കോണ്‍ഗ്രസെന്ന് പറയാന്‍ പ്രവര്‍ത്തകര്‍ക്ക് പോലും മടി; സോണിയക്ക്  മുതിര്‍ന്ന നേതാവിന്റെ കത്ത്

ന്യൂദല്‍ഹി- കോണ്‍ഗ്രസിനകത്ത് സാഹചര്യങ്ങള്‍ വഷളായിരിക്കുകയാണെന്നും പല പ്രവര്‍ത്തകരും കോണ്‍ഗ്രസുകാരാണെന്ന് പറയാന്‍ പോലും മടിക്കുന്ന അവസ്ഥയാണെന്നും ചൂണ്ടിക്കാട്ടി പാര്‍ട്ടി അധ്യക്ഷ സോണിയാ ഗാന്ധിക്ക് മുതിര്‍ന്ന നേതാവ് തുറന്ന കത്തെഴുതി. മുന്‍ എഐസിസി സെക്രട്ടറിയും അരുണാചല്‍ പ്രദേശ് അഡ്വക്കെറ്റ് ജനറലുമായിരുന്ന രണ്‍ജി തോമസാണ് സോണിയക്ക് കത്തെഴുതിയിരിക്കുന്നത്. പ്രസിഡന്റായി സോണിയ തന്നെ തുടരണമെന്നും അതേസമയം സത്യസന്ധമായ ഒരു ആത്മപരിശോധന ആവശ്യമാണെന്നും തോമസ് ആവശ്യപ്പെടുന്നു. 

അനുഭവ സമ്പത്തും അറിവും രാഷ്ട്രീയ സൂക്ഷ്മബുദ്ധിയുമുള്ള നേതാക്കളെ ഉള്‍പ്പെടുത്തി കോണ്‍ഗ്രസ് വര്‍ക്കിങ് കമ്മിറ്റി പുനസ്സംഘടിപ്പിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. പാര്‍ട്ടിക്കുള്ളില്‍ നിന്നും പുറത്തു നിന്നും അപ്രതീക്ഷിത വെല്ലുവിളികളാണ് കോണ്‍ഗ്രസ് ഇപ്പോള്‍ നേരിട്ടുകൊണ്ടിരിക്കുന്നത്. പരിഹരിക്കാനാവത്ത അപകടം സംഭവിക്കുന്നതിനു മുമ്പ് ചില നടപടികള്‍ അത്യാവശ്യമാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടുന്നു. 

സോണിയയുടെ രാഷ്ട്രീയകാര്യ സെക്രട്ടറിയും മുതിര്‍ന്ന പാര്‍ട്ടി തന്ത്രശാലിയുമായിരുന്ന അഹ്‌മദ് പട്ടേല്‍, അംബിക സോണി, ഓസ്‌കര്‍ ഫെര്‍ണാണ്ടസ് തുടങ്ങി മുതിര്‍ന്ന നേതാക്കള്‍ക്കൊപ്പം പ്രവര്‍ത്തിച്ചയാളാണ് രണ്‍ജി തോമസ്.
 

Latest News