പ്രവാസികള്‍ക്കായി വാതിലുകള്‍  മലര്‍ക്കെ തുറന്നിട്ട് ബൈഡന്റെ അമേരിക്ക 

വാഷിംഗ്ടണ്‍- അമേരിക്കയില്‍ എച്ച് 1 ബി ഉള്‍പ്പെടെ വിദേശ തൊഴിലാളികള്‍ക്ക് ഏര്‍പ്പെടുത്തിയിരുന്ന വിസ നിയന്ത്രണങ്ങള്‍ പ്രസിഡന്റ് ജോ ബൈഡന്‍ നീക്കി. ട്രംപ് ഭരണകൂടം ഏര്‍പ്പെടുത്തിയിരുന്ന വിലക്ക് മാര്‍ച്ച് 31ന് അവസാനിച്ചിരിക്കെ പുതിയ ഉത്തരവൊന്നും ബൈഡന്‍ ഭരണകൂടം പുറത്തിറക്കാതായതോടെയാണ് നിയന്ത്രണങ്ങള്‍ അവസാനിച്ചത്.
എച്ച് 1 ബിക്കുപുറമേ എച്ച് 2 ബി, എല്‍ 1, ജെ 1 വിസകള്‍ക്കുണ്ടായിരുന്ന വിലക്കുകളും മാറ്റി. പതിനായിരക്കണക്കിന് ഇന്ത്യന്‍ ഐ.ടി. പ്രൊഫഷണലുകള്‍ക്ക് ഗുണകരമാകുന്നതാണ് തീരുമാനം.
യു.എസ്. കമ്പനികള്‍ക്ക് മറ്റുരാജ്യങ്ങളിലെ സാങ്കേതികവിദഗ്ധരെ ജോലിക്കായി നിയോഗിക്കാന്‍ സഹായിക്കുന്നതാണ് എച്ച്1 ബി വിസ. കഴിഞ്ഞവര്‍ഷം ജൂണിലാണ് യു.എസിലേക്കുള്ള തൊഴിലാളിവിസകള്‍ താത്കാലികമായി നിയന്ത്രിക്കാനുള്ള ഉത്തരവില്‍ ട്രംപ് ഒപ്പുവെച്ചത്. ഡിസംബര്‍ 31ന് നിയന്ത്രണത്തിന്റെ കാലാവധി നീട്ടുകയായിരുന്നു.
ശാസ്ത്ര, എന്‍ജിനിയറിങ്, ഐ.ടി. മേഖലകളിലെ വിദഗ്ധരെ അമേരിക്കയില്‍ ജോലിചെയ്യാന്‍ അനുവദിക്കുന്നതാണ് എച്ച് 1 ബി വിസ. ഹോട്ടല്‍, നിര്‍മാണ മേഖലകളില്‍ തൊഴിലെടുക്കുന്നവര്‍ക്കാണ് എച്ച് 2 ബി വിസ നല്‍കുന്നത്. വലിയ കോര്‍പ്പറേറ്റ് സ്ഥാപനങ്ങളില്‍ ജോലിചെയ്യാന്‍ എല്‍ 1 വിസയും ഗവേഷകര്‍, പ്രൊഫസര്‍മാര്‍ എന്നിവര്‍ക്ക് ജെ 1 വിസയുമാണ് അനുവദിക്കുന്നത്.
ട്രംപിന്റെ വിസാചട്ടങ്ങള്‍ ക്രൂരമാണെന്നും പുനഃപരിശോധിക്കുമെന്നും അധികാരമേറ്റതിനുപിന്നാലെ ബൈഡന്‍ വ്യക്തമാക്കിയിരുന്നു. എന്നാല്‍, നിയന്ത്രണങ്ങള്‍ തുടരണമെന്ന് റിപ്പബ്ലിക്കന്‍ പാര്‍ട്ടി ആവശ്യപ്പെട്ടു. കാനഡയെ പോലെ യു.എസും പ്രവാസികളെ സ്വാഗതം ചെയ്യുന്ന നിലപാടെടുക്കുന്നത് ആഗോള മലയാളികളെ ഏറെ ആഹ്ലാദിപ്പിക്കുന്നതാണ്. 
 

Latest News