Sorry, you need to enable JavaScript to visit this website.

എല്ലാം ശരിയായത് ചില നേതാക്കളുടെ കുടുംബങ്ങളില്‍ മാത്രം- തൃശൂര്‍ അതിരൂപത

തൃശൂര്‍- സര്‍ക്കാരിനെതിരെ രൂക്ഷ വിമര്‍ശനവുമായി തൃശൂര്‍ അതിരൂപത രംഗത്ത്. എല്ലാം ശരിയായത് ചില നേതാക്കളുടെയും ആശ്രിതരുടെയും കുടുംബങ്ങളില്‍ മാത്രമാണെന്ന് അതിരൂപതയുടെ മുഖപത്രമായ കത്തോലിക്ക സഭയില്‍ പ്രസിദ്ധീകരിച്ച ലേഖനത്തില്‍ വിമര്‍ശിച്ചു. വോട്ട് പാഴാക്കാതെ ബുദ്ധിപൂര്‍വം വിനിയോഗിക്കണമെന്നും മതരാഷ്ട്രമുണ്ടാക്കാന്‍ ശ്രമിക്കുന്നവരെ അകറ്റി നിര്‍ത്തണമെന്നും ലേഖനത്തില്‍ ആഹ്വാനം ചെയ്യുന്നു.  എല്ലാം ശരിയാക്കാമെന്ന് പറഞ്ഞാണ് എല്‍.ഡി.എഫ് സര്‍ക്കാര്‍ അധികാരത്തില്‍ വന്നത്. എന്നാല്‍ ഒന്നും ശരിയായില്ല. ശരിയായത് ചില നേതാക്കളുടെയും അവരുടെ ആശ്രിതരുടെയും കുടുംബങ്ങളില്‍ മാത്രമാണെന്നും ലേഖനത്തില്‍ പറയുന്നു. പിന്‍വാതില്‍ നിയമനം ഉള്‍പ്പെടെയുള്ള വിഷയങ്ങള്‍ എടുത്ത് പറഞ്ഞായിരുന്നു അതിരൂപതയുടെ വിമര്‍ശനം. ഈ തെരഞ്ഞെടുപ്പില്‍ ആര്‍ക്ക് വോട്ട് ചെയ്യണം എന്ന് പരോക്ഷമായി സൂചിപ്പിക്കുന്ന തരത്തിലാണ് സഭയുടെ ലേഖനം.
ഇന്ത്യയെ മതരാഷ്ട്രമാക്കാന്‍ ചില ശക്തികള്‍ ശ്രമിക്കുന്നുവെന്നും ലേഖനത്തില്‍ പറയുന്നു. ഇന്ത്യയിലെ എല്ലാ സംസ്ഥാനങ്ങളെയും ഭൂരിപക്ഷ വര്‍ഗീയതയുടെ കാല്‍ക്കീഴിലാക്കാന്‍ ഇവര്‍ ശ്രമിക്കുന്നു. കേരളം ഇതുവരെ അതിന് പിടി കൊടുത്തിട്ടില്ല. ഇത്തവണയും അതുണ്ടാവരുത്. അതുകൊണ്ട് ശ്രദ്ധാപൂര്‍വം ബുദ്ധി ഉപയോഗിച്ച് വേണം വോട്ട് ചെയ്യാനെന്നും ലേഖനത്തില്‍ പറയുന്നു. വര്‍ഗീയതയുടെ പേര് പറഞ്ഞ് വോട്ട് ചോദിക്കാന്‍ വരുന്നവരെ ഒരു തരത്തിലും പ്രോത്സാഹിപ്പിക്കരുത് എന്നും അതിരൂപത ഒര്‍മ്മിപ്പിക്കുന്നു.
എല്‍.ഡി.എഫിനെയും ബി.ജെ.പിയെയും വിമര്‍ശിക്കുമ്പോഴും യു.ഡി.എഫിനെതിരെയോ കോണ്‍ഗ്രസിനെതിരെയോ ഒരു പരാമര്‍ശം പോലും ലേഖനത്തിലില്ല. തെരഞ്ഞെടുപ്പിന്റെ ഏതാനും ദിവസങ്ങള്‍ക്ക് മുന്നേയുള്ള സഭയുടെ ഈ നിലപാട് ഏത് തരത്തില്‍ ബാധിക്കുമെന്നാണ് മുന്നണികള്‍ ഉറ്റുനോക്കുന്നത്.


 

Latest News