കോവിഡ് നിരീക്ഷണത്തില്‍; പ്രിയങ്ക ഗാന്ധി നേമത്ത് പ്രചാരണത്തിനെത്തില്ല

തിരുവനന്തപുരം- നേമം മണ്ഡലത്തിലെ തെരഞ്ഞെടുപ്പ് പ്രചാരണം റദ്ദാക്കി എഐസിസി ജനറല്‍ സെക്രട്ടറി പ്രിയങ്കാ ഗാന്ധി. കോവിഡ് നിരീക്ഷണത്തില്‍ പോയതുകൊണ്ടാണ് പ്രചാരണം റദ്ദാക്കിയതെന്നാണ് അറിയിപ്പ്. കോവിഡ് രോഗിയുമായി സമ്പര്‍ക്കത്തില്‍ വന്നതാണ് കാരണം. പ്രിയങ്കയുടെ മൂന്നു ദിവസത്തെ പൊതുപരിപാടികളെല്ലാം റദ്ദാക്കിയിട്ടുണ്ട്.
ശനിയാഴ്ച പ്രചാരണത്തിനായി വീണ്ടും കേരളത്തിലെത്തുമെന്നായിരുന്നു പ്രിയങ്ക അറിയിച്ചിരുന്നത്. നേമത്ത് പ്രചാരണത്തിന് എത്താത്തതില്‍ കെ. മുരളീധരന്‍ അതൃപ്തി അറിയിച്ചതിനു പിന്നാലെയാണ് വീണ്ടും പ്രചാരണത്തിനായി എത്താമെന്ന ഉറപ്പു ലഭിച്ചത്. കടുത്ത ത്രികോണ പോരാട്ടം നടക്കുന്ന നേമത്ത് പ്രിയങ്കാ ഗാന്ധി പ്രചാരണത്തിന് എത്താത്തതിലെ അസംതൃപ്തി യുഡിഎഫ് സ്ഥാനാര്‍ഥി കെ. മുരളീധരന്‍ തുറന്നു പറഞ്ഞിരുന്നു. പ്രിയങ്കാ ഗാന്ധിയേയും മുരളീധരന്‍ കണ്ടിരുന്നു. മൂന്നിന് നേമത്ത് പ്രചാരണത്തിനായി എത്താമെന്ന് ഇതോടെ പ്രിയങ്കാ അറിയിക്കുകയായിരുന്നു.
 

Latest News