ബി.ജെ.പിയുമായി സി.പി.എം നീക്കുപോക്ക് രാഷ്ട്രീയത്തിൽ -കുഞ്ഞാലിക്കുട്ടി

വടകര- കോൺഗ്രസ് മതേതര സംരക്ഷകരാണെന്ന് മുസ്‌ലിം ലീഗ് അഖിലേന്ത്യാ സെക്രട്ടറി പി.കെ കുഞ്ഞാലിക്കുട്ടി പറഞ്ഞു. അഴിയൂർ ചുങ്കത്ത് കെ.കെ രമയുടെ തെരഞ്ഞെടുപ്പ് പൊതുസമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. കോൺഗ്രസിനേയും യു.ഡി.എഫിനേയും തകർക്കാൻ ബി.ജെ.പിയുമായി സി.പി.എം നീക്ക് പോക്ക് രാഷ്ട്രീയം കളിക്കുകയാണെന്ന് അദ്ദേഹം പറഞ്ഞു. അധികാരം എന്നത് അഴിമതി നടത്താനുള്ള ലൈസൻസാക്കി മാറ്റി. തെരഞ്ഞെടുപ്പ് വിജയത്തെ കുറിച്ച് നടക്കുന്ന പല സർവെകളും തെറ്റാണ്. ഇത് കഴിഞ്ഞ പാർലമെന്റ് തെരഞ്ഞെടുപ്പ് തെളിയിച്ചതാണ് -അദ്ദേഹം പറഞ്ഞു. അക്രമ രാഷ്ട്രീയവും അഴിമതിയും ഇല്ലാതാക്കാൻ രമ നിയമസഭയിലെത്തണമെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു. ചാണ്ടി ഉമ്മൻ, ഐ. മൂസ, എൻ.വേണു, ഷിബു മീരാൻ, പി.കുമാരൻകുട്ടി, പ്രദീപ് ചോമ്പാല എന്നിവർ പ്രസംഗിച്ചു.
 

Latest News