VIDEO മാങ്ങ മോഷണം ആരോപിച്ച് രണ്ട് കുട്ടികളെ ചാണകം തീറ്റിച്ചു; രണ്ട് പേര്‍ അറസ്റ്റില്‍

മെഹബൂബാദ്- തോട്ടത്തില്‍ കയറി മാങ്ങ മോഷ്ടിച്ചുവെന്ന് ആരോപിച്ച് രണ്ട് കുട്ടികളെ ചാണകം തീറ്റിച്ച സംഭവത്തില്‍ രണ്ടു പേര്‍ അറസ്റ്റിലായി. തെലങ്കാനയിലെ മെഹബൂബാദ് ജില്ലയിലെ  തോറൂര്‍ പട്ടണത്തിലാണ് സംഭവം.  
തോറൂര്‍ മണ്ഡലിലെ കാന്തൈപാലെം ഗ്രാമത്തില്‍ വ്യാഴാഴ്ച വൈകുന്നേരമാണ്  17 നും 15 നും ഇടയില്‍ പ്രായമുള്ള കുട്ടികളെ കെട്ടിയിട്ട് മര്‍ദിക്കുകയും ചാണകം തീറ്റിക്കുകയും ചെയ്തത്.  തോട്ടത്തിന് കാവല്‍ നില്‍ക്കുന്നവരില്‍ ഒരാള്‍ ഇത്  മൊബൈല്‍ ഫോണില്‍ ചിത്രീകരിച്ച് മറ്റുള്ളവര്‍ക്ക് പങ്കുവെക്കുകയും ചെയ്തു.
കുട്ടികളില്‍ ഒരാളുടെ അമ്മ നല്‍കിയ പരാതിയുടെ അടിസ്ഥാനത്തില്‍ തോറൂര്‍ ടൗണ്‍ പോലീസ് കേസ് രജിസ്റ്റര്‍ ചെയ്താണ് പ്രതികളെ അറസ്റ്റ് ചെയ്തത്.  വളര്‍ത്തു നായയെ കാണാതായതിനെ തുടര്‍ന്നാണ് കുട്ടികള്‍ തോട്ടത്തില്‍ പ്രവേശിച്ചതെന്ന് പോലീസ് പറഞ്ഞു.
തോട്ടത്തിന്റെ കാവല്‍ക്കാരായ ബനോത്ത് യാക്കു, ബനോത്ത് റാമുലു എന്നിവരെയാണ് വെള്ളിയാഴ്ച രാവിലെ അറസ്റ്റ് ചെയ്തതെന്ന് തോറൂര്‍ ടൗണ്‍ പോലീസ് സ്‌റ്റേഷനിലെ സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ എന്‍ കരുണാകര്‍ പറഞ്ഞു.

 

Latest News