Sorry, you need to enable JavaScript to visit this website.

നൂറ് രൂപയെ ചൊല്ലി തര്‍ക്കം, യുവാവിനെ അയല്‍ക്കാര്‍ അടിച്ചു കൊന്നു

ന്യൂദല്‍ഹി- 500 രൂപ നോട്ടിന് ചില്ലറയായി നല്‍കിയ തുകയില്‍ 100 രൂപയുടെ കുറവുണ്ടായി എന്നതിനെ ചൊല്ലിയുണ്ടായ തര്‍ക്കത്തിനിടെ 23കാരനെ അയല്‍ക്കാര്‍ മര്‍ദിച്ചു കൊന്നു. വടക്കന്‍ ദല്‍ഹിയിലെ സദര്‍ ബസാറിലാണ് സംഭവം. കൊലപാതകവുമായി ബന്ധപ്പെട്ട് പ്രായപൂര്‍ത്തി എത്താത്ത നാലു പേര്‍ ഉള്‍പ്പെടെ ഏഴു പേരെ പോലീസ് പിടികൂടി. പ്രതികളില്‍ ഒരാളായ 40കാരന്‍ ലക്കി ആണ് 500 രൂപയ്ക്ക് ചില്ലറ ചോദിച്ച് കൊല്ലപ്പെട്ട യുവാവിന്റെ വീട്ടിലെത്തിയത്. ചില്ലറയായി 400 രൂപ മാത്രമെ നല്‍കിയുള്ളൂ, ബാക്കി നൂറു രൂപ നല്‍കിയില്ല എന്നാരോപിച്ച് ലക്കി തര്‍ക്കത്തിനു തുടക്കമിടുകയായിരുന്നു. അതേസമയം 500 രൂപയും ചില്ലറയായി നല്‍കിയിട്ടുണ്ടെന്നും ബാക്കി ഒന്നും ഉണ്ടായിരുന്നില്ലെന്നും കൊല്ലപ്പെട്ടയാളുടെ കുടുംബം പറയുന്നു. 

എന്നാല്‍ ഈ തര്‍ക്കം തൊട്ടടുത്ത ദിവസങ്ങളിലും തുടര്‍ന്നു. അതിനിടെ തിങ്കളാഴ്ച നാട്ടുകാരിടപെട്ട് തര്‍ക്കം തീര്‍ത്തതായിരുന്നു. എന്നാല്‍ തൊട്ടടുത്ത ദിവസം വീണ്ടും ചൂടേറിയ വാഗ്വാദമുണ്ടായി. ഇതിനിടെയാണ് പ്രതികള്‍ മനീഷിനെ മര്‍ദിക്കാന്‍ ആരംഭിച്ചത്. കൊല്ലപ്പെട്ട മനീഷിന് കുത്തേറ്റിട്ടുണ്ടെന്നും പോലീസ് പറയുന്നു. മനീഷിനെ ഉടന്‍ ആശുപത്രിയിലെത്തിച്ചെങ്കിലും അവിടെ വച്ച് മരണപ്പെടുകയായിരുന്നു. 

പ്രതി ലക്കി, ഭാര്യ, ഇവരോട് അടുപ്പമുള്ള മറ്റൊരു യുവതി, ലക്കിയുടെ നാല് മക്കള്‍ എന്നിവരെയാണ് പോലീസ് പിടികൂടിയിരിക്കുന്നത്.
 

Latest News