ഫറോക്ക്- യു.ഡി.എഫ് ഭരണം കേരളത്തിന്റെ സമഗ്രമായ പുരോഗതിക്ക് അനിവാര്യമാണെന്ന് പാണക്കാട് സയ്യിദ് സാദിഖലി ശിഹാബ് തങ്ങൾ പറഞ്ഞു. ബേപ്പൂർ നിയോജക മണ്ഡലം യു.ഡി.എഫ് സ്ഥാനാർഥി അഡ്വ. പി.എം നിയാസിന്റെ തെരഞ്ഞെടുപ്പ് പ്രചാരണാർഥം നടന്ന പൊതുയോഗം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. ഇടതു മുന്നണി ഭരണത്തിൽ വരുമ്പോഴെല്ലാം വികസന രംഗത്ത് കേരളം പിറകോട്ട് പോയതായാണ് അനുഭവം. അതുകൊണ്ട് തന്നെ ഐക്യജനാധിപത്യമുന്നണിയെ ശക്തിപ്പെടുത്തേണ്ടതുണ്ട്. വികസനവും നാടിന്റെ പുരോഗതിയും യു.ഡി.എഫ് ഭരണം ഏറ്റെടുത്താൽ മാത്രമെ സാധ്യമാകൂവെന്നും തങ്ങൾ കൂട്ടിച്ചേർത്തു. ചാലിയത്ത് വെച്ച് നടന്ന ചടങ്ങിൽ എ.എം. കാസിം അധ്യക്ഷത വഹിച്ചു. ജില്ലാ മുസ്‌ലിം ലീഗ് പ്രസിഡന്റ് ഉമ്മർ പാണ്ടികശാല, പി.സി അഹമ്മദ്കുട്ടി ഹാജി, എം.മുഹമ്മദ് കോയ, യു.പോക്കർ, ടി.പി ആരിഫ് തങ്ങൾ, കെ.കെ ആലിക്കുട്ടി മാസ്റ്റർ, പി.ആസിഫ്, സൈനുൽ ആബിദീൻ തങ്ങൾ, പി.കുഞ്ഞിമൊയ്തീൻ, പി.വി ശംസുദ്ധീൻ തുടങ്ങിയവർ സംസാരിച്ചു. ബേപ്പൂർ മേഖലയിൽ നടന്ന പൊതുസമ്മേളനത്തിൽ എം.ഐ മുഹമ്മദ് ഹാജി അധ്യക്ഷത വഹിച്ചു. വി.പി അബ്ദുൽ ജബ്ബാർ, അനിൽകുമാർ തുടങ്ങിയവർ സംസാരിച്ചു.