മോഡിക്കെതിരെ ആഞ്ഞടിച്ച് സ്റ്റാലിന്റെ മകന്‍; നേരം വെളുത്തപ്പോള്‍ മരുമകന്റെ വീട്ടില്‍ ആദായ നികുതി റെയ്ഡ്

ചെന്നൈ- ഡിഎംകെ അധ്യക്ഷന്‍ എംകെ സ്റ്റാലിന്റെ മകന്‍ ഉദയനിധി സ്റ്റാലിന്‍ പ്രധാനമന്ത്രി നരേന്ദ്ര മോഡിക്കും ബിജെപിക്കുമെതിരെ കഴിഞ്ഞ ദിവസം നടത്തിയ പ്രസംഗത്തിനു പിന്നാലെ സ്റ്റാലിന്റെ മരുമകന്‍ ശബരീശന്റെ വീട്ടില്‍ ആദായ നികുതി വകുപ്പ് റെയ്ഡുകള്‍ ആരംഭിച്ചു. ചെന്നൈയിലെ വീട്ടില്‍ വെള്ളിയാഴ്ച രാവിലെയാണ് റെയ്ഡ് ആരംഭിച്ചത്. നാലിടങ്ങളിലായാണ് റെയ്‌ഡെന്നും റിപോര്‍ട്ടുണ്ട്. ഡിഎംകെയെ കരുത്തനായ നേതാക്കളില്‍ ഒരാളാണ് ശബരീശന്‍. 

സ്റ്റാലിന്റെ മകന്‍ ഉദയനിധി കഴിഞ്ഞ ദിവസം നടന്ന തെരഞ്ഞെടുപ്പു പ്രചാരണത്തിനിടെ പ്രധാനമന്ത്രി നരേന്ദ്ര മോഡിക്കെതിരെ ആഞ്ഞടിച്ചത് വിവാദമായിരുന്നു. മോഡി ഉണ്ടാക്കിയ പ്രശ്‌നങ്ങള്‍ കാരണമാണ് ബിജെപി നേതാക്കളും കേന്ദ്ര മന്ത്രിമാരുമായ സുഷമ സ്വരാജും അരുണ്‍ ജയ്റ്റ്‌ലിയും മരിച്ചതെന്നായിരുന്നു ഉദയനിധിയുടെ പ്രസംഗം. ധാരാപുരത്ത് മോഡി വന്നു പോയതിനു പിന്നാലെയാണ് ഉദയനിധി എത്തിയത്. കുറുക്കുവഴിയിലൂടെ എത്തിയ ആളെന്ന് ഉദയനിധിക്കെതിരെ മോഡി ബുധനാഴ്ച പ്രസംഗിച്ചിരുന്നു. ഇതിനു മറുപടിയായി രൂക്ഷമായാണ് ഉദയനിധി തിരിച്ചടിച്ചത്. ഗുജറാത്ത് മുഖ്യമന്ത്രി ആയിരുന്ന കാലത്ത് ആരൊക്കെയാണ് മോഡി അരുക്കാക്കിയതെന്ന് നമുക്കറിയാം, പട്ടികയുണ്ട്. അങ്ങനെയുള്ള ആളാണ് ഞാന്‍ കുറുക്കുവഴിയിലൂടെ വന്നു എന്നു പറയുന്നത്- ഉദയനിധി പറഞ്ഞു. മോഡി അവഗണിച്ച എല്‍കെ അഡ്വാനി, മുരളി മനോഹര്‍ ജോഷി, യശ്വന്ത് സിന്‍ഹ തുടങ്ങിയ നേതാക്കളുടെ പേരും ഉദയനിധി പറഞ്ഞു.
 

Latest News