തലശ്ശേരി -എൽ.ഡി.എഫിനെതിരെ വികസന വിരോധികളുടെ സംസ്ഥാനതല ഐക്യം ഉണ്ടാക്കിയിരിക്കയാണെന്നും കേരളത്തിന്റെ വികസനം കേന്ദ്ര ഏജൻസികളെ ഉപയോഗിച്ച് തടസ്സപ്പെടുത്തുന്നതായും മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. പിണറായി കൺവെൻഷൻ സെന്ററിൽ വിളിച്ചു ചേർത്ത വാർത്താ സമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു പിണറായി. വികസനത്തിന്റെ കാര്യത്തിൽ കേരളം ബഹുദൂരം മുന്നോട്ട് പോയി.
വികസന വിരോധികൾക്കുള്ള മറുപടിയായിരിക്കും ഈ തെരഞ്ഞെടുപ്പിലെ ജനവിധിയെന്നും മുഖ്യമന്ത്രി പിണറായി കൂട്ടിച്ചേർത്തു.
പ്രതിപക്ഷം സി.പി.എം നേതാക്കളെയും കുടുംബങ്ങളെയും വ്യക്തിപരമായി ആക്ഷേപിക്കുകയാണ്. ജനങ്ങളെ തെറ്റിദ്ധരിപ്പിക്കാൻ ഇതൊന്നും മതിയാകില്ല, അഴിമതി ആരോപിക്കുന്നവരാണ് വലിയ അഴിമതിക്കാർ' ബൊഫോഴ്‌സും ടുജി സ്പെക്ട്രവും ആരും മറന്നിട്ടില്ല. സംഘ പരിവാറിന്റെ കൈ പിടിച്ച് കേന്ദ്ര ഏജൻസികളുടെ അകമ്പടിയോടെ എൽ ഡി.എഫിനെ തകർക്കാൻ ശ്രമിക്കുന്നവർ ഒരു വട്ടം കൂടി ആലോചിക്കുന്നത് നന്നായിരിക്കും. യു.ഡി.എഫ് - ബി.ജെ.പി ഐക്യമുണ്ടാക്കി അധികാരത്തിൽ വരാനുള്ള വൃഥാ ശ്രമമാണ് അവർ നടത്തുന്നത്.
ഈ തെരഞ്ഞെടുപ്പ് കഴിയുന്നതോടെ യു.ഡി.എഫിന് വലിയ റോളുണ്ടാകില്ലെന്നും അദ്ദേഹം പറഞ്ഞു. സംസ്ഥാനത്ത് എൽ.ഡി.എഫിന് അനുകൂലമായ സാഹചര്യം തന്നെയാണെന്നും ഇതിനെ മറികടക്കാൻ ആർക്കും സാധിക്കില്ലെന്നും മുഖ്യമന്ത്രി കൂട്ടിച്ചേർത്തു.