന്ന് വിജയിച്ചു കയറാം എന്ന പ്രതീക്ഷയിലാണ് അരിത ബാബു. മണ്ഡലത്തിലെ പരിചയവും യുവസ്ഥാനാര്‍ഥി എന്ന പരിഗണനയും ഗുണകരമാകുമെന്നാണ് അരിത ബാബുവിന്റെ വിലയിരുത്തല്‍.